KeralaLatest NewsNews

സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് തിരിച്ചടി : സര്‍ക്കാരിന്റെ പുതിയ നിയമം : അടുത്ത അധ്യയന വര്‍ഷത്തില്‍ 6000 സ്‌കൂളുകള്‍ പൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് തിരിച്ചടി. അടുത്ത വര്‍ഷം അംഗീകാരമില്ലാത്ത 6000 അണ്‍എയ്ഡഡ് സ്‌കൂളകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഈ സ്‌കൂളുകള്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ നോട്ടീസ് നല്‍കി കഴിഞ്ഞു.

സര്‍ക്കാറിന്റെ നിര്‍ദ്ദേശം നടപ്പിലാകുന്നതോടെ ആയിരക്കണക്കിന് സിബിഎസ്ഇ സ്‌കൂളുകള്‍ക്കായിരിക്കും പിടി വീഴുക. അതത് ജില്ലകളിലെ ഡിഇഒമാര്‍ ജില്ല തിരിച്ചുള്ള സ്‌കൂളുകളുടെ കണക്ക് ശേഖരിച്ച് നല്‍കിയതിന്‍ പ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരാണ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കിയത്. കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം പൂര്‍ണമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത്.

സ്‌കൂളിന് അംഗീകാരമുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്നും അല്ലാത്ത പക്ഷം 2017-18 അധ്യയനവര്‍ഷം മുതല്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെന്നുമാണു നോട്ടീസിലെ നിര്‍ദ്ദേശം. 2009-ലെ കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം, അതിനുശേഷമുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍, ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവ് എന്നിവ പരിഗണിച്ചാണ് പൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത് ധിക്കരിച്ച് സ്‌കൂള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസാവകാശനിയമ പ്രകാരം മാനേജര്‍ക്ക് നേരെ ക്രിമിനല്‍ കേസ് എടുക്കുകയും പിഴയീടാക്കുകയും ചെയ്യും.

കേരള വിദ്യാഭ്യാസച്ചട്ടത്തിലും (കെ.ഇ.ആര്‍) അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം തടയാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അതു കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. കെ.ഇ.ആര്‍. പ്രകാരം പുതിയ സ്‌കൂള്‍ തുടങ്ങണമെങ്കില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച്, സമീപം പൊതുവിദ്യാലയങ്ങളില്ലെന്നു ബോധ്യപ്പെടണം. ഈ വ്യവസ്ഥകള്‍ പാലിക്കാതെയാണു സി.ബി.എസ്.ഇ. സിലബസില്‍ 90% സ്‌കൂളുകളും തുടങ്ങിയത്.

2010-ല്‍ കേന്ദ്ര വിദ്യാഭ്യാസനിയമം സം്‌സഥാനത്തു നടപ്പാക്കാന്‍ തുടങ്ങിയതോടെ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമായി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പാടില്ലെന്നു നിയമത്തില്‍ കര്‍ശനവ്യവസ്ഥയുണ്ട്. എന്നാല്‍, സ്‌കൂളുകള്‍ കൂട്ടത്തോടെ പൂട്ടുന്നത് ഒഴിവാക്കുന്നതിനായി ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കാന്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചു.

മൂന്നേക്കര്‍ സ്ഥലം, സ്ഥിരം കെട്ടിടങ്ങള്‍, സി.ബി.എസ്.ഇ. മാനദണ്ഡപ്രകാരം നിശ്ചിത യോഗ്യതയുള്ള അദ്ധ്യാപകര്‍, ആധുനികപഠനരീതി, കുറഞ്ഞത് 300 കുട്ടികള്‍ എന്നിവയായിരുന്നു വ്യവസ്ഥകള്‍. ഇതനുസരിച്ച് അംഗീകാരത്തിനായി മൂവായിരത്തോളം അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ മാനദണ്ഡങ്ങള്‍ പാലിച്ച 900 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി. കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടിയാണു പലതും അംഗീകാരം നേടിയതെന്ന ആക്ഷേപവുമുയര്‍ന്നു. തുടര്‍ന്നും സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നുവെന്ന ആരോപണത്തേത്തുടര്‍ന്ന് നടന്നില്ല.

ഇടതുസര്‍ക്കാര്‍ അധികാരമേറിയപ്പോള്‍തന്നെ പുതിയ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്നു തീരുമാനിച്ചു. ഇതേത്തുടര്‍ന്നാണ് അംഗീകാരമില്ലാത്ത സ്‌കൂളുകളെല്ലാം പൂട്ടാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button