മൂന്നാര്‍: പോലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ച യുവതിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് ദമ്പതികള്‍ പരാതി നല്‍കിയിട്ടുണ്ട്.
ഭര്‍ത്താവ് ജോലി ചെയ്യുന്ന ഏലത്തോട്ടത്തിലെ ഉടമ 2000 രൂപ മോഷ്ടിച്ചുവെന്ന് കാട്ടി യുവതിക്കെതിരെ പരാതി കൊടുത്തിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോകുന്ന സമയം തോട്ടം ഉടമ യുവതിയെ ശല്യപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് തോട്ടത്തിലെ ജോലി യുവതി ഉപേക്ഷിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ തോട്ടം നടത്തിപ്പുകാരന് യുവതിക്കുനേരെ പരാതി നല്‍കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പരാതിയെ തുടര്‍ന്ന് പോലീസ് ദമ്പതികളെ വിളിച്ചുവരുത്തി അസഭ്യം പറഞ്ഞുവെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവതി വനിതാ കമ്മീഷനെ സമൂപിക്കുകയായിരുന്നു. ഇതറിഞ്ഞ പോലീസ് ജനുവരി 26ന് സ്ത്രീയെ വീണ്ടും സ്റ്റേഷനില്‍ വിളിച്ച് വരുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ സാരമായ പരിക്കേറ്റതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
അന്നേദിവസം തന്നെ യുവതിയുടെ വസ്ത്രത്തിനുള്ളില്‍ ക്യാമറ ഉണ്ടെന്ന് ആരോപിച്ച് വസ്ത്രം അഴിച്ച് പരിശോധിക്കണമെന്ന് പൊലീസുകാര്‍ ആവശ്യപ്പെട്ടതായും, വനിതാ പൊലീസുകാരി കതക് കുറ്റിയിടാതെ യുവതിയുടെ വസ്ത്രം അഴിച്ചെന്നും യുവതി പരാതിപ്പെടുന്നു.തന്റെ മകന്റെ മുന്നില്‍ വച്ചാണ് പുരുഷ പൊലീസുകാരുള്‍പ്പടെ തന്നെ വിവസ്ത്രയാക്കിയതെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.
Post Your Comments