Latest NewsNewsIndia

മരണശേഷം കുട്ടികളുടെ അച്ഛനായി : യുവാവിന്റെ കുടുംബത്തെ കാത്തിരുന്നത് ഇരട്ടി മധുരം

പൂനെ : മകന്റെ മരണത്തില്‍ തളര്‍ന്നിരിക്കാന്‍ തയ്യാറാകാതെ ആ അമ്മ കാണിച്ച മനസിന്റെ ഉറപ്പാണ് അവരെ ഇപ്പോള്‍ ഒരു മുത്തശിയാക്കിയത്. 27ാം വയസില്‍ ബ്രയിന്‍ ട്യൂമര്‍ വന്നാണ് പൂനെ സ്വദേശിയായ പ്രതമേഷ് മരിക്കുന്നത്. മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ യുവാവ് ഇരട്ടകുട്ടികളുടെ അച്ഛനായി. രോഗാവസ്ഥയിലായ സമയത്ത് യുവാവിന്റെ ബീജത്തെ ഐവിഎഫ് ചികിത്സയിലൂടെ വാടക ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു. രോഗം അവസാനഘട്ടത്തിലെത്തിയപ്പോഴാണ് മകന് ബ്രയിന്‍ ട്യൂമറാണെന്ന് കുടുംബം തിരിച്ചറിയുന്നത്.

യാതൊരു ചികിത്സയും ഫലം കാണാത്ത വിധത്തില്‍ രോഗം മൂര്‍ഛിച്ചിരുന്നു. മകനെ വിട്ടുപിരിയുന്നതില്‍ ദുഃഖിതയായ അമ്മയ്ക്ക് ആശുപത്രി അധികൃതരാണ് പ്രതമേഷിന്റെ ബീജം സൂക്ഷിച്ചുവെക്കാമെന്നും അങ്ങനെ മകനിലൂടെയുള്ള കുഞ്ഞിനെ കാണാമെന്നും നിര്‍ദേശം വെച്ചത്. അങ്ങനെയെങ്കിലും തന്റെ മകന്റെ ഓര്‍മകളെ തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആ അമ്മ. അങ്ങനെ സൂക്ഷിച്ചുവെച്ച ബീജങ്ങള്‍ക്ക് ഐവിഎഫിലൂടെ പുതുജീവന്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ രാജശ്രീക്കൊപ്പം നിന്നു. അങ്ങനെയാണ് പ്രതമേഷ് മരണാനന്തരം ഒരച്ഛനാകുന്നതും 48കാരിയായ അമ്മ രാജശ്രീ രണ്ട് വര്‍ഷങ്ങള്‍ക്ക ശേഷം പ്രിയപ്പെട്ട മകന്റെ കുഞ്ഞിന് അമ്മൂമ്മയുമായത്.

‘ഞാനും മകനും തമ്മില്‍ വളരെ അടുത്ത കൂട്ടുകാരെ പോലെയായിരുന്നു. ജര്‍മനിയില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനൊരുങ്ങുമ്പോഴാണ് അവന് രോഗം സ്ഥിരീകരിക്കുന്നത്. കീമോതെറാപ്പിയും റേഡിയേഷനും ആരംഭിക്കുന്നതിന് മുമ്പ് അവന്റെ ബീജങ്ങള്‍ സൂക്ഷിക്കാമെന്ന നിര്‍ദേശം ഡോക്ടര്‍മാരാണ് മുന്നോട്ടുവെക്കുന്നത്. പ്രതമേഷ് അതിന് സമ്മതം മൂളി’, രാജശ്രീ പറയുന്നു. ആദ്യം മകന്റെ കുഞ്ഞിനെ സ്വന്തം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. പ്രായം തടസമായതിനാല്‍ അത് സഫലമായില്ല.

തുടര്‍ന്ന് കുടുംബത്തിലെ അകന്ന ബന്ധു ഗര്‍ഭം ധരിക്കാമെന്ന സമ്മതത്തോടെ രാജശ്രീയെ സമീപിച്ചു. അങ്ങനെ അവരുടെ കാരുണ്യത്താല്‍ മറ്റൊരു ഗര്‍ഭപാത്രത്തില്‍ പ്രതമേഷിന്റെ ജീവന് തുടര്‍ച്ചയുണ്ടാവുകയായിരുന്നു. ആ സന്തോഷം ഇരട്ടിയാക്കാന്‍ ഇരട്ട കുഞ്ഞുങ്ങളെയാണ് കുടുംബത്തിന് ദൈവം സമ്മാനിച്ചത്. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ആണ്‍കുട്ടിക്ക് രാജശ്രീ മകന്റെ പേരിട്ടു. പ്രതമേഷ്. പെണ്‍കുട്ടിക്ക് പ്രീഷയെന്നും. ദൈവത്തിന്റെ സമ്മാനമെന്നാണ് പ്രീഷയുടെ അര്‍ഥം.

അമ്മ രാജശ്രീയെയും സഹോദരി ധ്യാന ശ്രീയെയും ആണ് മരണാനന്തരം ബീജമുപയോഗിക്കാന്‍ അവകാശപ്പെടുത്തിയിരുന്നത്. അപ്പോഴും മരിച്ചു പ്രതമേഷിനെ വീണ്ടെടുക്കാമെന്ന സ്വപ്നതുല്യമായ അവസ്ഥയിലെത്തുമെന്ന് അവരാരും പ്രതീക്ഷിച്ചതേയില്ല. 2016ലാണ് പ്രതമേഷിന് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. സെപ്റ്റംബറില്‍ അവന്‍ മരിക്കുകയും ചെയ്തു. ‘എന്റെ മകളെ അവന്റെ മരണ ശേഷം സന്തോഷവതിയായി കണ്ടിട്ടേയില്ല. എന്റെ ലോകവും ചുരുങ്ങി. അങ്ങനെയാണ് സൂക്ഷിച്ചുവെച്ച ബീജങ്ങളിലൂടെ അവനെ വീണ്ടെടുക്കാമെന്ന ആ തീരുമാനം ഞങ്ങളെടുക്കുന്നത്’, രാജശ്രീ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button