ന്യൂഡല്‍ഹി: സ്ത്രീസമത്വവും, ജനാധിപത്യമൂല്യവും ഉയര്‍ത്തിപ്പിടിക്കണമെന്ന് രാജ്യത്തോട് ആഹ്വാനം ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ആത്മവിശ്വാസമാര്‍ന്നതും ഭാവി മുന്നില്‍ കാണുന്നതുമായ രാഷ്ട്രം നിര്‍മിക്കാന്‍ ആത്മവിശ്വാസമാര്‍ന്നതും ഭാവിപ്രതീക്ഷകള്‍ ഉള്ളതുമായ യുവജനങ്ങള്‍ക്കാണു സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൗരന്മാരില്‍ 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്. അവരിലാണു നമ്മുടെ പ്രതീക്ഷകള്‍. സാക്ഷരത വ്യാപിപ്പിക്കുന്നതില്‍ പുരോഗതി നേടാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇനി നമ്മുടെ ശ്രമം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കാനും നിലവാരമേറിയതാക്കാനും വികസിപ്പിക്കാനും ആയിരിക്കണം. അതോടൊപ്പം തന്നെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ജനിതക ഘടനാശാസ്ത്രം, റോബട്ടിക്‌സ്, ഓട്ടമേഷന്‍ തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കത്തക്കവിധം പ്രസക്തമാക്കി മാറ്റുകയും വേണം.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ന്മ സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാന്‍ ഗവണ്‍മെന്റുകള്‍ക്കു നയങ്ങള്‍ നടപ്പാക്കാം. പക്ഷേ, ഈ നയങ്ങളും നിയമങ്ങളും നമ്മുടെ പെണ്‍മക്കളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുന്ന കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മാത്രമേ ഫലപ്രദമാക്കാന്‍ സാധിക്കൂ. മാറ്റത്തിനായി അവര്‍ കാട്ടുന്ന ഉല്‍സാഹത്തിനു നേരെ നമുക്കു കാതുകളടയ്ക്കാന്‍ സാധിക്കില്ല.
ന്മ വിദ്യാഭ്യാസ സമ്പ്രദായം കേവലം മനഃപാഠമാക്കലും അതു പുനരവതരിപ്പിക്കലും മാത്രമാകരുത്. നമ്മുടെ കുട്ടികളില്‍ ചിന്താശക്തിയും നൈപുണ്യവും വളര്‍ത്തുന്നതായിരിക്കണം. വിശപ്പിനെ കൈകാര്യം ചെയ്യുന്നതില്‍ നാം പുരോഗതി കൈവരിച്ചിട്ടുണ്ട്.
എന്നാല്‍, പോഷകാഹാരക്കുറവ്, ഓരോ കുട്ടിയുടെയും ഭക്ഷണത്തില്‍ ശരിയായ അളവില്‍ സൂക്ഷ്മ പോഷകങ്ങള്‍ ലഭ്യമാക്കല്‍ എന്നീ വെല്ലുവിളികള്‍ നിലനില്‍ക്കുകയാണ്. ഇതു കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ വികാസത്തില്‍ പ്രധാനമാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയെ സംബന്ധിച്ചും ഇതു പ്രധാനമാണ്.
ന്മ ഇന്ത്യയുടെ രാഷ്ട്ര നിര്‍മാണ പദ്ധതിയുടെ ഉന്നതമായ തലമെന്നത് തീര്‍ച്ചയായും മികച്ചൊരു ലോകം നിര്‍മിക്കുന്നതിന് സംഭാവന ചെയ്യുകയെന്നുള്ളതാണ്. സമ്മിശ്രമായതും, ഒരുമിച്ചു നില്‍ക്കുന്നതുമായ ഒരു ലോകം, സ്വയമേവ ശാന്തമായതും, പ്രകൃതിയുമായി സമാധാനത്തില്‍ വര്‍ത്തിക്കുന്നതുമായ ഒരു ലോകം. ഇതാണ് വസുധൈവ കുടുംബകം എന്ന ആദര്‍ശം.
ലോകം ഒരു കുടുംബമായി മാറുന്നു. സംഘര്‍ഷങ്ങളുടെയും, ഭീകരവാദത്തിന്റേതുമായ ഇക്കാലത്ത് ഈ ആദര്‍ശം അപ്രായോഗികമാണെന്ന് തോന്നാം. പക്ഷേ, ആയിരക്കണക്കിന് വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രചോദിപ്പിച്ചിരുന്ന ആശയമാണത്.
നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ രചനാരീതിയില്‍ അതേ ആദര്‍ശത്തെ അനുഭവിച്ചറിയാനാകും. അനുകമ്പ, ആവശ്യക്കാരെ സഹായിക്കല്‍, അയല്‍ക്കാരുടെയും, ദൂരെയുള്ളവരുടെയും ശേഷി വികസനം തുടങ്ങിയ തത്വങ്ങള്‍ നമ്മുടെ സമൂഹത്തില്‍ അടിസ്ഥാനമുറപ്പിച്ചിരിക്കുന്നു. ഇവയാണ് അന്താരാഷ്ട്ര സമൂഹത്തിന് നാം നല്‍കുന്നതായ തത്വങ്ങള്‍.
ന്മ രാജ്യത്തെ കഠിനാധ്വാനികളായ കര്‍ഷകരുടെ ജീവിതങ്ങള്‍ നാം ഇനിയുമേറെ മെച്ചപ്പെടുത്തേണ്ടതുണ്ട്. 100 കോടിയലധികം വരുന്ന നമ്മെ ഊട്ടുന്നതിന് അമ്മമാരെ പോലെ അവര്‍ കഷ്ടതകള്‍ അനുഭവിക്കുന്നു. നമ്മുടെ സായുധ സേനയിലെയും പോലീസിലെയും അര്‍ധസൈനിക സേനകളിലെയും ധീര സേനാനികള്‍ക്ക് അവര്‍ക്കാവശ്യമുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിന് നാം നമ്മുടെ തന്ത്രപ്രധാന നിര്‍മാണ മേഖലയെ തുടര്‍ന്നും ആധുനീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യവും സാര്‍വത്രികമാക്കുന്നതിനും, നമ്മുടെ പെണ്‍മക്കള്‍ക്ക് എല്ലാ മേഖലകളിലും തുല്യാവസരങ്ങള്‍ നല്‍കുന്നതിനും നമ്മെ പ്രതിജ്ഞാബദ്ധരാക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അതിവേഗം നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
ശുദ്ധവും, ഹരിതാഭവും, കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ഊര്‍ജ്ജം നമ്മുടെ ജനങ്ങളിലേക്ക് നമുക്ക് എത്തിക്കേണ്ടതുണ്ട്. സ്വന്തമായൊരു ഭവനം കാത്തിരിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് വേണ്ടി എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യം ഒരു ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിത്തീരുമെന്ന് നാം ഉറപ്പ് വരുത്തണം. സാമര്‍ത്ഥ്യത്തിന്റെ ദേശവും, സമര്‍ത്ഥര്‍ക്ക് അന്തമില്ലാത്ത അവസരങ്ങളുടെ ദേശവുമായി ഒരു ആധുനിക ഇന്ത്യയെ നാം രൂപപ്പെടുത്തണം.
Post Your Comments