Latest NewsNewsGulf

സൗദിയിലെ ഇന്ത്യന്‍ സ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു

ജിദ്ദ: സൗദിയില്‍ ആശ്രിത വിസയില്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശികളായ അധ്യാപകര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്കൂളുകളിലെ ഫീസ് കൂട്ടാന്‍ ആലോചന. അധ്യാപകരുടെ വാര്‍ഷിക ലെവിയായ 9500 റിയാല്‍ കണ്ടെത്തുന്നതിനു വേണ്ടിയാണിത്. അധ്യാപകരുടെ ശമ്പളത്തില്നിന്ന് നിശ്ചിത തുക പിടിച്ച ശേഷം ബാക്കി വരുന്ന തുകയ്ക്കനുസരിച്ച്‌ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിക്കാനാണ് ആലോചന. ഓരോ സ്കൂളിലെയും ലെവി അടക്കേണ്ട അധ്യാപകരുടെ എണ്ണം വ്യത്യസ്തമായതിനാല്‍ ഏകീകൃത ഫീസ് വര്‍ധന സാധ്യമല്ലെന്നും വിലയിരുത്തപ്പെടുന്നു.

ആശ്രിത വിസയിലെത്തി അജീര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് വര്‍ക്ക് പെര്‍മിറ്റ് നേടി അധ്യാപക ജോലി ചെയ്യുന്നവര്‍ പ്രത്യേക ലെവി അടക്കണമെന്ന് സൗദി ധനകാര്യം മന്ത്രാലയം നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എംബസിക്ക് കീഴിലെ സ്കൂളുകളില്‍ 10 ശതമാനം മാത്രമാണ് സ്കൂളിന്റെ നേരിട്ടുള്ള വിസയില്‍ നാട്ടില്‍ നിന്നെത്തിയവര്‍. ഇവര്‍ക്ക് ലെവി ബാധകമല്ല. നിതാഖാത് പദ്ധതിയില്‍ പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങിനെ മൂന്ന് വിഭാഗത്തിലായിരുന്നു സഊദിയിലെ സ്ഥാപനങ്ങള്‍. എന്നാല്‍ വെള്ള കാറ്റഗറിയില്‍പെടുത്തിയ ഇന്ത്യന്‍ എംബസി സ്കൂളുകള്‍ക്ക് നിതാഖാത് ബാധകമായിരുന്നില്ല. അവര്‍ക്ക് രാജ്യത്തെ വിദേശ സ്കൂളുകളില്‍ ജോലി ചെയ്യാന്‍ സൗദി ഭരണകൂടം അനുവാദം നല്‍കുകയായിരുന്നു.

പൊതുവെ കുറഞ്ഞ ശമ്ബളത്തില്‍ ജോലി ചെയ്യുന്നവരാണ് ആശ്രിത വിസയിലുള്ളവര്‍. ലെവി അടക്കേണ്ടതെങ്ങിനെയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യന്‍ എംബസി ഹയര്‍ബോര്‍ഡ് ചുമതലപ്പെടുത്തിയ നാലംഗ പ്രിന്‍സിപ്പല്‍മാരുടെ സമിതി രണ്ടാഴ്ചയ്ക്കകം ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അംബാസിഡര്‍ക്ക് കൈമാറുമെന്നാണ് സൂചന. മലയാളികളുള്‍പ്പെടെ എംബസി സ്കൂളുകളില്‍ ജോലി ചെയ്യുന്നവരെയാണ് ഇത് ബാധിക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇത്രവലിയ തുക അടച്ച്‌ ജോലിയില്‍ തുടരാന്‍ അധ്യാപകര്‍ തയ്യാറാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നത്തിന് പരിഹാരം കാണാന്‍ എംബസിയുടെ നേതൃത്വത്തില്‍ തന്നെ നടപടികള്‍ ആരംഭിച്ചത്. സൗദി വല്‍ക്കരണത്തിന്റെ ഭാഗമായി 12 തൊഴില്‍ മേഖലകളില്‍ നിന്ന് വിദേശികളെ വിലക്കിക്കൊണ്ടുള്ള തീരുമാനത്തിന് പിന്നാലെയാണ് ലെവി സമ്ബ്രദായവുമായി അധികൃതര്‍ രംഗത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button