കൊച്ചി•വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന നട്ടെല്ല് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഒമാനി ബാലന് 17 സെമീ ഉയരം കൂടി. 16 വയസുകാരന്‍ ഹമദ് അബ്ദുള്ള ജുമാ അല്‍ സാദിയിലാണ് അത്ഭുതകരമായ മാറ്റം കാണപ്പെട്ടത്. നട്ടെല്ലിലെ വളവും കൂനും ബാധിക്കുന്ന സ്‌കോളിയോസിസ് എന്ന രോഗത്തിന് ചെയ്‌ത ശസ്‌ത്രക്രിയയെ തുടര്‍ന്നാണ് ഉയരം കൂടിയത്. വി.പി.എസ് ലേക്‌ഷോര്‍ ആശുപത്രിയിലെ സ്‌പൈന്‍ സര്‍ജറി വിഭാഗം മേധാവിയും കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജനുമായ ഡോ. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലാണ് ശസ്‌ത്രക്രിയ നടന്നത്.
അഞ്ചാമത്തെ വയസിലാണ് ഹമദിന് സ്‌കോളിയോസിസ് രോഗം കണ്ടുപിടിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷക്കാലം ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും സങ്കീര്‍ണമായ ശസ്‌ത്രക്രിയയെക്കുറിച്ചുള്ള ഭയവും അതിനുള്ള സൗകര്യക്കുറവും കാരണം ഹമദിന് തക്കതായ ചികിത്സ ലഭ്യമായില്ല.
നട്ടെല്ലിന്റെ വളവ് കൂടിയതിനാല്‍ ഹമദിന് ശ്വാസതടസവും അനുഭവപ്പെട്ടു തുടങ്ങി. അങ്ങനെയിരിക്കെയാണ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ. കൃഷ്‌ണകുമാര്‍ തന്നെ നടത്തിയ ശസ്‌ത്രക്രിയയെ തുടര്‍ന്ന് സ്‌കോളിയോസിസ് രോഗം ഭേദപ്പെട്ട ഒമാനിലെ സൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെക്കുറിച്ച് ഹമദിന്റെ ബന്ധുക്കള്‍ അറിയാനിടയായത്. അങ്ങനെയാണ് ഹമദ് വി.പി.എസ് ലേക്‌ഷോറിലെത്താനിടയായത്.
“ഇവിടെ എത്തുമ്പോള്‍ ഹമദിന്റെ നട്ടെല്ലിലെ വളവ് 100 ഡിഗ്രിയില്‍ കൂടിയിരുന്നു. പ്രകടമായ കൂനുമുണ്ടായിരുന്നു. മാത്രമല്ല രോഗം അവന്റെ ശ്വാസകോശത്തെയും ബാധിച്ചു തുടങ്ങിയിരുന്നു,” ഡോ. കൃഷ്‌ണകുമാര്‍ പറഞ്ഞു.
ആറ് മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ ടൈറ്റാനിയം സ്‌പൈനല്‍ പെഡിക്കിള്‍ സ്‌ക്രൂവിന്റെയും കോബാള്‍ട്ട് ക്രോം റോഡിന്റെയും സഹായത്താല്‍ നട്ടെല്ലിന്റെ വളവ് നിവര്‍ത്തി. ഇത്രയും വലിയ വളവ് നിവര്‍ത്തുമ്പോള്‍ സുഷുമ്‌ന നാഡീ ഞരമ്പുകള്‍ക്ക് വ്യതിയാനം വരുന്നുണ്ടോ എന്നറിയാനുള്ള ന്യൂറോ മോണിറ്ററിങ് സാങ്കേതികവിദ്യയും ഈ ശസ്‌ത്രക്രിയയ്‌ക്ക് ഉപയോഗിച്ചിരുന്നു. ശസ്‌ത്രക്രിയ കഴിഞ്ഞിറങ്ങിയ ഹമദിനെ കണ്ട് ബന്ധുക്കള്‍ അത്ഭുതപ്പെട്ടു. അവന്റെ ഉയരം 162 സെമീ-യില്‍ നിന്നും 179 സെമീ ആയി വര്‍ധിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ഒമാനില്‍ തിരിച്ചെത്തിയ ഹമദിനെ കാണാന്‍ ആളുകളുടെ ഒഴുക്കായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ശസ്‌ത്രക്രിയയ്‌ക്ക് ശേഷം നാല് മാസങ്ങള്‍ക്ക് ശേഷം ചെക്കപ്പിനായി ഹമദ് വീണ്ടും വി.പി.എസ് ലേക്‌ഷോറിലെത്തി, ഡോ. കൃഷ്‌ണകുമാറിനോടും ശസ്‌ത്രക്രിയയില്‍ സഹായിച്ച അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു, ഡോ. മല്ലി എബ്രഹാം, ഡോ. ജയ സൂസന്‍ ജേക്കബ് എന്നിവരോട് നന്ദി പ്രകടിപ്പിച്ചു.
Post Your Comments