ന്യൂഡല്‍ഹി: ആദ്യ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസ് ഇന്ന് ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടങ്ങും. കായികരംഗത്ത് പുതിയ വാഗ്ദാനങ്ങളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസ് വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.അണ്ടര്‍ 17 വിഭാഗത്തിലാണ് മത്സരങ്ങള്‍. അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, ബോക്‌സിങ്, ഫുട്‌ബോള്‍, ജിംനാസ്റ്റിക്‌സ്, ഹോക്കി, ജൂഡോ, കബഡി, ഖൊഖൊ, ഷൂട്ടിങ്, നീന്തല്‍, വോളിബോള്‍, ഭാരോദ്വഹനം, ഗുസ്തി ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 177 അംഗ ടീമുമായാണ് കേരളം മത്സരിക്കുന്നത്.
മിനി ദേശീയ ഗെയിംസ് എന്ന വിളിപ്പേരു വീണുകഴിഞ്ഞ പ്രഥമ ഗെയിംസില്‍ അണ്ടര്‍ 18 വിഭാഗത്തില്‍ നിന്ന് 3300 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.16 ഇനങ്ങളിലായി 197 മത്സരങ്ങളാണ് അരങ്ങേറുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഖേലോ ഇന്ത്യ കായിക മേഖലയിലെ ഇന്ത്യന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. കായിക മേഖലയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അടുത്ത മൂന്ന് ഒളിമ്പിക്‌സുകള്‍ ലക്ഷ്യമിട്ട് കായിക താരങ്ങള്‍ക്ക് പരിശീലനവും മറ്റ് സൗകര്യങ്ങളും ഒരുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗെയിംസിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ 1000 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് അവര്‍ക്കു പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വീതം എട്ടുവര്‍ഷത്തേക്കു സ്‌കോളര്‍ഷിപ് നല്‍കുമെന്നതാണ് ഗെയിംസിന്റെ പ്രധാന ആകര്‍ഷണം. 2020, 2024 വര്‍ഷങ്ങളിലെ ഒളിമ്പിക്സ് മെഡല്‍ ലക്ഷ്യമിട്ടാണ് പദ്ധതി. അത്ലറ്റിക്സ്, ആര്‍ച്ചറി, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, ബോക്സിങ്, ചെസ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ജൂഡോ, കബഡി, കരാട്ടെ, ഷൂട്ടിങ്, ടേബിള്‍ടെന്നിസ് തുടങ്ങിയ ഇനങ്ങളിലാണു മല്‍സരങ്ങള്‍.
Post Your Comments