കോഴിക്കോട്: സിപിഎമ്മിനും വടകര റൂറൽ എസ് പിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഡ്വ ടി സിദ്ധിക്ക്. ജനിച്ചാല്‍ വെട്ടിക്കൊല്ലും ജനിക്കുന്നതിന് മുമ്പ് ചവിട്ടിക്കൊല്ലുമെന്ന അവസ്ഥയിലാണ് കേരളത്തിലെ ക്രമസമാധാന നില സി പി എം എത്തിച്ചിരിക്കുന്നത്. കൊലപാതകികള്‍ക്കുവേണ്ടി ഭരിക്കുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേത്. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊലചെയ്യപ്പെട്ട സ്ഥലത്തെത്തി അന്വേഷണം നടത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയേക്കാള്‍ തരംതാണിരിക്കുകയാണ് വടകര റൂറല്‍ എസ് പി.
സി പി എമ്മിന്റെ കൂടെ കക്ഷിചേര്‍ന്ന് ജില്ലയില്‍ പൊലീസിനെ രാഷ്ട്രീയവത്കരിച്ചതിന്റെ പ്രഭവകേന്ദ്രം റൂറല്‍ എസ് പിയാണ്. ഒഞ്ചിയം മേഖലയില്‍ സി പി എം അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പൊലീസ് എല്ലാ ഒത്താശയും ചെയ്യുകയാണെന്ന് സിദ്ദിഖ് ആരോപിച്ചു. ന്യൂനപക്ഷ ക്ഷേമം പ്രസംഗിക്കുന്ന സി പി എം തന്നെയാണ് അസ്ലമിനെയും അരിയില്‍ ഷുക്കൂറിനെയും ഫസലിനെയും ഏറ്റവും ഒടുവില്‍ ഷുഹൈബിനെയും വധിച്ചത്. ഇരകള്‍ക്കൊപ്പം നിലകൊള്ളാതെ വേട്ടക്കാരോട് അഡാര്‍ ലൗ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.
ഓര്‍ക്കാട്ടേരി മേഖലയില്‍ ആര്‍ എം പി പ്രവര്‍ത്തകരെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. സംരക്ഷിക്കാനാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം ആര്‍ എം പി നേതാവ് എന്‍ വേണുവിനെതിരെ കേസെടുത്തു. കോടഞ്ചേരിയില്‍ ഗര്‍ഭിണിയുടെ വയറിന് ചവിട്ടി ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ സി പി എം പ്രാദേശിക നേതാക്കളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഒഞ്ചിയം, കോടഞ്ചേരി സംഭവങ്ങളില്‍ സി പി എം ഒന്നാം പ്രതിയും പൊലീസ് രണ്ടാം പ്രതിയുമാണ്.
മന:പൂര്‍വം കലാപമുണ്ടാക്കാനായി ജില്ലാ സെക്രട്ടറിയെ വധിക്കാന്‍ ശ്രമിച്ചതും ജില്ലാ കമ്മിറ്റി ഓഫിസിന് ബോംബെറിഞ്ഞതും പാര്‍ട്ടിക്കാര്‍ തന്നെയാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. നാളിതുവരെ സംഭവത്തില്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി.വാർത്ത സമ്മേളനത്തിലാണ് സിദ്ധിഖിന്റെ ആരോപണം.
Post Your Comments