ശ്രീനഗർ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ആശങ്ക പരത്തി പതിനെട്ടുകാരി.റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കിടെ ചാവേറായി പൂനെയിൽ നിന്നൊരു പെൺകുട്ടി എത്തിയിട്ടുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടാണ് താഴ്‌വരയിൽ ആശങ്ക പരത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ പുണെയിൽ നിന്നുള്ള സാദിയ അൻവർ ഷെയ്ഖ് പിടിയിലായി. ഇവർ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാനെത്തിയതാണെന്നാണ് തുടക്കത്തില്‍ ജമ്മു കശ്മീർ പൊലീസ് പറഞ്ഞത്. എന്നാൽ തന്റെ മകൾക്കെതിരെ അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആരോപിച്ച് അമ്മ രംഗത്തെത്തി.
കശ്മീരിലോ മഹാരാഷ്ട്രയിലോ കേസൊന്നുമില്ലാത്തതിനാല്‍ സാദിയയെ അമ്മയ്ക്കൊപ്പം വിടാനാണു തീരുമാനം. പുണെയിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) പല തവണ പിടികൂടിയ പെൺകുട്ടി കശ്മീരിലേക്കു പ്രവർത്തനം മാറ്റിയെന്നായിരുന്നു വിവരം. നിരീക്ഷണം ശക്തമാക്കണമെന്നും. തുടർന്ന് എല്ലാ ജില്ലകളിലെ പൊലീസ് ആസ്ഥാനത്തേക്കും എഡിജിപി മുനീർ ഖാൻ ജനുവരി 23ന് വിവരം കൈമാറി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരേഡില്‍ ചാവേറാക്രമണം നടത്താനാണു പെൺകുട്ടിയുടെ നീക്കമെന്നായിരുന്നു മുനീർ ഖാന്റെ സന്ദേശം.
തുടർന്ന് വനിതകളെ കർശന ദേഹപരിശോധനയ്ക്കു ശേഷം മാത്രമായിരുന്നു റിപ്പബ്ലിക് ദിന പരിപാടികൾ നടക്കുന്ന വേദിയിലേക്കു പ്രവേശിപ്പിച്ചത്. അതിനിടെ ബിജ്ബെഹറയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന സാദിയയെ പൊലീസ് പിടികൂടി.ആദ്യഘട്ടത്തിൽ, താൻ ഐഎസിൽ ചേരാൻ വന്നതെന്നായിരുന്നു പെൺകുട്ടി പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിശദമായ ചോദ്യം ചെയ്യലിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണം കാരണം കശ്മീരിലെ സ്ഥിതിഗതികളെപ്പറ്റി തെറ്റിദ്ധരിച്ച് തീവ്രവാദ ആശയങ്ങളുമായി എത്തിയതാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.
2015ൽ പുണെ എടിഎസ് സാദിയയെ ചോദ്യം ചെയ്തിരുന്നു. വിദേശത്തുള്ള ഐഎസ് അനുഭാവികളുമായി ബന്ധം പുലർത്തിയെന്നാരോപിച്ചായിരുന്നു അത്. അന്ന് പ്ലസ് വണ്ണിനു പഠിക്കുകയായിരുന്നു പെൺകുട്ടിയെ കൗൺസലിങ്ങിനും എടിഎസ് വിധേയയാക്കിയിരുന്നു. പിന്നീട് പഠനം പാതിവഴിക്കു നിർത്തി. പോലീസിനെ കുറ്റക്കാരാക്കിയ അമ്മയോട് സാദിയ എന്തിനാണു ജമ്മു കശ്മീരിലേക്കു വന്നതെന്ന ചോദ്യത്തിന് അമ്മയ്ക്കും ഉത്തരമില്ലായിരുന്നു.
Post Your Comments