ന്യൂഡല്‍ഹി•തൃപുരയില്‍ ദശകങ്ങളായി അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ സി.പി.എം സര്‍ക്കാരിനെ പുറത്താക്കി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം കേവല ഭൂരിപക്ഷം നേടുമെന്ന് ‘ന്യൂസ് എക്സ്-ജന്‍ കി ബാത്’ അഭിപ്രായ സര്‍വേ പറയുന്നു. ബി.ജെ.പി ഐ.പി.എഫ്.ടി സഖ്യം 31 മുതല്‍ 37 സീറ്റുകള്‍ വരെ നേടും. സി.പി.എം 23 മുതല്‍ 29 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും സീറ്റുകള്‍ ഒന്നും ലഭിക്കില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
ബി.ജെ.പി സഖ്യം 58% വോട്ടുകള്‍ നേടും. സി.പി.എമ്മിന്റെ വോട്ട് വിഹിതം 42% ആയി ചുരുങ്ങുമെന്നും സര്‍വേ പറയുന്നു.
ഫെബ്രുവരി 18 നാണ് തൃപുര നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. 60 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ വേണം. ബി.ജ.പി 51 സീറ്റുകളിലാണ് മത്സരിക്കുന്നത്. ശേഷിക്കുന്നവയില്‍ ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐ.പി.എഫ്.ടിയും മത്സരിക്കുന്നു. മാര്‍ച്ച് 3 നാണ് വോട്ടെണ്ണല്‍.
Post Your Comments