Latest NewsNewsGulf

ഹൃദയം പൊട്ടുന്ന വേദനയോടെ ഏഴ് മക്കളെ നഷ്ടപ്പെട്ട അമ്മ പറയുന്നത് ആരുടേയും കരളലിയിക്കുന്നത്

ഫുജൈറ : റാസല്‍ഖൈമയിലെ സ്‌പോര്‍ട്‌സ് ആന്‍ഡേ കള്‍ച്ച്വറല്‍ ക്ലബില്‍ അവര്‍ ഒത്തു ചേര്‍ന്നിരിക്കുകയായിരുന്നു. അമ്മമാരും അമ്മൂമമാരും അടങ്ങുന്ന ആ സംഘം ആ അമ്മയുടെ കണ്ണുനീരില്‍ പങ്ക് ചേരാന്‍ എത്തിയതായിരുന്നു.

ഇത് സലീമ അല്‍ സാലിദ്രി. ഒറ്റ രാത്രിയില്‍ ഏഴ് മക്കളേയും നഷ്ടപ്പെട്ട ഒരു പാവം ഉമ്മ. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് നഷ്ടപ്പെട്ട അവര്‍ മക്കള്‍ക്കായി ജീവിച്ചു. എന്നാല്‍ ഒറ്റ രാത്രിയില്‍ തീയുടെ രൂപത്തില്‍ തന്റെ ഏഴ് മക്കളെയും മരണം തട്ടിയെടുത്തതിന്റെ തീരാവേദനയിലാണ്.

ഉമ്മയുടെ കവിളില്‍ ഉമ്മ നല്‍കി അവര്‍ പോയത് ഒരിക്കലും ഉണരാത്ത ഉറക്കിലേക്കായിരുന്നു. ഒറ്റരാത്രികൊണ്ട് ഏഴു കുട്ടികളെ നഷ്ടപ്പെട്ട മാതാവ് തീ വിഴുങ്ങിയ വീട്ടില്‍ ഒറ്റപ്പെട്ടത്തിന്റെ തീരാവേദനയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി സ്വദേശി മാതാവ് സലീമ അല്‍സദീരിക്ക് ഒരിക്കല്‍ കൂടി ഓര്‍ക്കാന്‍ കഴിയാത്തവിധം ദുരിതം നിറഞ്ഞതായിരുന്നു.

ശസ്തക്രിയയ്ക്ക് വിധേയമായതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച വേദന സംഹാരി കഴിച്ചു ഗാഢനിദ്രയിലായ മാതാവ് വീടിനു തീപിടിച്ചതും പുക ശ്വസിച്ചു കുട്ടികള്‍ മരിച്ചതും അറിയാന്‍ വൈകിയിരുന്നു. മനസ്സും ശരീരവും മരവിപ്പിച്ച വിധിയുടെ ആ രാത്രി കണ്ണീര്‍ വാര്‍ക്കാതെ ഓര്‍ക്കാന്‍ പോലും സലീമയ്ക്ക് ആവുന്നില്ല.

ശക്തമായ ശ്വാസതടസ്സം മൂലം പുലര്‍ച്ചെ 3 .45 നാണു ഞാന്‍ ഉണരുന്നത്. ഒന്നും കാണാന്‍ കഴിയുന്നില്ല. ഇരുട്ട് മാത്രമാണ് മുന്നില്‍. അരികിലുള്ള മൊബൈല്‍ തപ്പിയെടുത്ത് വെളിച്ചം കത്തിച്ചു. തൊട്ടരികില്‍ മൂത്തമകള്‍ ഷൗഖ് ഉറങ്ങുന്നുണ്ട്. പക്ഷേ, അവളുടെ കണ്ണ് തുറന്ന നിലയിലാണ്. പുകശ്വസിച്ചു അവള്‍ മരിച്ചിരുന്നതായി മരവിച്ച ശരീരത്തില്‍ നിന്നും വ്യക്തമായി. വെപ്രാളത്തോടെ ഇരട്ടകളായ സാറയും സുമയ്യയും കിടക്കുന്ന മുറിയിലേക്ക് ഓടി. തീ മൂലം മുറികളില്‍ പടര്‍ന്ന പുക ഇരുവരെയും മരണത്തിന്റെ പിടിയില്‍ അമര്‍ത്തിയിരുന്നു.

ഓരോ നിമിഷവും അരണ്ടവെളിച്ചത്തില്‍ തെളിഞ്ഞ കാഴ്ചകള്‍ ശരീരം തളര്‍ത്തുന്നതായിരിരുന്നു. പിന്നീട് മകള്‍ ഷെയ്ഖ കിടക്കുന്ന മുറിക്ക് സമീപമെത്തി. അവസാന ശ്വാസവും വലിച്ചവള്‍ മരണവുമായി മല്ലിടുന്നതാണ് കണ്ടത്. പേടിയും പരിഭ്രാന്തിയും പേറി ഓടിയത് അടുത്ത മുറിയില്‍ കിടക്കുന്ന ആണ്‍കുട്ടികളുടെ അടുത്തേക്ക് ആയിരുന്നു. ഖലീഫയും അഹ്മദും അപ്പോഴേക്കും മരണത്തിനു കീഴടങ്ങിയതു നടുക്കത്തോടെ കണ്ടു. ജീവന്‍ അല്‍പ്പം അവശേഷിച്ചിരുന്ന അലിയുടെയും ഷെയ്ഖയുടെയും മേല്‍ വെള്ളമൊഴിച്ചെങ്കിലും ഫലമുണ്ടായില്ല. വൈകാതെ അവരും എന്നന്നേക്കുമായി കണ്ണുകള്‍ അടച്ചു.

കഴിഞ്ഞതെല്ലാം കരളലിയിപ്പിച്ച, ശരീരം തളര്‍ത്തിയ ഒരു ദുഃസ്വപ്നം പോലെയായിരുന്നു. കത്തിയ വീട്ടില്‍ വീണു കിടന്നിരുന്ന തീ കനലുകളില്‍ ചവിട്ടിയാണ് ഓരോ മുറികളിലേക്കും ഹാളിലേക്കും പലതവണ ഓടിയിരുന്നത്. കാലുകളില്‍ പൊള്ളല്‍ ഏറ്റിരുന്നെങ്കിലും ഒന്നും അനുഭവച്ചതായി എനിക്കോര്‍മയില്ല. കരളിന്റെ കഷണങ്ങളായ മക്കളെല്ലാം മരിച്ചു കിടക്കുന്ന കാഴ്ചയിലപ്പറും ഒരു വേദനയും ഒരു ഉമ്മയ്ക്കില്ല’ – സലീമ വിതുമ്പി.

ഹാളിലെ പുറത്തേക്കുള്ള വാതില്‍ തള്ളിത്തുറന്നു സമീപമുള്ള വീട്ടു ജോലിക്കാരിയെ ഉണര്‍ത്തി. ‘എന്റെ മക്കള്‍ വിളിച്ചിട്ടു അനങ്ങുന്നില്ല’ എന്നു മാത്രമാണ് ജോലിക്കാരിയോട് പറഞ്ഞത്. അവസാനം സഹോദരിയുടെ മകനെ വിളിച്ചു. ‘നീ വേഗം വരണം, എന്റെ മക്കളെ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു’. ആ രാത്രി ഈ രണ്ടു പേരെ മാത്രമാണ് വിവരമറിയിക്കാന്‍ കഴിഞ്ഞത്. പക്ഷേ അവര്‍ വന്നപ്പോഴേയ്ക്കും തന്റെ മക്കളുടെ ചേതനയറ്റ ശരീരമാണ് ബാക്കിയായത്. അവര്‍ വിതുമ്പലോടെ പറഞ്ഞു നിര്‍ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button