Uncategorized

ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് വികാരഭരിതമായി യാത്ര പറഞ്ഞ് സിഫ്‌നിയോസ്

കൊച്ചി: ബ്ലാസ്റ്റേഴ്സ് ആരാധകരോട് വികാര നിര്‍ഭരമായി യാത്രപറഞ്ഞിരിക്കുകയാണ് ഡച്ചു താരം മാര്‍ക് സിഫ്‌നിയോസ്. സീസണിന്റെ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധം ഉപേക്ഷിച്ച് മടങ്ങുന്ന താരം ട്വിറ്ററിലൂടെയാണ് ആരാധകരോട് യാത്ര പറഞ്ഞത്.

ബ്ലാസ്റ്റേഴ്സിലെ തന്റെ നാളുകള്‍ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്നും ആരാധകരുടെ പിന്തുണയും ഗ്യാലറിയിലെ മഞ്ഞപ്പടയുടെ ആരവവും എന്നും തന്റെ ഓര്‍മകളില്‍ നിലനില്‍ക്കുമെന്നും സിഫ്നിയോസ് പറഞ്ഞു. ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുന്നോട്ടു പോക്കിന് ആശംസകളും സിഫ്‌നിയോസ് നേര്‍ന്നു.

മാനേജ്‌മെന്റും താരവും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ സിഫ്‌നിയോസിനെ റിലീസ് ചെയ്യുന്ന തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ബ്ലാസ്റ്റേഴ്സ് നിരയിലെ ടോപ് സ്‌കോറര്‍മാരിലൊരാളായ സിഫ്നിയോസിന് ടൂര്‍ണമെന്റിനിടയില്‍ ഒരിക്കല്‍ പോലും പരുക്കിന്റെ പിടിയില്‍ പെട്ടിട്ടില്ല. ഈ സീസണില്‍ നാല് ഗോളുകളാണ് സിഫ്‌നിയോസ് നേടിയത്. ഒരു ഗോളിന് അസിസ്റ്റും ചെയ്തിരുന്നു.

സിഫ്നിയോസിനു പുറമേ തോളിനു പരിക്കേറ്റ കിസിറ്റോയെയും ബെര്‍ബറ്റോവിനെയും റിലീസ് ചെയ്യാന്‍ മാനേജ്മെന്റിനു പദ്ധതിയുണ്ടെന്ന് സൂചനകളുണ്ട്. ടീമില്‍ ചേരാന്‍ രണ്ടു വിദേശ താരങ്ങള്‍ കൊച്ചിയിലെത്തിയെന്നും വാര്‍ത്തകളുണ്ടെങ്കിലും ഇവര്‍ ആരൊക്കെയാണെന്ന് വ്യക്തമല്ല.

 

shortlink

Post Your Comments


Back to top button