Latest NewsKeralaNews

മുത്തച്ഛനൊപ്പം പോയ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമം : യുവാവ് അറസ്റ്റിൽ

കൊച്ചി: മുത്തച്ഛനൊപ്പം പോയ നാലു വയസ്സുകാരനെ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്നുള്‍ റഹ്മാനെയാണ് (31) നാട്ടുകാര്‍ പിടികൂടിയത്. ഇയാളെ പാലാരിവട്ടം പൊലീസിന് കൈമാറി.കൊച്ചുമകന്റെ കൈ പിടിച്ച് മുടിവെട്ട് കടയില്‍ നിന്നു മടങ്ങുകയായിരുന്നു മുത്തച്ഛന്‍. ഇതിനിടെ പിന്നാലെ ഓടിയെത്തിയ യുവാവ് കുട്ടിയെ വാരിയെടുക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മുത്തച്ഛനെ തള്ളിയിടുകയും ചെയ്തു.

സംഭവം കണ്ട പരിസരവാസികള്‍ ഓടിയെത്തി മുഹമ്മദ് ഇബ്നുളിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. മാനസികാസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു.

കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് തൃശ്ശൂരിലേക്കു കൊണ്ടുപോയത്. ആസാം സ്വദേശിയാണെന്ന് കരുതുന്ന ഇയാളെ തമ്മനം പള്ളിക്കു മുന്നില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് വിവരങ്ങള്‍ ശേഖരിച്ചു വിട്ടയച്ചിരുന്നതായി പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button