തിരുവനന്തപുരം: അടിയന്തര സഹായത്തിനായി ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേരള തീരത്ത് കപ്പലില്‍ വെച്ച് ചൈനക്കാരന് ദാരുണാന്ത്യം. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ തീരത്ത് എത്തിച്ചത് ഒന്‍പത് മണിക്കൂറിനു ശേഷം. ബോട്ടിലാണ് ഇദ്ദേഹത്തെ കരക്കെത്തിച്ചത്. ഹെലികോപ്റ്ററിൽ ആയിരുന്നെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് കരക്കെത്തിക്കാമായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ 8.40നാണ് വിവിയന്‍ ഓഷ്യന്‍ എന്ന ചൈനീസ് ചരക്കു കപ്പലിലെ ജീവനക്കാരനും ചൈനീസ് വംശജനുമായ യൂഷിയാങ്(37)നു കപ്പലില്‍ വീണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റത്. വീഴ്ച്ചയുടെ ആഘാതത്തില്‍ യൂഷിയാങിന്റെ ബോധം നഷ്‌ടപ്പെട്ടു. തൂത്തുക്കുടിയില്‍ നിന്നും കണ്ഡല തുറമുഖത്തേക്ക് പോകുകയായിരുന്ന കപ്പല്‍ ഈ സമയത്ത് വിഴിഞ്ഞം തീരത്ത് നിന്നും 29 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയായിരുന്നുവെന്നാണ് വിവരം.
കപ്പലില്‍ നിന്നും ‘മെഡിക്കല്‍ ഇവാക്വേഷന്‍’ സന്ദേശം ഇന്ത്യന്‍ കോസ്റ്റ് ഗര്‍ഡിന് കൈമാറി. അതീവ ഗുരുതരമായി പരിക്കേറ്റയാളെ ഹെലികോപ്റ്ററില്‍ തീരത്തെത്തിക്കാൻ സജ്ജീകരണമൊരുക്കിയില്ലെന്നാണ് ആരോപണം. പകരം 11.30ഓടെ വിഴിഞ്ഞത്ത് നിന്നും സി-427 ബോട്ടിനെയാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിനായി അയച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് കപ്പലില്‍ നിന്നും പരിക്കേറ്റ യുവാവുമായി കോസ്റ്റ് ഗാര്‍ഡ് ബോട്ട് വിഴിഞ്ഞം പുതിയ വാര്‍ഫില്‍ എത്തിയത്.
108 ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘം അവിടെ സജ്ജമായിരുന്നെങ്കിലും തീരത്തെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ യുവാവിന്റെ മരണം സംഭവിച്ചിരുന്നുവെന്നാണ് വിവരം.തുടര്‍ നടപടികള്‍ക്കായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments