തൃശൂര്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പൊതുവെ വീറും വാശിയും വൈരാഗ്യവുമാണ് ഉള്ളതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറപ്പിച്ചുകൊണ്ടുള്ള ഒരു സംഭവത്തിനാണ് തൃശൂര്‍ സാക്ഷ്യം വഹിച്ചത്. ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ പ്രവര്‍ത്തകര്‍ പിരിവിനായി സിപിഎം സംസ്ഥാന സമ്മേളന സ്വഗത സംഘം ഓഫീസില്‍ എത്തിയിരിക്കുകയാണ്.
ഫെബ്രുവരി 3,4 തീയതികളില്‍ നടക്കുന്ന എബിവിപിയുടെ സംസ്ഥാന സമ്മേളത്തോട് അനുബന്ധിച്ചുള്ള ധനശേഖരണത്തിനായാണ് പ്രവര്‍ത്തകര്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സ്വാഗതസംഘം ഓഫീസില്‍ എത്തിയത്. സ്വാഗത സംഘം ഓഫീസില്‍ എത്തിയ എബിവിപി പ്രവര്‍ത്തകര്‍ ക്ഷണക്കത്തും നല്‍കിയാണ് മടങ്ങിയത്.
പത്ത് വര്‍ഷത്തിന് ശേഷമാണ് എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ വേദിയാകുന്നത്. തെക്കേ ഗോപുര നടയില്‍ ഒരുക്കിയിരിക്കുന്ന വേദിയില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും തുടര്‍ന്ന് അയ്യായിരം വിദ്യാര്‍ത്ഥികളുടെ റാലിയും ഫെബ്രുവരി മൂന്നിന് നടക്കും. തുടര്‍ന്ന് ഫെബ്രുവരി നാലിന് പ്രതിനിധി സമ്മേളനം നടക്കും. 500ഓളം വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പ്രതിനിധികളായി ഉണ്ടാവും. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രഥാന് ഉള്‍പ്പെടെയുള്ള ദേശീയ സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ഫെബ്രുവരി 22 മുതല്‍ 25 വരെയാണ് സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം തൃശൂര്‍ നടക്കുന്നത്. തൃശൂരില്‍ തന്നെയാണ് എബിവിപിയുടെ സംസ്ഥാന സമ്മേളനവും നടക്കുന്നത്. എബിവിപിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എബിവിപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കൃഷ്ണ കുമാര്‍ കഴിഞ്ഞ 18ന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു.
എന്തായാലും ഇന്ന് എബിവിപി പ്രവര്‍ത്തകരുടെ പ്രവൃത്തി നല്ല രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. രാഷ്ട്രീയ ചേരിതിരിവുകള്‍ മാത്രമല്ല സൗഹൃദപരമായ മുന്നോട്ട് പോക്കും സാധ്യമാകും എന്ന സൂചനയാണ് ഇത് നല്‍കുന്നത്.
Post Your Comments