KeralaLatest NewsNews

തലസ്ഥാന ജില്ലയെ കാത്തുരക്ഷിക്കാന്‍ സന്നദ്ധ സേന വരുന്നു

തിരുവനന്തപുരം•പൗരബോധമുളള തലമുറയെ വാര്‍ത്തെടുക്കുന്നതിനും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ജൈവകൃഷിക്കും സൗരോര്‍ജ പദ്ധതികളുടെ വ്യാപനത്തിനും, മഴവെള്ള സംഭരണത്തിനും എല്ലാം നേതൃത്വം കൊടുക്കുന്ന ഒരു സന്നദ്ധ സേനയ്ക്ക് തിരുവനന്തപുരത്ത് രൂപം കൊടുക്കുന്നു. നിത്യജീവിതത്തില്‍ ഹരിതചട്ടം പാലിക്കുമെന്ന പ്രതിജ്ഞ എടുത്ത് താല്‍പര്യമുള്ളവര്‍ക്ക് ഈ സന്നദ്ധസേനയില്‍ അംഗങ്ങളാകാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ സന്നദ്ധസേവകര്‍ക്ക് ജില്ലാ ഭരണകൂടം നല്‍കും. വെബ് പോര്‍ട്ടല്‍ വഴി അംഗങ്ങളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും.

നിലവില്‍ മാലിന്യകൂമ്പാരം നിറഞ്ഞ ഭാഗങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ ശുചീകരിച്ച്, ചിത്രങ്ങളും മറ്റും വരച്ചും, പൂന്തോട്ടമുണ്ടാക്കിയും ഭംഗിയാക്കും. ആദ്യത്തെ മാസം ഇത്തരം 5 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തായിരിക്കും സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മാലിന്യ നിക്ഷേപം തടയുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. പോലീസുദ്യോഗസ്ഥരും വോളന്റിയേഴ്സും അടങ്ങുന്നതാകും ഈ സ്ക്വാഡ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കാനും, പ്രാവര്‍ത്തികമാക്കാനും ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു. സന്നദ്ധ സേനയുടെ രൂപീകരണം നാളെ (07.02.2018) രാവിലെ പത്ത് മണിക്ക് കഴക്കൂട്ടം സ്പോര്‍സ് ഹബ്ബില്‍ നടക്കും.

You may also like: ഷാര്‍ജ-തിരുവനന്തപുരം വിമാനത്തില്‍ യാത്രക്കാരിയ്ക്ക് ദാരുണ അന്ത്യം

സ്കൂളുകളിലും താമസകേന്ദ്രങ്ങളിലും ഹരിത ചട്ടം പാലിക്കുന്നതിനായി സന്നദ്ധസേന ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തും. ഇതിന്റെ പ്രവര്‍ത്തന പുരോഗതി സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിലയിരുത്തും.യുവതലമുറയെയും മുതിര്‍ന്ന പൗരന്മാരെയും വിദ്യാര്‍ത്ഥികളെയും എല്ലാം ഏകോപിപ്പിച്ച് തിരുവനന്തപുരത്തെ മികച്ച ജനജീവിതം പ്രദാനം ചെയ്യുന്ന ഇടമാക്കാനാണ് ഈ സന്നദ്ധസേനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ഹരിതകേരളം, ജാഗ്രത എന്നീ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വലിയ ജനപിന്തുണയും പങ്കാളിത്തവും ഉറപ്പ് വരുത്താന്‍ ഈ സന്നദ്ധസേനാ രൂപീകരണത്തിലൂടെ സാധിക്കും. ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരായി ഓരോരുത്തരെയും മാറ്റാനുള്ള കര്‍മ്മപരിപാടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനം പോലുള്ളവ മൂലമുണ്ടാകുന്ന ദുരന്തങ്ങളും, പകര്‍ച്ചവ്യാധികളും സൃഷ്ടിക്കുന്ന അപകടസാഹചര്യങ്ങളും നേരിടുന്നതിന് ഈ സന്നദ്ധസേനയുടെ പ്രവര്‍ത്തനം ഉപകരിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button