തിരുവനന്തപുരം•’മെഡിക്കല്‍ കോളേജ് ഇടനാഴിയില്‍ വീണുടയുന്ന ജീവിതങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ മുമ്പാരോ തയ്യാറാക്കിയ തിരക്കഥ ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. വായിക്കുന്നവര്‍ വീണുപോകുന്ന തരത്തിലാണ് പൊടിപ്പും തൊങ്ങലും വച്ച് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനേയും രാപ്പകല്‍ ഓരോ ജീവന് വേണ്ടിയും കഷ്ടപ്പെടുന്ന അനേകായിരം ജീവനക്കാരേയും അപമാനിക്കുന്ന തരത്തില്‍ കഥ പുരോഗമിക്കുന്നത്.
പുറ്റിങ്ങല്‍ അപകട സമയത്തും പകര്‍ച്ചപ്പനി കാലയളവിലും ഇക്കഴിഞ്ഞ ഓഖി ചുഴലിക്കാറ്റിലുംപ്പെട്ട നൂറുകണക്കിന് പേരെയാണ് മരണക്കയത്തില്‍ നിന്നും ഒരു ഇടനാഴിയിലും പെടാതെ രക്ഷിച്ചെടുത്തത്. പുറ്റിങ്ങല്‍ അപകടത്തിലെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ ഡല്‍ഹിയിലെ എയിംസ് സംഘം നേരിട്ട് കണ്ട് അഭിനന്ദിച്ചത് ഓര്‍ക്കുമല്ലോ. ഇക്കഴിഞ്ഞ പകര്‍ച്ചപ്പനിക്കാലത്ത് 14,000 ഡെങ്കിപ്പനി ബാധിതരുള്‍പ്പെടെ 30,000ലധികം പേരാണ് വിവിധ പനികള്‍ ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്. ഗുരുതരാവസ്ഥയിലെത്തിച്ചവരെപ്പോലും രക്ഷപ്പെടുത്തി മരണ നിരക്ക് പരമാവധി കുറക്കുവാന്‍ കഴിഞ്ഞിരുന്നു. ഓഖിയിലാകട്ടെ ജീവന്റെ തരിമ്പെങ്കിലും ഉണ്ടായിരുന്ന നിലയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച 99 ശതമാനത്തിലധികം പേരേയും രക്ഷപ്പെടുത്താനായത് മെഡിക്കല്‍ കോളേജിന്റെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം ഒന്നുകൊണ്ട് മാത്രമാണ്. ആകെ മരണമടഞ്ഞത് അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്ന ഒരാള്‍ മാത്രമാണ്. സ്ഥിരം നോക്കേണ്ട രോഗികള്‍ക്ക് പുറമേയാണ് ഇവിടത്തെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ അധിക സമയം ജോലി ചെയ്ത് ഇവരെ ശുശ്രൂഷിച്ചത്.
മിക്ക രോഗികളേയും അതീവ ഗുരുതരാവസ്ഥയില്‍ അവസാന അഭയമായാണ് മെഡിക്കല്‍ കോളേജിലെത്തിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ 1300 ഓളംപേരും ഒപിയില്‍ 6,000 ത്തോളം പേരുമാണ് ദിവസേന ചികിത്സയ്ക്കായെത്തുന്നത്. ഇവിടത്തെ വിദഗ്ധ ചികിത്സയും പരിചരണവും ഒന്നുകൊണ്ടു മാത്രം നൂറുകണക്കിന് പേരാണ് മരണക്കയത്തില്‍ നിന്നും ദിവസവും സുഖം പ്രാപിച്ച് പോകുന്നത്. മരണത്തിന്റെ ശതമാനം കണക്കാക്കിയാല്‍ പതിനായിരത്തില്‍ ഒരാളായിരിക്കും. ഇങ്ങനെ രക്ഷപ്പെട്ടുപോകുന്നവരുടെ വിശ്വാസമാണ് മെഡിക്കല്‍ കോളേജില്‍ വീണ്ടും വീണ്ടും രോഗികളുടെ ബാഹുല്യമുണ്ടാകുന്നത്. മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയില്‍ അസൂയാലുക്കളായ സ്വകാര്യ ആശുപത്രികളുള്‍പ്പെടെയുള്ളവര്‍ക്ക് വളരാന്‍ മാത്രമേ ഈ പ്രചരണം സഹായിക്കുകയുള്ളൂ.
ഇനി കഥയിലെ സത്യത്തിലേക്ക്…
പണ്ടത്തെ അവസ്ഥയല്ല മെഡിക്കല്‍ കോളേജിലിപ്പോഴുള്ളത്. സ്ഥല പരിമിതിമൂലം വിവിധ പരിശോധനാ സ്ഥലങ്ങള്‍ വെവ്വേറെ സ്ഥലങ്ങളിലാണ് അന്ന് സ്ഥാപിച്ചിരുന്നത്. രോഗികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് അവ ദ്രുതഗതിയില്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പല സ്ഥലങ്ങളില്‍ അലയാതെ തന്നെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ ലഭ്യമാകുന്നതാണ്. അത്യാഹിത വിഭാഗത്തിനോട് ചേര്‍ന്ന് ഫാര്‍മസി, ഡിജിറ്റല്‍ എക്‌സ്‌റേ, ലാബ് സംവിധാനം, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം ഓപ്പറേഷന്‍ തീയറ്ററിലും അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സംവിധാനമുണ്ട്.
മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സാങ്കേതിക വിദ്യയോടെ വിവിധ പരിശോധന ഫലങ്ങള്‍ യഥാസമയം അറിയാനുള്ള സംവിധാനം നിലവിലുണ്ട്. പാക്‌സ് സമ്പ്രദായം, എസ്.എം.എസ്., മൊബൈല്‍ ആപ്പ് എന്നിവ വഴിയാണ് പരിശോധനാ ഫലങ്ങള്‍ അറിയാന്‍ കഴിയുന്നത്. എച്ച്.ഡി.എസ്. ലാബ്, എക്‌സ്‌റേ, സി.ടി. സ്‌കാനിംഗ്, എം.ആര്‍.ഐ. സ്‌കാനിംഗ് എന്നിവിടങ്ങളിലെ വിവിധ പരിശോധനാ ഫലങ്ങള്‍ അപ്പപ്പോള്‍ വാര്‍ഡിലുള്ള ഡോക്ടറുടെ കമ്പ്യൂട്ടറില്‍ എത്തുന്നു. അതേസമയം തന്നെ കൂട്ടിരുപ്പുകാരുടെ മൊബൈലില്‍ മെസേജും വരുന്നു. ബില്‍ നമ്പരോ പേരോ നോക്കി പരിശോധനാ ഫലം എടുക്കാം. ഇത് വിലയിരുത്തി സമയം വൈകാതെ തന്നെ ഡോക്ടര്‍ക്ക് രോഗിയെ ചികിത്സിക്കാന്‍ സാധിക്കുന്നു.
മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ പരിശോധന ഫലത്തിനായി അലയുന്ന സാഹചര്യം ഒഴിവാക്കി സാമ്പിളുകള്‍ ശേഖരിക്കാനുള്ള സംവിധാനവും അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും നിലവിലുണ്ട്. നാല്‍പ്പതോളം ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികള്‍ വഴിയാണ് സാമ്പിളുകള്‍ ലാബിലെത്തിക്കുന്നത്. പരിശോധന ഫലങ്ങള്‍ തയ്യാറാകുമ്പോള്‍ കൂട്ടിരുപ്പുകാരുടെ മൊബൈലില്‍ മെസേജ് വരുന്ന സംവിധാനവും വിജയകരമായി നടന്നു വരുന്നു.
ഇതോടൊപ്പം ആര്‍ദ്രം പദ്ധതിയുടെ ഭാഗമായ ഒപിയിലെ നവീകരണം പൂര്‍ത്തിയായി വരുന്നു. ഇപ്പോള്‍ തന്നെ ക്യൂ നില്‍ക്കാതെ ടോക്കണ്‍ എടുക്കാവുന്ന സമ്പ്രദായം നിലവിലുണ്ട്. ഒപി നവീകരണത്തോടെ ഓണ്‍ലൈന്‍വഴി സമയം നിശ്ചയിച്ച് ഡോക്ടറെ കാണുന്ന അവസ്ഥയുണ്ടാകും. രണ്ട് വിഭാഗങ്ങളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലും ഇതിന്റെ ജോലികള്‍ പൂര്‍ത്തിയായി.
ഏതാനും മാസങ്ങള്‍ക്കകം എയിംസിന്റെ മാതൃകയിലുള്ള പുതിയ അത്യാഹിത വിഭാഗവും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോടൊപ്പം മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കും സജ്ജമാകും. ഇതോടെ ഏത് സ്വകാര്യ ആശുപത്രിയേയും വെല്ലുന്ന തരത്തിലുള്ള ചികിത്സാ സൗകര്യം സൗജന്യമായി ലഭ്യമാകും.
ഇങ്ങനെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, ആര്‍.എം.ഒ. എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. പാവങ്ങള്‍ക്ക് മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കാനുള്ള അക്ഷീണ ശ്രമത്തിനിടയിലാണ് മെഡിക്കല്‍ കോളേജ്. പക്ഷെ ഇത്തരം കുപ്രചാരണങ്ങളിലൂടെ പണവും സമയവും കളഞ്ഞ് സാധാരണക്കാരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളി വിടുകയാണ് ചെയ്യുന്നത്. അവിടെക്കിടന്ന് കൈയ്യിലുള്ള പണമെല്ലാം തീര്‍ന്ന് വീണ്ടും അവര്‍ ആശ്രയിക്കുന്നത് മെഡിക്കല്‍ കോളേജിനെയാണെന്ന് പലരും സൗകര്യപൂര്‍വം ഓര്‍ക്കുന്നില്ല.
വിവിധ അപകടങ്ങളില്‍പ്പെട്ട് ഓര്‍മ്മ നഷ്ടപ്പെട്ട് അജ്ഞാതരായെത്തുന്നവര്‍ നിരവധി പേരാണ്. ഇവരെ ഒരാശുപത്രിയും എടുക്കില്ല. എന്നാല്‍ മെഡിക്കല്‍ കോളേജ് ഇവരുടെ സകലചെലവും മരുന്നുമെല്ലാം ഏറ്റെടുത്താണ് സുഖം പ്രാപിപ്പിച്ച് ബന്ധുക്കളെ കണ്ടുപിടിച്ച് വിടുന്നത്. ഇവര്‍ക്കായി ഒരു കൂട്ടിരുപ്പുകാരുമില്ല. ഇവിടത്തെ ജിവനക്കാരാണ് ഇവരെ ചികിത്സയ്ക്കായി കൊണ്ടു പോകുന്നതും വാര്‍ഡില്‍ ശുശ്രൂഷിക്കുന്നതും ഓപ്പറേഷന്‍ ചെയ്യുന്നതുമെല്ലാം. ഇങ്ങനെ രക്ഷപ്പെട്ടുപോയ പതിനായിരക്കണക്കിന് പേര്‍ക്കുമുണ്ടാവും നിശബ്ദമായ കഥകള്‍ പറയാന്‍.
മാത്രമല്ല അടുത്തകാലത്തൊന്നും ഇങ്ങനെയൊരു സംഭവം നടന്നെന്ന് പറഞ്ഞ് ഒരു പരാതി പോലും ലഭിച്ചിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതി ഇതായിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ കഥകള്‍ പടരുന്നത്. ആയിരക്കണക്കിന് രോഗികള്‍ക്ക് അഭയകേന്ദ്രമായ മെഡിക്കല്‍ കോളേജിനെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പ്രചാരണങ്ങളില്‍ നിന്നും എല്ലാവരും പിന്‍മാറണമെന്ന് പ്രിന്‍സിപ്പല്‍ അഭ്യര്‍ത്ഥിച്ചു.
Post Your Comments