കോടഞ്ചേരി: അക്രമികളുടെ ചവിട്ടേറ്റ് യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നു എന്നാരോപിച്ചു യുവതിയും കുടുംബവും സത്യാഗ്രഹം ആരംഭിച്ചു.ആരോപണ വിധേയര്‍ സിപിഎമ്മുകാരായതു കൊണ്ട് അന്വേഷണം പോലും നടക്കുന്നില്ലെന്നും ഇതിനെതിരെ കേസിലെ മുഴുവന്‍ പ്രതികളെയും പിടിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സ്റ്റേഷനു മുന്നില്‍ കുടില്‍ കെട്ടി സമരം തടരുകയുമാണ്.
വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറി ആക്രമണം നടത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായ തേനാംകുഴിയില്‍ സിബി ചാക്കോയും കുടുംബവും കോടഞ്ചേരി പൊലീസ് സ്റ്റേഷനു മുന്‍പില്‍ സമരം നടത്തിയത്.അക്രമിസംഘത്തിന്റെ ചവിട്ടേറ്റ് നാലുമാസമായ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തിലെ മൂന്നാം പ്രതിയാണ് സിപിഎം കല്ലന്തറമേട് ബ്രാഞ്ച് സെക്രട്ടറിയായ തമ്പി.
തമ്പിയുടെ നേതൃത്വത്തിലെത്തിയ ഏഴംഗ സംഘത്തിന്റെ അക്രമത്തിലാണ് തേനംകുഴി സിബിയുടെ ഭാര്യ ജ്യോത്സനയുടെ നാഭിക്ക് ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിച്ചത്. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പിയെ രക്ഷിക്കാന്‍ പൊലീസ് ശ്രമമെന്നാണ് ആരോപണം. തമ്പിയെ കേസില്‍ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി പൊലീസ് തന്നെ രംഗത്തെത്തിയതായാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞമാസം 28 ന് രാത്രിയിലാണ് താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്ക്കും ഭാര്യ ജ്യോല്‍നസനയ്ക്കും രണ്ട് മക്കള്‍ക്കും മര്‍ദനമേറ്റത്.
അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗര്‍ഭിണിയായ ജ്യോല്‍സനയുടെ വയറില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് രക്തസ്രാവമുണ്ടായി. ജ്യോല്‍സനയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും നാല് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു. ഒരാഴ്ചത്തെ ചികില്‍സയ്ക്കു ശേഷമാണ് കുടുംബത്തിന് ആശുപത്രി വിടാനായത്.
സിബിയുടെ ഭാര്യയുടെ പരാതി പ്രകാരം അയല്‍വാസിയായ നക്ളിക്കാട്ട്കുടിയില്‍ പ്രജീഷ് ഗോപാലനെ (37) കോടഞ്ചേരി പൊലീസ് പിടികൂടിയിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ അഞ്ചു പ്രതികളെക്കൂടി പിടികൂടാനുണ്ട്. എന്നാൽ പ്രതികളെ സിപിഎം രക്ഷിക്കുന്നു എന്നത് കുപ്രചരണം ആണെന്ന് സിപിഎം കോടഞ്ചേരി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി വ്യക്ത്തമാക്കി.
Post Your Comments