Latest NewsIndiaNews

വാര്‍ധക്യത്തില്‍ അമ്മ തനിച്ചാവാതിരിക്കാന്‍ അമ്മയുടെ വിവാഹം നടത്തിയ മകള്‍; ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് മംഗല്യ മുഹൂര്‍ത്തം

ജയ്പൂര്‍: അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ ആകെ തകര്‍ന്നു. അമ്മ ആറ് മാസത്തോളം മാനസിക സമ്മര്‍ദ്ദത്തിലകപ്പെട്ട് ആരോടും മിണ്ടാതെ കഴിഞ്ഞു.’അച്ഛന്റെ ഫോട്ടോക്ക് മുന്നില്‍ നിന്ന് അദ്ദേഹത്തെ എന്തിനു ഞങ്ങളില്‍ നിന്ന് കൊണ്ടുപോയി എന്ന് ദൈവത്തോട് ചോദിക്കുന്ന അമ്മയെ ആണ് ദിനവും കണ്ടിരുന്നത്. ഉറക്കത്തില്‍നിന്നു ഞെട്ടിയെഴുനേറ്റ് അച്ഛന്‍ എവിടെ എന്ന് ചോദിക്കുമായിരുന്നു അമ്മ ‘ – സംഹിത പറയുന്നു .

പിന്നീട് ജോലിക്കായി മറ്റൊരു നഗരത്തിലേക്കു സംഹിതയും പോയതോടെ അമ്മ ഗീത വീണ്ടും ഒറ്റപ്പെട്ടു. അതോടെ അമ്മയെ സംരക്ഷിക്കാന്‍ ഒരു വഴി കണ്ടെത്തി അമ്മയെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു അത്.തുടക്കത്തില്‍ സംഹിതയുടെ തീരുമാനത്തെ ഗീത എതിര്‍ത്തു, . എന്നാല്‍ വൈകാതെ അവള്‍ വിവാഹത്തിന്റെ ആവശ്യകതയെകുറിച്ചു ഗീതയെ ബോധ്യപ്പെടുത്തി ഗീതയെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു.’ഈ ലോകത്തു എല്ലാവര്‍ക്കും സന്തോഷത്തോടെ ജീവിക്കാന്‍ അവകാശമുണ്ട്. വാര്‍ധക്യത്തില്‍ തനിച്ചാകുമ്പോള്‍ ഒരു സഹായം വേണമെന്നു തോന്നുമ്പോള്‍ സമൂഹമോ ബന്ധുക്കളോ തിരിഞ്ഞുനോക്കാനുണ്ടാവില്ല. ആരൊക്കെ കൂടെ നിന്നാലും ഇല്ലെങ്കിലും പങ്കാളിയോളം പകരമാവില്ല. അച്ഛന്‍ നേരത്തെ പോയത് അമ്മയുടെ തെറ്റല്ല പക്ഷെ ജീവിതത്തിന് മറ്റൊരു അവസരം നല്‍കാത്തത് അമ്മയുടെ മാത്രം തെറ്റായിരിക്കും ‘ – സംഹിതയുടെ ഈ വാക്കുകളാണ് അമ്മയെ ഇരുത്തി ചിന്തിപ്പിച്ചത്.

തുടര്‍ന്ന് അങ്ങനെ അമ്മയുടെ മുന്‍ജീവിതത്തെകുറിച്ചും ഇഷ്ടങ്ങളേയും അനിഷ്ടങ്ങളെയും കുറിച്ചൊക്കെ വിശദമാക്കി മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. അമ്മയെ മനസിലാക്കുന്ന സങ്കടങ്ങളില്‍ കൈതാങ്ങാകുന്ന ഒരാളായിരിക്കണമെന്ന് സംഹിത ആഗ്രഹിച്ചു.

മാട്രിമോണിയല്‍ സൈറ്റിലെ പരസ്യം കണ്ട് 55 വയസ്സുള്ള ഗോപാല്‍ വിവാഹാലോചനയുമായി ഇവരെ സമീപിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ ഭാര്യ 7 വര്‍ഷം മുന്‍പ് ക്യാന്‍സര്‍ രോഗം പിടിപ്പെട്ടതിനെ തുടര്‍ന്ന് മരിച്ച് പോയിരുന്നു. ഇതിനിടയില്‍ ഗീതയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഈ സമയങ്ങളില്‍ ഗീതയ്ക്ക് ശ്രുശ്രൂഷയുമായി ഗോപാല്‍ മുഴുവന്‍ സമയവും ആശുപത്രിയില്‍ ഉണ്ടായിരുന്നു.ഒടുവില്‍ ഗീതയ്ക്ക് ഗോപാലിനോട് മാനസികമായ ഒരു അടുപ്പം ഉണ്ടാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ വരെ അവഗണിച്ചാണ് സംഹിത അമ്മയുടെ വിവാഹം നടത്തിയത്.

രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ സംഹിത അഗര്‍വാളിന് ഇതോടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. അമ്മയ്ക്കു വേണ്ടി വ്യത്യസ്തമായി ചിന്തിച്ച ഈ മകള്‍ക്കു സമൂഹമാധ്യമത്തിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button