ബംഗളൂരു: വ്യാജ പട്ടയത്തില്‍ ഒപ്പിട്ട് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോര്‍പ്പറേഷന്‍ റവന്യൂ ഓഫീസിന് തീയിടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് നേതാവ് നാരായണസ്വാമിയാണ് ഓഫീസില്‍ പെട്രോളൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ഇയാള്‍ക്കെതിരെ കേസെടുത്തു.എംഎല്‍എയുടെ മകന്‍ യുവാവിനെ തല്ലി അവശനാക്കിയ വിവാദം അടങ്ങും മുമ്പാണ് ബെംഗളൂരുവില്‍ കോണ്‍ഗ്രസിന് മറ്റൊരു തലവേദന.
ഇത്തവണ വില്ലന്‍ കെആര്‍ പുരം ബ്ലോക്ക് പ്രസിഡന്റ് നാരായണസ്വാമി. നാരായണസ്വാമിയുടെ ഭീഷണിയും പ്രകടനവും വെളളിയാഴ്ച ഹൊരമാവൂരിലെ കോര്‍പ്പറേഷന്‍ മേഖല ഓഫീസിലായിരുന്നു. വ്യാജ പട്ടയത്തില്‍ ഒപ്പിടാന്‍ ഉദ്യോഗസ്ഥന്‍ തയ്യാറാകാത്തതോടെ റവന്യൂ ഓഫീസര്‍ ചെങ്കല്‍ രായപ്പയോട് കയര്‍ത്ത് കൈയ്യിലിരുന്ന പെട്രോള്‍ ഓഫീസില്‍ ഒഴിച്ച നാരായണസ്വാമി അവിടെയുണ്ടായിരുന്നവരോട് തീപ്പെട്ടി ചോദിച്ചു. എന്നാല്‍ ആരും തീപ്പെട്ടി കൊടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ഓഫീസറെ ഉടനടി സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തി നേതാവ് മടങ്ങി.ആരും പരാതിപ്പെടാത്തതുകൊണ്ട് സംഭവം പുറത്തറിഞ്ഞില്ല.എന്നാല്‍ നാരായണസ്വാമിയുടെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വിവാദമായി. റവന്യൂ ഓഫീസറുടെ പരാതിയില്‍ ഒടുവില്‍ രാമമൂര്‍ത്തി നഗര്‍ പൊലീസ് കേസെടുത്തു.
Post Your Comments