KeralaLatest NewsNews

ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കോ? സൂചനകള്‍ ഇങ്ങനെ

ദുബായി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. സൂചനകളനുസരിച്ച് പണം നഷ്ടപ്പെട്ട യു.എ.ഇ പൗരന് നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്. സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായ യു.എ.ഇ സ്വദേശികളും ബിനോയ് കോടിയേരിയുമായി അടുപ്പമുള്ളവരും ഡല്‍ഹിക്കു പുറമെ കോട്ടയം കുമരകത്തുള്ള ആഡംബര ഹോട്ടലിലും ചര്‍ച്ച നടത്തിയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്. ഗള്‍ഫിലെ ഒരു വ്യവസായിയുടെ മധ്യസ്ഥതയിലാണ് യു.എ.ഇ സംഘം കേരളത്തിലെത്തിയത്. ബിനോയിക്കുവേണ്ടി സാമ്പത്തികസഹായം ചെയ്യാന്‍ തയാറാണെന്ന് വ്യവസായ പ്രമുഖര്‍ സമ്മതിച്ചിട്ടുണ്ടെന്ന് പരാതിക്കാരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Read Also: ബിനോയ് കോടിയേരി വിവാദം : സംസ്ഥാനം ഉറ്റു നോക്കിയ മര്‍സൂഖിയുടെ വാര്‍ത്താ സമ്മേളനം നടക്കില്ല : പിന്നില്‍ ചില കാരണങ്ങള്‍

കോട്ടയത്തെ ചര്‍ച്ചക്കുശേഷം ഡല്‍ഹിക്ക് പോയ സംഘം സി.പി.എം ജനറല്‍ സെക്രട്ടറിയെയും കാര്യങ്ങള്‍ ധരിപ്പിച്ചശേഷമാണ് യു.എ.ഇയിലേക്ക് മടങ്ങിയത്. ആരോപണവിധേയരുമായി ബന്ധപ്പെട്ടവരോടും അന്നുതന്നെ സീതാറാം യെച്ചൂരി നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വാര്‍ത്തസമ്മേളനം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ കടുത്ത നിലപാടിലേക്ക് നീങ്ങിയ സംഘത്തോട് ഏതുവിധേനയും ഒത്തുതീര്‍പ്പില്‍ എത്താനുള്ള നിര്‍ദേശമാണ് സി.പി.എം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ നല്‍കിയതെന്നാണ് യു.എ.ഇ സംഘം നല്‍കുന്ന സൂചന. ഇതോടെയാണ് ഈമാസം 10നുമുമ്പ് കേസ് ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്ന് അവര്‍ പറയുന്നു.

യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ ബിനോയ് കോടിയേരിക്ക് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ 1.71 കോടി രൂപ ഉടന്‍ നല്‍കേണ്ട സ്ഥിതിയാണ്. പണം നല്‍കിയില്ലെങ്കില്‍ ജയില്‍ശിക്ഷയിലേക്ക് കാര്യങ്ങള്‍ നീങ്ങാനും സാധ്യതയുണ്ട്. ഇതിന് പുറമെ വിവാദം എത്രയും വേഗം അവസാനിപ്പിക്കണമെന്ന സി.പി.എം നേതാക്കളുടെ ആവശ്യവും ഒത്തുതീര്‍പ്പ് നടപടികള്‍ക്ക് ആക്കംകൂട്ടി.

 

shortlink

Post Your Comments


Back to top button