ബിജെപിക്ക് പുതിയ ആസ്ഥാന മന്ദിരം. ബിജെപി കേന്ദ്ര കമ്മിറ്റി ഓഫീസ് ഇനി മുതൽ 6 എ , ദീൻ ദയാൽ ഉപാധ്യായ മാർഗ് എന്ന വിലാസത്തിലാവും. ഏതാണ്ട് 1981 മുതൽ പാർട്ടി പ്രവർത്തിച്ചുപോരുന്ന അശോക റോഡിലെ പതിനൊന്നാം നമ്പർ വസതിയിൽ നിന്നുള്ള മാറ്റം. പാർട്ടിയെ അതിന്റെ ഏറ്റവും ഉന്നതിയിലെത്തിച്ച മന്ദിരത്തോടാണ് പാർട്ടി വിടചൊല്ലുന്നത്. ഭാഗ്യം സമ്മാനിക്കുന്ന കെട്ടിടങ്ങളോട് അങ്ങിനെയാരും യാത്ര പറയാറില്ല. എന്നാൽ എത്രയോ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇന്നിപ്പോൾ സഫലമാവുന്നത് എന്നതും മറന്നുകൂടാ . പുതിയ പാർട്ടി ആസ്ഥാനത്തിന്റെ ഉദ്‌ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും. ഏതാണ്ട് ഒരു വർഷത്തിനുള്ളിലാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരു കാര്യാലയം സ്വന്തം വീട് പോലെയാണ്. അത് അതുപോലെ നോക്കി നടത്തണം. ഒരു വീട്ടിൽ എന്തെങ്കിലും വിഷമം പിടിപ്പിക്കുന്ന കാര്യമുണ്ടായാൽ അത് കുടുംബത്തെയാകെ ബാധിക്കും. അതുപോലെതന്നെയാണ് പാർട്ടി ഓഫീസുകൾ. തീർച്ചയായും അതൊക്കെ മനസിലാക്കുന്നവരാണ് ബിജെപിക്ക് നേതൃത്വം നൽകുന്നത്.
ബിജെപി കേന്ദ്ര ആസ്ഥാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കുറെ സ്മരണകൾ മനസ്സിൽ ഉയരുന്നുണ്ട്. ജനത പാർട്ടിയോട് വിടപറഞ്ഞ് ബിജെപിക്ക് രൂപം നൽകുമ്പോൾ അതിന് ഒരു ആസ്ഥാനമില്ലായിരുന്നു. അന്ന് രാജേന്ദ്ര പ്രസാദ് റോഡിലെ പത്താം നമ്പർ വസതിയാണ് പാർട്ടി ഓഫീസായത്. അത് മുതിർന്ന ബിജെപി നേതാക്കൾ താമസിച്ചിരുന്ന വീടാണ് . എംപി- മാർക്കുള്ള വസതി. സുന്ദർ സിങ് ഭണ്ഡാരിജി അന്ന് എംപിയാണ്, രാജ്യസഭയിലെ അംഗം. അദ്ദേഹത്തിനായി അനുവദിച്ച വീടാണത്. സംഘ പ്രചാരകന്മാരായ, അല്ലെങ്കിൽ ആയിരുന്ന ബാച്ചലേഴ്‌സ് ആയിട്ടുള്ള ബിജെപി നേതാക്കൾ അവിടെയായിരുന്നു താമസം. സുന്ദർ സിങ് ഭണ്ഡാരി, ജെപി മാത്തൂർ , പ്യാരേലാൽ ഖണ്ഡേൽവാൽ, കൃഷൻ ലാൽ ശർമ്മ തുടങ്ങിയവർ അവിടെയുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പാർട്ടി കാര്യകര്താക്കൾക്ക് ഒന്നോ രണ്ടോ രാത്രി കഴിച്ചുകൂട്ടാനും അവിടെ അനുവാദമുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള ഓ രാജഗോപാൽ, കെജി മാരാർജി, ഏറ്റുമാനൂർ രാധാകൃഷ്ണൻ തുടങ്ങിയവർ അക്കാലത്ത് ഡൽഹിയിലെത്തിയാൽ താമസിക്കാറുള്ളത് അവിടെത്തന്നെ. ഒരിക്കൽ ഞാനും അവിടെ താമസിച്ചിട്ടുണ്ട്. എന്നാൽ അവിടെ ഓഫീസും മുതിർന്ന നേതാക്കളുടെ താമസവും ഒന്നിച്ചുപോകില്ലെന്ന് ബോധ്യമായപ്പോഴാണ് പുതിയ ഓഫീസിനെക്കുറിച്ച് ചിന്തിച്ചത്. അപ്പോഴാണ് 11, അശോക റോഡ് മനസിലെത്തുന്നത്. അതുവരെ അവിടെ താമസിച്ചിരുന്നത് നാനാജി ദേശ്‌മുഖ് ആണ്; ജനതാപാർട്ടി ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ. അപ്പോൾ അദ്ദേഹം പാർലമെന്റ് അംഗവുമായിരുന്നു. സംഘ പ്രചാരകനായിരുന്ന അദ്ദേഹം പിന്നീട് സജീവ രാഷ്ട്രീയം വിട്ട് ദീനദയാൽ റിസർച്ച് ഇന്സ്ടിട്യൂട്ടിന്റെ ചുമതല ഏറ്റെടുത്തു. ആ വസതി അദ്ദേഹത്തിന്റെ പേരിലായിരുന്നുവെങ്കിലും അവിടെ( അശോക റോഡ് വസതിയിൽ) താമസം കുറവ് ; അധികവും സംഘ കാര്യാലയത്തിലും ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റിലും മറ്റുമായിരുന്നു താമസം. അതിനൊരു പ്രത്യേകതകൂടിയുണ്ട്. പിന്നിൽ വലിയൊരു പുൽപ്പരപ്പ്. അതിനു പിന്നിൽ ഒരു സെർവന്റ്സ് ക്വാർട്ടേഴ്‌സ്. പാർട്ടി കാര്യകര്താക്കൾക്ക് താമസിക്കാൻ പിന്നിലെ മുറികൾ ഉപയോഗിക്കുകയും ചെയ്യാം. അതൊക്കെ കണക്കിലെടുത്താണ് അവിടേക്ക് പാർട്ടി ഓഫീസ് മാറുന്നത്. 1981 ലാണത് എന്നാണോർമ്മ. ആ വര്ഷം ബിജെപി ദേശീയ കൗൺസിൽ കൊച്ചിയിൽ നടക്കുമ്പോൾ പാർട്ടി ആസ്ഥാനം അശോക റോഡിലേത് തന്നെയാണ്.
You may also like: കേരളത്തിൽ കോൺഗ്രസുകാർ കൊല്ലപ്പെടുമ്പോൾ തൃപുരയിൽ രാഹുൽ ഗാന്ധി സി.പി.എമ്മിനൊപ്പം; പിണറായിയെ വിലക്കിയതും അതുകൊണ്ടുതന്നെ-മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
എന്റെ അതുമായുള്ള ആദ്യ അടുപ്പം ആ നാഷണൽ കൗൺസിൽ സമ്മേളനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തന്നെയാണ്. അന്ന് എറണാകുളത്ത് എംജി റോഡിലാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ്. അതിന്റെ ചുമതലക്കാരിൽ ഒരാളായി ഞാനും അന്നുണ്ട് . ശിവൻ ചേട്ടൻ എന്ന് വിളിക്കുന്ന വി സദാശിവൻ ആണ് ഓഫീസ് സെക്രട്ടറി. കൂടെ ഞാനും മറ്റ് ചിലരും. വെഞ്ഞാറമ്മൂട് കാരനായ വി സതീശനെ മറന്നുകൂടാ. അന്ന് നാഷണൽ കൗൺസിൽ നടത്താൻ തീരുമാനിച്ചത് മട്ടാഞ്ചേരിയിൽ വെച്ചാണ്. ബിജെപിക്ക് നല്ല സ്വാധീനമുള്ള ഒരു മേഖല എന്നത് മാത്രമല്ല അത്രമാത്രം പ്രവർത്തകരെ ഒന്നിച്ചു ലഭിക്കുന്ന ഒരു സ്ഥലവും അന്ന് എറണാകുളത്ത് കുറവാണ്. മറ്റൊന്ന് മട്ടാഞ്ചേരി മേഖലയിലെ ഗുജറാത്തികൾ എന്നും ബിജെപിയുടെ ഒരു സന്തത സഹചാരികളായിരുന്നു. ധനപരമായും വ്യക്തിപരമായും അത്രയേറെ അവർ ബിജെപിയെ സഹായിച്ചിരുന്നു. പശ്ചിമ കൊച്ചിയുടെ നല്ലകാലമാണത്. അവർ ഇത്തവണയും അരയും തലയും മുറുക്കി രംഗത്തുവന്നു. അന്ന് അവരുടെ വസതികൾ ബിജെപി നേതാക്കൾക്ക് താമസസ്ഥലമായതും ഓർക്കുന്നു. വാജ്‌പേയി, അഡ്വാനി അടക്കമുള്ള എല്ലാ നേതാക്കളും താമസിച്ചത് കൊച്ചിയിലെ ബിജെപി പ്രവർത്തകരുടെയും അനുഭാവികളുടെയും വസതികളിലാണ്. ആർ പ്രകാശ്, എൽ സുരേന്ദ്രൻ, രവീന്ദ്ര മല്ലയ്യ, ജയറാം, ജാവേരി ഭായ് തുടങ്ങിയ പഴയ തലമുറയിലെ സംഘ- ബിജെപി നേതാക്കളെ സ്മരിക്കാതെവയ്യ. വേറെയും അനവധി പേരുണ്ട്; എല്ലാം ഇവിടെ സ്മരിക്കാനാവില്ലല്ലോ. എത്രയോ ദിവസങ്ങളിൽ അഹോരാത്രം അവർ അതിനായി പ്രവർത്തിച്ചു. പ്രവർത്തനം ഏകോപിപ്പിച്ചു. അന്ന് ആ പ്രവർത്തനത്തിനായി മട്ടാഞ്ചേരിയിൽ തുറന്ന സ്വാഗതസംഘം ഓഫിസിന്റെ ചുമതല എനിക്കായിരുന്നു. അതുകൊണ്ട് പലവട്ടം ബിജെപി കേന്ദ്ര കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടാൻ അവസരമുണ്ടായിരുന്നു. അന്ന് കെ എൽ ശർമ്മ ( കിഷൻലാൽ ശർമ്മാജി) ആണ് ഓഫീസിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി. കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് റിട്ടയർ ചെയ്ത എച്ച് എൽ ശർമ്മ ഓഫീസ് സെക്രട്ടറിയും. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി ഓഫീസ് കൊച്ചിയിൽ ഏതാനും ദിവസം നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയിരുന്നു. അന്ന് അതിന്റെ കോ- ഓർഡിനേഷൻ നടത്താൻ നിയുക്തനായതും ഞാനാണ്. അതുകൊണ്ടു ബിജെപി സെൻട്രൽ ഓഫീസിലുള്ളവരുമായി അടുപ്പമായി. അത് പിൽകാലത്ത് പലപ്പോഴും എനിക്ക് പൊതുജീവിതത്തിൽ സഹായകരമായിട്ടുമുണ്ട്. കൊച്ചി സമ്മേളനത്തെ കുറിച്ച് ഒരു ലേഖനം വേണ്ടതാണ്. അത് താമസിയാതെ എഴുതാം. ഇപ്പോഴത്തെ വിഷയം ബിജെപി കേന്ദ്ര കമ്മിറ്റി ഓഫീസാണല്ലോ.
അന്ന് വിദ്യാർഥി മോർച്ചക്ക് കേന്ദ്ര നിലവാരത്തിൽ ഒരു കമ്മിറ്റി ഉണ്ടായിരുന്നു. അതിൽ ഞാനുമുണ്ട്. ഏഴോ എട്ടോ പേർ. മൂന്നോ നാലോ തവണയേ അത് യോഗം ചേർന്നിട്ടുള്ളൂ. അതിനായിട്ടാണ് ആദ്യമായി ഞാൻ ദൽഹി ബിജെപി ആസ്ഥാനത്ത് എത്തുന്നത്. അന്ന് പക്ഷെ താമസത്തിന് നേരത്തെതന്നെ വേറെ സംവിധാനമുണ്ടാക്കിയിരുന്നു. ഞാൻ നേരത്തെ സൂചിപ്പിച്ച രാജേന്ദ്രപ്രസാദ് റോഡിലെ പത്താം നമ്പർ വസതിയിലെത്തിയാൽമതി എന്നായിരുന്നു സന്ദേശം. യോഗം നടന്നിരുന്നത് വെസ്റ്റേൺ കോർട്ടിലെ ഒരു എംപി വസതിയിലും. അതുകൊണ്ട് അവിടെതന്നെ താമസവും തരപ്പെട്ടു. എന്നാൽ പിന്നീട് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ നിർവാഹക സമിതി അംഗവു മായപ്പോൾ പലവട്ടം ഡൽഹിയിൽ പോകേണ്ടിവന്നു. അന്നൊക്കെ താമസം അശോക റോഡ് ഓഫിസിൽ തന്നെ. കെ എൽ ശർമ്മാജി സഹായിച്ചു. അന്ന് അദ്ദേഹവും അവിടെയാണ് താമസം.
എനിക്ക് തോന്നുന്നു, 10 അശോക റോഡ് ഓഫീസിന്റെ രൂപരേഖ നൽകുന്നത് നല്ലതാണ് എന്ന്. മുൻപിൽ ഒരു ചെറിയ കെട്ടിടം….. പൂമുഖമെന്നോ പടിപ്പുര എന്നോ ഒക്കെ പറയാം. ഡൽഹിയിലെ അത്തരം ബംഗ്ലാവുകളുടെ ഒരു ശൈലിയതാണല്ലോ. അതിനിടെ കാറുകളിൽ വന്നിറങ്ങാൻ കഴിയുമാറ് സൗകര്യം. അവിടെനിന്ന് രണ്ടുഭാഗത്തേക്കും കയറാം. പടിഞ്ഞാറുള്ള കെട്ടിടത്തിൽ ചെറിയ മൂന്ന് മുറികളാണുള്ളത്. ഒന്നിൽ ഓഫീസ് സെക്രട്ടറി. മറ്റൊന്നിൽ പിബിഎക്സ് സംവിധാനം. അടുത്തമുറിയിൽ ഒരു ജീവനക്കാരൻ. അയാളാണ് ഓഫീസ് സെക്രട്ടറിയെ സഹായിക്കുക; കണക്കും മറ്റും സൂക്ഷിക്കുന്നതും. പ്രധാന കെട്ടിടത്തിൽ ഒരു വരാന്ത. അതിന് ഇരുപുറവും രണ്ട് ചെറിയ മുറികൾ.( പഴയകാല ഓർമ്മകളാണ് . അതുകൊണ്ടുതന്നെ കഥാപാത്രങ്ങളും പഴയത്.). അതിൽ അന്ന് വലത്തേ മുറിയിലാണ് ദേശീയ ജനറൽ സെക്രട്ടറിയായ കേദാർ നാഥ് സാഹ്നി ഇരിക്കാറുള്ളത്. ഇടതുവശത്തെ മുറിയിൽ സുന്ദർസിംഗ് ഭണ്ഡാരിജി യാണ്. അകത്ത് കയറിയാൽ ഒരു മുറി…. നടുഭാഗത്ത്. അവിടെനിന്ന് മറ്റു മുറികളിലേക്ക് കടക്കാം. വലത്ത് ഭാഗത്ത് മറ്റൊരു മുറി….. അതിലാണ് കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള കെ എൽ ശർമ്മാജി താമസം. ആ മുറിയോട് ചേർന്ന് ഒരു ചെറിയ അടുക്കള. ഇടതേഭാഗത്താണ് ദേശീയ പ്രസിഡന്റിന്റെ മുറി. അതിനോട് ചേർന്ന് ഒരു മുറി; അത് ദൽഹിയിലെത്തുന്ന അല്ലെങ്കിൽ ഡൽഹിയിലുള്ള, ജനറൽ സെക്രട്ടറിമാർക്കും മറ്റും ഇരിക്കാനായിനീക്കിവെച്ചിരിക്കുന്നു. ആർക്കെങ്കിലുമായി ആ മുറി റിസർവ് ചെയ്തിരുന്നില്ല എന്നർത്ഥം. പ്രമോദ് മഹാജൻ, ജെപി മാത്തൂർ, വെങ്കയ്യ നായിഡു തുടങ്ങിയവരെ അവിടെ കണ്ടിട്ടുണ്ട്. തെക്ക് ഭാഗത്തായി നീണ്ട ഒരു ഇടനാഴി ; അത് അടച്ചുകെട്ടിയിരിക്കുന്നു. പിന്നിൽ ഒരു കോമൺ ടോയ്‌ലെറ്റ്. അതിനു പിന്നിൽ ഞാൻ സൂചിപ്പിച്ച പുൽത്തകിടിക്ക് പിന്നിലായി, ഒരു രണ്ടു ചെറിയ മുറികൾ.
പിന്നിലെ രണ്ട് മുറികൾ സർവന്റ്സ് ക്വാർട്ടേഴ്‌സ് ആണെങ്കിലും ബിജെപിയുടെ പ്രധാനികൾക്ക് വാസസ്ഥലമായത് അതാണ്. കെഎൻ ഗോവിന്ദാചാര്യ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ താമസിച്ചത് അവിടെയാണ്. പിന്നീട് ആ ചുമതലയിലേക്ക് നരേന്ദ്ര മോഡി വന്നപ്പോഴും അവിടെത്തന്നെയായിരുന്നു താമസം. ആ ചെറിയ മുറിയിൽ ഒരു പ്ലാസ്റ്റിക് കയർ ( ദൽഹി സ്പെഷ്യൽ )കട്ടിലിൽ ഉറങ്ങുന്ന ആ നേതാക്കളെ അന്ന് കണ്ടിട്ടുണ്ട്. കൂട്ടായി ഒരു എസി പോലും അന്നില്ല; ആകെയുള്ളത് ഒരു പെഡസ്റ്റൽ ഫാൻ. വേനലായാൽ ആ പ്ലാസ്റ്റിക്ക് കയർ കട്ടിൽ പുറത്തിട്ട് പുൽത്തകിടിയിൽ വന്നുകിടക്കുന്ന ഗോവിന്ദാചാര്യയും നരേന്ദ്ര മോദിയും പലരുടെയുംമനസിലുണ്ടാവും. എനിക്കും അവർ രണ്ടുപേർക്കുമൊപ്പം അവിടെ കഴിഞ്ഞുകൂടാനുള്ള സൗഭാഗ്യം പലവട്ടമുണ്ടായിട്ടുണ്ട്. അവർ കിടക്കുന്നതിനോട് ചേർന്നുള്ള മുറിയിൽ രണ്ട് ഓഫീസ് ജീവനക്കാരുണ്ട്. ഒരാൾ അലഹബാദ് സ്വദേശിയായ ബിജെപി ആസ്ഥാനത്തെ ഡ്രൈവർ. മുസ്ലിം ആണ്. പേര് ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല, ഷാനവാസ് ആണ് എന്ന് സംശയം.
പിന്നീട് ആ ഓഫീസിൽ സൗകര്യം പോരാതെവന്നപ്പോൾ അതിനോട് ചേർന്നുള്ളഒൻപത്, അശോക റോഡ് എന്ന വസതികൂടി ബിജെപിയുടേതായി. എംപി എന്ന നിലക്ക് അരുൺ ജെയ്‌റ്റിലിക്ക് അനുവദിച്ചതാണത്. അദ്ദേഹത്തിന് സ്വന്തം വസതിയുള്ളതിനാൽ ഇത് പാർട്ടിക്ക് വിട്ട് കൊടുത്തു. അതിലാണ് പിന്നീട് മുഴുവൻ സമയ പ്രവർത്തകരും മറ്റും താമസിച്ചിരുന്നത്. ഒരു കൂട്ടായ്മതന്നെയായിരുന്നു ആ കെട്ടിടം. ഇടക്കാലത്ത് ജന കൃഷ്ണമൂർത്തി പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നപ്പോഴും പിന്നീട് കുറച്ചുനാൾ പാർട്ടി അധ്യക്ഷനായപ്പോഴും അതായിരുന്നു കേന്ദ്രം. കുശഭാവു താക്കറെ ജനറൽ സെക്രട്ടറിയും പ്രസിഡന്റും ആയിരുന്നപ്പോഴും അവിടെത്തന്നെയാണ് താമസിച്ചിരുന്നത്. പാർട്ടി വക്താവായി പ്രകാശ് ജാവ്‌ദേക്കറും മറ്റും ഡൽഹിയിലേക്ക് താമസം മാറ്റിയപ്പോൾ അവിടെയായിരുന്നു താമസം.
പാർട്ടി വളരുന്നു; സ്വന്തമായ ഒരു ആസ്ഥാന മന്ദിരം വേണമെന്ന് പലവട്ടം ചിന്തിച്ചതാണ്. ഡൽഹിയിൽ സ്വന്തമായി പാർട്ടി ആസ്ഥാനമുള്ളത് ഒരു പക്ഷെ സിപിഎമ്മിന് മാത്രമാവും. ബാക്കിയൊക്കെ സർക്കാർ വസതികളിൽ കഴിഞ്ഞുകൂടുന്നു. അങ്ങിനെയാണ് പാർട്ടികൾക്ക് വിലയ് ക്ക് സ്ഥലം കൊടുക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് ദീനദയാൽ ഉപാധ്യായ മാർഗിൽ ബിജെപി അത് തരപ്പെടുത്തിയത്. അമിത് ഷാ അധ്യക്ഷനായപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും സ്വന്തം (ബിജെപി വകയായിത്തന്നെ ) ഓഫീസ് വേണമെന്ന് നിഷ്കർഷിച്ചിരുന്നു. മോശമായത് പുതുക്കിപ്പണിയാനും തീരുമാനിച്ചു. അതിന് കുറെയൊക്കെ കേന്ദ്ര കമ്മിറ്റിയുടെ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു എന്നാണ് കേട്ടിരുന്നത്. കേരളത്തിൽ സ്വന്തമായി ഓഫീസ് ഇല്ലാത്ത ഒരേയൊരു ജില്ലാ എറണാകുളമാണ്. അവരിപ്പോൾ അതിന് ശ്രമിക്കുന്നതായി കേട്ടു. തലസ്ഥാനത്ത് ബിജെപി സംസ്ഥാന ആസ്ഥാന മന്ദിരം പുതുക്കി പണിയാനും തീരുമാനമായി. നിർമ്മാണ പ്രവർത്തനം തുടങ്ങിയെന്നാണ് കേട്ടത്. അമിത് ഷാ തന്നെയാണ് പുതിയകെട്ടിടത്തിന് തറക്കല്ലിട്ടത്.
എനിക്ക് തോന്നുന്നു തിരുവനന്തപുരത്ത് സ്വന്തമായി ഒരു കെട്ടിടം ബിജെപി വാങ്ങിയതും ഇപ്പോൾ സ്മരിക്കേണ്ടതുണ്ട് എന്ന്. 1984 ലാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മാറുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടി ഓഫീസുകളും ആദ്യകാലത്ത് എറണാകുളത്തായിരുന്നു…. കെപിസിസി അടക്കം. അതൊക്കെ പിന്നീട് തലസ്ഥാനത്തേക്ക് പോയി. അതിന്റെ പിന്നാലെയാണ് ബിജെപിയും മാറുന്നത്. അതിനായി ഒരു കെട്ടിടം വാടകക്ക് എടുത്തത് സെക്രട്ടറിയേറ്റിന് എതിർവശത്ത് , യൂണിവേഴ്സിറ്റി കോളേജിന് തെക്ക് ഭാഗത്ത്, ട്യൂട്ടേഴ്‌സ് ലൈനിലാണ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായിരുന്ന പിഎൻ സുകുമാരൻ നായരുടെ മരുമകൻ അന്ന് ഹൌസിങ് ബോർഡിലാണ്. അവർ ഉപയോഗിച്ചിരുന്ന കെട്ടിടമാണിത്. ഹൌസിങ് ബോർഡിന് ശാന്തി നഗറിൽ സ്വന്തം ആസ്ഥാനമായി. എന്നാൽ ഇത് വിട്ടുകൊടുത്തില്ല. അത് സ്വാധീനമുപയോഗിച്ച് ഒഴിപ്പിച്ചതിന് ശേഷമാണു ബിജെപി വാടകക്ക് എടുക്കുന്നത്. തിരുവനന്തപുരത്തെ കെ അയ്യപ്പൻ പിള്ള സാറിന് പരിചയമുള്ള ഒരു സ്ത്രീയുടെ കെട്ടിടം. ആ അമ്മ, ഡൽഹിയിൽ മക്കളുടെയൊപ്പമാണ്. അവരെ കണ്ട് അത് വാടകക്ക് വാങ്ങി….. എനിക്ക് തോന്നുന്നു 1500 രൂപയാണ് മാസ വാടക. ഓർമ്മ അങ്ങിനെയാണ്. ഏതാണ്ട് 28 സെന്റ് കണ്ണായ സ്ഥലം. രാജേട്ടൻ, ഓ രാജഗോപാൽ, ആണ് ആ ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. ആ ഓഫീസിന്റെ ചുമതലക്കാരനായി ആദ്യം നിയോഗിക്കപ്പെട്ടത് ഞാനായിരുന്നുതാനും.
അവിടെ അഡ്വാനിജി ഒരിക്കൽ വന്നു; അദ്ദേഹത്തിന് കെട്ടിടവും മറ്റും നന്നേ ഇഷ്ടമായി. “ഇത് സ്വന്തമായി വാങ്ങിക്കാൻ നോക്കൂ” എന്നും പറഞ്ഞാണ് അഡ്വാനിജി മടങ്ങിയത്. പിന്നാലെ സുന്ദർ സിങ് ഭണ്ഡാരിജി യുമെത്തി. അദ്ദേഹം അന്ന് ഉറപ്പിച്ചു; ഇത് നമുക്ക് വാങ്ങണം. എന്നാൽ അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ അന്ന് കേരളത്തിലെ ബിജെപിക്കാവുമായിരുന്നില്ല. സാമ്പത്തിക നില അത്രക്ക് മോശം. കഷ്ടിച്ച് ദൈനം ദിന കാര്യങ്ങൾ നടത്താൻ പോലും പ്രയാസപ്പെടുന്ന കാലഘട്ടം. എ സി കമ്പാർട്ട്മെന്റ് കാണാത്ത നേതാക്കളാണ് അന്ന് ബിജെപിക്കുള്ളത്. ബസിലും രണ്ടാം ക്‌ളാസിൽ തീവണ്ടിയിലും യാത്ര ചെയ്യുന്നവർ. എന്നാൽ ഭണ്ഡാരിജി അനുഗ്രഹിച്ചു; കേന്ദ്രകമ്മിറ്റി കുറെ പണം കടം നൽകി. സുന്ദർസിംഗ് ഭണ്ഡാരിജി തന്നെ ഡൽഹിയിലുള്ള ഉടമസ്ഥയുമായി സംസാരിച്ചു. അങ്ങിനെ വിലകുറച്ചുകിട്ടുകയും ചെയ്തു. അടുത്തതവണ ബിജെപി അംഗത്വം പുതുക്കുന്ന വേളയിൽ ഓരോ മെമ്പർമാരിൽ നിന്നും അംഗത്വ ഫീസിന്റെ ഇരട്ടിവീതം വാങ്ങിയയാണ് കേന്ദ്ര കമ്മിറ്റിയുടെ ആ കടം തീർത്തത്. അപ്പോഴും പറയട്ടെ, അത് സ്വന്തമാക്കുന്നതിൽ കെ രാമൻ പിള്ളസാറും, അതിലേറെ കെ അയ്യപ്പൻ പിള്ള സാറും വഹിച്ച പങ്ക് വിസ്മരിക്കുക വയ്യ. അവരുടെ പ്രയത്നത്തിന്റെ ഫലമാണിത് എന്ന് പറയേണ്ടതുണ്ട്. പിന്നീടാണ് തമ്പാനൂരിൽ കെജി മാരാർ സ്മൃതി മന്ദിരം നിൽക്കുന്ന കെട്ടിടം വാങ്ങിയത്. പിപി മുകുന്ദേട്ടൻ സംഘടനാ ചുമതല വഹിക്കുന്ന കാലത്താണത്. എന്റെ ഓർമ്മ ശരിയെങ്കിൽ അന്ന് കെവി ശ്രീധരൻ മാസ്റ്റർ ആയിരുന്നു പ്രസിഡന്റ്. അതാവട്ടെ മുകുന്ദേട്ടന്റെ തീവ്ര ശ്രമത്തിന്റെ ഫലവും. ഇന്നത്തെ ആ സ്ഥലത്തിന് ഏവരും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു, സംശയമില്ല.
ഡൽഹിയിൽ ഇന്നിപ്പോൾ രണ്ടേക്കറുള്ള ഒരു സ്ഥലമാണ് പുതിയ ബിജെപി കേന്ദ്ര ആസ്ഥാനം. എഴുപത് മുറികൾ. സമ്മേളനങ്ങൾക്ക് വെവ്വേറെ സൗകര്യങ്ങൾ. നേതാക്കൾക്ക് താമസിക്കാനും ഓഫീസിനുമായി വേണ്ടതെല്ലാം. ശരിയാണ്,അങ്ങിനെയാവണം പാർട്ടി ഓഫീസുകൾ. കാലത്തിനൊത്ത് അത് ചലിക്കണമല്ലോ. അങ്ങിനെയൊക്കെ ചിന്തിക്കുന്നയാളാണ് പാർട്ടി അധ്യക്ഷൻ അമിത് ഷാ. അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന്റെ ഒട്ടേറെ അനുഭവങ്ങൾ ബിജെപിക്കാർക്ക് ഉണ്ടാവും. അതിലൊന്നാണ് ഈ കാര്യാലയവും. അഭിമാനിക്കാവുന്ന നിമിഷം തന്നെയാണിത്, സംശയമില്ല.
Post Your Comments