Latest NewsNewsIndia

എംഎല്‍എയെ അസഭ്യം പറഞ്ഞതിന് പോലീസ് അറസ്റ്റ് ചെയ്തയാള്‍ മരിച്ച നിലയില്‍

തിരുവണ്ണാമലൈ: തമിഴ് നാട് എംഎല്‍എയെ അസഭ്യം പറഞ്ഞതിന് അറസ്റ്റിലായ ആള്‍ മരിച്ച നിലയില്‍. തമിഴ്‌നാട്ടിലെ കലശപക്കം എംഎല്‍എ വി പനീര്‍ശെല്‍വത്തെ അസഭ്യം പറഞ്ഞതിന് 41 കാരനായ വസന്തമണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ വെല്ലൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം. പലവിധ മുറിവുകള്‍ ഇയാള്‍ക്ക് ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തലച്ചോറില്‍ രക്തശ്രാവം ഉണ്ടായതിനെ തുടര്‍ന്ന്
ജനുവരി 26ന് വസന്തമണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അന്നു മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ പുരോഗമിച്ചിരുന്നത്. വസന്തമണിയുടെ മരണകാരണം വ്യക്തമല്ലെന്നും ഇതൊരു മെഡികോ-ലീഗല്‍ കേസ് ആണെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും ഡോക്ടര്‍ പറഞ്ഞു.

അതേസമയം വസന്തമണിയുടെ മരണത്തില്‍ വിവാദം കത്തുകയാണ്. എംഎല്‍എയും കൂട്ടാളികളും അദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കിയിരുന്നെന്നും അതാണ് മരണ കാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എംഎല്‍എയ്ക്ക് എതിരെ പോലീസ് നടപടി ഉണ്ടാകണമെന്ന് വസന്തമണിയുടെ അനുജന്‍ മൂര്‍ത്തി ആവശ്യപ്പെട്ടു.

എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് കലാശപക്കത്തുള്ള റോഡ് വസന്തമണിയുടെ ബന്ധുക്കള്‍ ഉപരോധിച്ചു.

എഐഡിഎംകെ സ്ഥാപകനും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന എംജി രാമചന്ദ്രന്റെ ജന്മദിന വാര്‍ഷികത്തില്‍ ചടങ്ങ് നടക്കുന്ന സ്ഥലം അലങ്കരിച്ചിരുന്നത് വസന്തമണിയായിരുന്നു. ചടങ്ങിന് ശേഷം ഇതിന്റെ കൂലിക്കായി എംഎല്‍എയുടെ അടുത്ത് എത്തിയപ്പോള്‍ 500, 6000 രൂപ രണ്ട് തവണയായി നല്‍കി. പിന്നീട് സമീപിച്ചപ്പോള്‍ 5,000 രൂപ നല്‍കുകയും ഇയാളെ എംഎല്‍എ ചീത്ത വിളിക്കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ ജനുവരി 22ന് വസന്തമണി മദ്യലഹരിയില്‍ എംഎല്‍എയുടെ വീട്ടില്‍ എത്തുകയും അസഭ്യം പറയുകയും കാറിന് കേടുപാട് വരുത്തുകയും ചെയ്തു.

പിന്നീട് ഒരു വിവാഹ സത്കാര സ്ഥലത്ത് വെച്ച് വസന്തമണിയെ എംഎല്‍എയും അനുയായികളും മര്‍ദ്ദിക്കുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നെന്ന് വസന്തമണിയുടെ ബന്ധുക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button