Latest NewsIndiaNews

ആഗോള സാമ്പത്തിക വേദിയിൽ ഇന്ത്യക്ക് അഭിമാനമായും, ആവേശമായും നരേന്ദ്ര മോദിയുടെ വാക്കുകൾ : ഏറ്റവും ഒടുവിൽ 20 വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ ഉണ്ടായിരുന്നതിന്റെ ആറിരട്ടി സാമ്പത്തിക കരുത്തുമായി ദാവോസിൽ ഇപ്പോഴത്തെ പ്രധാനമന്ത്രി

ദാവോസ്: ലോക സാമ്പത്തിക ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തിൽ നരേന്ദ്ര മോദി തന്നെ താരം. ഇന്ത്യയുടെ നേട്ടങ്ങളെ എണ്ണിയെണ്ണി അവതരിപ്പിച്ചും, ഇന്നത്തെ ഇന്ത്യ പിന്തുടരുന്നത് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ആണെന്നും മോദി ദാവോസില്‍ പറഞ്ഞു. നീണ്ട കര ഘോഷങ്ങളോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകളെ ലോക നേതാക്കൾ സ്വാഗതം ചെയ്തത്. ഭീകര വാദത്തെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും സംരക്ഷണ വാദത്തെ കുറിച്ചുമാണ് പ്രധാനമന്ത്രി മുഖ്യമായും പരാമർശിച്ചത്. ഇന്ത്യയുടെ വികസന മുന്നേറ്റം വിശദീകരിച്ചായിരുന്നു പ്ലീനറി സമ്മേളനം മോദി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജിഡിപി വളര്‍ച്ച ആറു മടങ്ങു വര്‍ധിച്ചതായും മോദി പറഞ്ഞു.

ഒരു ഇന്ത്യന്‍ നേതാവിന് ലഭിച്ച ഏറ്റവും വലിയ അവസരമായാണ് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മോദിയെ ക്ഷണിച്ചതിനെ വിലയിരുത്തിയത്. തനത് ശൈലിയില്‍ കത്തിക്കയറി ഉദ്ഘാടനം അതിഗംഭീരമാക്കി. മോദിയുടെ വാക്കുകളെ അതീവശ്രദ്ധയോടെയാണ് ലോക നേതാക്കള്‍ കേട്ടിരുന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളായ ഭീകരവാദത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരെ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ചു നിലയുറപ്പിക്കണം. വിദ്യാസമ്പന്നരായ യുവാക്കള്‍ ഭീകരവാദത്തില്‍ ആകൃഷ്ടരാകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ഭീകരവാദത്തില്‍ നല്ലതെന്നും ചീത്തയെന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധി അത്യാഗ്രഹത്തിനും ചൂഷണത്തിനുമെതിരായിരുന്നു. അതേ പാതയാണ് ഇന്ത്യ ഇന്നും പിന്തുടരുന്നത്.

എന്നാല്‍ ഇന്ന് ലോകത്തെ ജനങ്ങള്‍ സ്വന്തം സുഖവും സമാധാനവും മാത്രമാണ് ആഗ്രഹിക്കുന്നത്. ഇതാണ് ഭീകരവാദത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റേയും പ്രധാനകാരണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷം കൊണ്ട് കാലഹരണപ്പെട്ട 1400ല്‍ അധികം നിയമങ്ങള്‍ പൊളിച്ചെഴുതിയതായും ഇത് സര്‍ക്കാരിന്റെ ശക്തിയെയാണു കാണിക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യയിലെ സമ്പത്തിനെ പരിണമിപ്പിക്കാനാണു ജിഎസ്ടി നടപ്പാക്കിയത്. ഈ നയത്തിന് ആഗോള വാണിജ്യതലങ്ങളില്‍ വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. എല്ലാ മേഖലകളും നേരിട്ടുള്ള വിദേശനിക്ഷപത്തിനായി തുറന്നുകൊടുത്തിരിക്കുകയാണ്. ജിഎസ്ടി നടപ്പാക്കിയതിലൂടെ ഒരു രാജ്യം ഒരു നികുതിയെന്ന സമ്ബ്രദായത്തിലേക്കു ഇന്ത്യ മാറിയെന്നും മോദി പറഞ്ഞു.

ഇതിന് മുമ്പ് 1997 ലാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആഗോള സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നത് .അന്ന് ഇന്ത്യയുടെ ജിഡിപി 40000 ഡോളര്‍ ആയിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയുടെ ജിഡിപി അതിന്റെ ആറ് ഇരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ ശക്തികള്‍ രാഷ്ട്രീയ സാമ്പത്തിക മേഖകളിലെ സന്തുലിനാവസ്ഥയ്ക്ക് മാറ്റം വരുത്തി. ആഗോളതലത്തില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുക എന്നത് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യത്തിലും സമഗ്രതയിലും വിശ്വസിക്കുന്ന ഇന്ത്യ ലോകത്തെ തന്നെ ഒറ്റ കുടുംബമായിട്ടാണ് കാണുന്നത്. രാജ്യങ്ങള്‍ തമ്മിലുളള എല്ലാ മേഖലകളിലേയും അകലങ്ങള്‍ ദൂരീകരിക്കാന്‍ ഈ കാഴ്ചപാട് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2025 ആകുമ്ബോഴേക്കും അഞ്ചുലക്ഷം കോടി ഡോളറിലെത്തിക്കുകയാണു (317 ലക്ഷം കോടി രൂപ) ലക്ഷ്യമെന്നും വിശദീകരിച്ചു. ഇതാദ്യമായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ലോക സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യുന്നത്. ലോകത്ത് സമാധാനം നിലനിര്‍ത്തുന്നതിനായുളള ഐക്യരാഷ്ട്ര സംഘടനയുടെ പദ്ധതിയില്‍ ഏറ്റവും വലിയ പങ്കാളിയാണ് ഇന്ത്യ. മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമത്തിനായി ഇന്ത്യ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.

ഇന്ത്യ എന്നാല്‍ വൈവിധ്യങ്ങളുടെയും ജനാധിപത്യത്തിന്റേയും നാടാണ്.വിവിധ മതത്തിലുളളവര്‍ വിവിധ സംസ്‌കാരം പിന്തുടരുന്നവര്‍,പല ഭാഷകള്‍ സംസാരിക്കുന്നവര്‍ എല്ലാം ഉള്‍പ്പെട്ടതാണ് ഇന്ത്യന്‍ സമൂഹം.ഇന്ത്യയില്‍ ജനാധിപത്യം ഒരു രാഷ്ട്രീയ ഉപകരണമല്ല മറിച്ച് ജീവിത ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെ നല്ലതെന്നും മോശമെന്നും വേര്‍തിരിച്ചു കാണുന്നത് അതിലേറെ അപകടകരമാണ്. ‘വസുധൈവ കുടുംബകം’ എന്ന ഭാരതത്തിന്റെ പുരാതന ദര്‍ശനം പിളര്‍പ്പിന്റെയും അകല്‍ച്ചയുടെയും ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാണെന്നും മോദി പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തിന്റെ അല്ല മറിച്ച് രാജ്യത്തിന്റെ മുഴുവന്‍ പുരോഗതിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ’എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം’ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button