കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ചെന്നൈ എഫ്.സി തിരികെ പിടിച്ചു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈ എഫ് സി തറപറ്റിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ചെന്നൈ രണ്ട് ഗോളടിച്ച് വിജയം പിടിച്ച് വാങ്ങിയത്.
ആഷ്‌ലി വെസ്റ്റ് വൂഡിന്റെ കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ കൊല്‍ക്കത്ത ആദ്യ പകുതിയില്‍ മിന്നുന്ന കളിയാണ് കാഴ്ചവച്ചത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍, ആദ്യ മത്സരത്തിന് ഇറങ്ങിയ, മാര്‍ട്ടിന്‍ പാറ്റേഴ്‌സണ്‍ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. 44-ാം മിനിറ്റിലായിരുന്നു ഗോള്‍.
ഒരു ഗോളിന് പിന്നില്‍ നിന്ന ചെന്നൈ രണ്ടാം പകുതിയിലെത്തിയപ്പോള്‍ ആക്രമണോത്സുകത പുറത്തെടുത്തു. തുടര്‍ന്ന് 51-ാം മിനിറ്റില്‍ മെയില്‍സണ്‍ ആല്‍വേസിലൂടെ ചെന്നൈ സമനില പിടിച്ചു. 64-ാം മിനിറ്റില്‍ ജെജെയിലൂടെ ചെന്നൈ ലീഡ് ഉയര്‍ത്തി. കൊല്‍ക്കത്തയില്‍ ചെന്നൈയിന്റെ ആദ്യ വിജയമാണിത്. ജയത്തോടെ 23 പോയന്റുനായി ചെന്നൈയിന്‍ ലീഗിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
Post Your Comments