KeralaLatest NewsNews

ഗര്‍ഭാശയ കാന്‍സര്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാം

കാസര്‍ഗോഡ്‌•ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമെങ്കില്‍ ആറുവര്‍ഷത്തിനകം ജില്ലയില്‍ ഗര്‍ഭാശയ കാന്‍സര്‍ നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുമെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീശന്‍ ബി പറഞ്ഞു. ഇക്കാലയളവില്‍ വേണ്ടത്ര മുന്നൊരുക്കത്തോടെ ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ ഗര്‍ഭാശയ കാന്‍സര്‍മൂലം ഒരു രോഗിയും ജില്ലയില്‍ മരിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ വിമുക്തജില്ല പദ്ധതിയായ കാന്‍കാസ് ബി പോസിറ്റീവ് പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റില്‍ നടത്തിയ ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ സ്ത്രീകള്‍ക്കിടയില്‍ പ്രധാനമായും കണ്ടുവരുന്നത് സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, വായിലുണ്ടാകുന്ന അര്‍ബുദം, ശ്വാസകോശാര്‍ബുദം എന്നിവയാണ്. പുരുഷന്മാര്‍ക്കിടയില്‍ ശ്വാസകോശാര്‍ബുദം, വായിലുണ്ടാകുന്ന അര്‍ബുദം, ആമാശയാര്‍ബുദം എന്നിവയും. ശക്തമായ ഇടപെടല്‍ നടത്തിയാല്‍ അഞ്ച്-ആറുവര്‍ഷത്തിനകം ഗര്‍ഭാശയ അര്‍ബുദം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുവാന്‍ കഴിയും. ഒരുരോഗിയും ജില്ലയില്‍ ഈ അസുഖംമൂലം മരിക്കില്ല. എന്നാല്‍ മറ്റ് കാന്‍സറുകളുടെ കാര്യത്തില്‍ ഇതു സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ആയൂര്‍ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ചും ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖമാണ് കാന്‍സര്‍. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ്. എന്നാല്‍ കാന്‍സറിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് നമ്മള്‍. അസുഖത്തെക്കുറിച്ചും അസുഖം വരുന്നതിനെക്കുറിച്ചും ശരിയായ അവബോധമില്ലാത്തതാണ് കാരണം. മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ എല്ലാത്തരം കാന്‍സറും നിയന്ത്രണവിധേയമാക്കുവാന്‍ കഴിയും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുപരിധിവരെ സൗജന്യചികിത്സയും ലഭ്യമാണെന്നും ഡോ. സതീശന്‍ ബി പറഞ്ഞു.

ബോധവത്ക്കരണ ക്ലാസ് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ഹര്‍ഷാദ് വോര്‍ക്കാടി, ഷാനവാസ് പാദൂര്‍, ഡോ.രമേശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ്കുമാര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ നന്ദിയും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button