Latest NewsNewsIndia

സുപ്രീം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂര്‍ണരൂപം വായിക്കാം

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പത്ര സമ്മേളനം നടത്തിയ ശേഷം ചീഫ് ജസ്റ്റിസ് മിശ്രക്ക് അയച്ച കത്തിന്റെ പൂർണ്ണ രൂപം വായിക്കാം. മുതിര്‍ന്ന ജഡ്ജിമാര്‍ പ്രധാനമായും നാല് പ്രശ്നങ്ങളാണ് ചീഫ് ജസ്റ്റിസിന് മുന്‍പാകെ സമര്‍പ്പിച്ചത്.

പ്രിയ ചീഫ് ജസ്റ്റീസ്,​

ചില കേസുകളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ നീതിന്യായ വ്യവസ്ഥിതിയുടെ പ്രവര്‍ത്തനത്തെ ഒന്നടങ്കം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് അറിയിക്കട്ടെ. ഇതില്‍ ജഡ്ജിമാര്‍ക്ക് കടുത്ത ആശങ്കയും അമര്‍ഷവുമുണ്ട്. ഇത്തരം വിധികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഭരണ നിര്‍വഹണത്തെ മാത്രമല്ല,​ ഹൈക്കോടതികളുടേയും സ്വാതന്ത്ര്യത്തേയും ബാധിക്കുന്നതാണ്. കൊല്‍ക്കത്ത,​ ബോംബെ,​ മദ്രാസ് ഹൈക്കോടതികള്‍ സ്ഥാപിതമായപ്പോള്‍ തന്നെ പാരന്പര്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. ഈ പാരന്പര്യങ്ങള്‍,​ ഒരു നൂറ്റാണ്ട് പഴക്കമുള്ള സുപ്രീം കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. ഇവയ്ക്ക് ആം ഗ്ളോ – സാക്സണ്‍ കാലത്തെ നിയമശാസ്ത്രത്തിലവും വേരുകളുണ്ട്.

ചീഫ് ജസ്റ്റിസ് ആണ് കോടതികളുടെ അധിപനെന്നും കോടതികളുമായി ബന്ധപ്പെട്ട സമയക്രമം തീരുമാനിക്കാനുള്ള അവകാശം ചീഫ് ജസ്റ്റിസിന് ആണെന്നുമാണ് ഒരിക്കല്‍ പറഞ്ഞു വയ്ക്കപ്പെട്ടിരുന്ന തത്വസംഹിത. കേസുകള്‍ ഏതെല്ലാം ജഡ്ജിമാര്‍ പരിഗണിക്കണം ഏത് ക്ളാസില്‍ പെടുത്തണം എന്നെല്ലാം തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസാണ്. ഇത്തരത്തില്‍ കേസുകള്‍ക്ക് സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത് അവയുടെ സമയബന്ധിതവും അച്ചടക്കത്തോടെയുമുള്ള തീര്‍പ്പാക്കലുകള്‍ക്കാണ്. എന്നാല്‍,​ അത് മേലധികാരിയായ ചീഫ് ജസ്റ്റിസിന് തന്റെ സഹപ്രവര്‍ത്തകരുടെ മേലുള്ള അധികാരമായി കാണരുത്. നീതിന്യായ വ്യവസ്ഥയില്‍ എല്ലാ ജഡ്ജിമാരും തുല്യരാണ്. എന്നാല്‍,​ നിയമസംഹിത അനുസരിച്ച്‌ അതില്‍ പ്രഥമ സ്ഥാനം ചീഫ് ജസ്റ്റിസിനാണ്. അതില്‍ കൂടുതലോ കുറവോ ഇല്ല. കേസുകളുടെ സമയ​ക്രമം തീരുമാനിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസിന് വഴികാട്ടുന്നതിനായി ചില തത്വങ്ങളുണ്ട്. ഒരു പ്രത്യേക കേസിന്റെ ഘടന അനുസരിച്ച്‌ അത് പരിഗണിക്കാന്‍ ശക്തമായ ബെഞ്ച് ആവശ്യമാണ്. ഇത്തരം പാരന്പര്യങ്ങളും പിന്തുടരുന്നുണ്ട്.

മേല്‍പ്പറഞ്ഞ തത്വങ്ങളെ അടിസ്ഥാനമാക്കി,​ സുപ്രീം കോടതി അടക്കമുള്ള ബഹുമുഖ നിയമ സംവിധാനം കേസുകളിന്മേല്‍ തീരുമാനം എടുക്കുന്പോള്‍ ഉചിതമായ ബെഞ്ചിന്റെ അഭിപ്രായം ആരായുകയും ബെഞ്ചിലെ അംഗങ്ങളുടെ എണ്ണവും കണക്കിലെടുക്കുകയും വേണം. ഈ തത്വങ്ങളില്‍ നിന്നുള്ള വ്യതിതചലനം അസാധാരണവും അതൃപ്തിയും ഉണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങളായിരിക്കും ക്ഷണിച്ചു വരുത്തുക. ഇത് കോടതികളുടെ ഐക്യത്തിലും അഖണ്ഡതയിലും സംശയം ഉണര്‍ത്തു. അങ്ങനെ ഉണ്ടാവുന്ന അരാജകത്വങ്ങളെ കുറിച്ച്‌ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല.

ഇത്തരത്തില്‍ പരിണിത ഫലങ്ങളുണ്ടാക്കുന്ന രണ്ട് കേസുകള്‍ ഉണ്ടായെന്നത് ഏറെ ദു;ഖകരമാണെന്ന് പറയാതെ വയ്യ. രണ്ടു കേസുകള്‍ ബെഞ്ചുകളുടെ മുന്‍ഗണന അനുസരിച്ച്‌ തികച്ചും യുക്തിരഹിതമായി ചീഫ് ജസ്റ്റിസ് തന്നെ നല്‍കിയ കാര്യം നമ്മുടെ മുന്നിലുണ്ട്. ഇത് എന്ത് വില കൊടുത്തും തടയേണ്ടതാണ്.

നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നതില്‍ കാലതാമസം (മെമ്മോറാണ്ടം ഒഫ് പ്രൊസീജര്‍)​ വരരുതെന്ന് 2017 ഒക്ടോബര്‍ 27ലെ ആര്‍.പി.ലൂത്രയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ വിധിയുള്ളത് ശ്രദ്ധയില്‍പെടുത്തുകയാണ്. സുപ്രീം കോടതിയിലെ ഭരണഘടനാ ബെഞ്ചിന്റെ പരിധിയില്‍ വരുന്നതാണ് മെമ്മോറാണ്ടം ഓഫ് പ്രൊസീജര്‍ എന്നിരിക്കെ ഇക്കാര്യത്തില്‍ മറ്റൊരു ബെഞ്ച് ഇടപെടുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല.

ഭരണഘടനാ ബെഞ്ചിന്റെ തീരുമാനത്തിന് ശേഷം വിശദമായ ചര്‍ച്ചകള്‍ ചീഫ് ജസ്റ്റിസ് അടക്കമുള്ള അഞ്ച് ജഡ്ജിമാരടങ്ങിയ കൊളീജിയം നടത്തുകയും മെമ്മോറാണ്ടം ഒഫ് പ്രൊസീജറിന് അന്തിമ രൂപം നല്‍കി ചീഫ് ജസ്റ്റിസ് അത് കേന്ദ്ര സര്‍ക്കാരിന് 201 മാര്‍ച്ചില്‍ അയയ്ക്കുകയും ചെയ്താണ്. എന്നാല്‍ ഇതിനോട് കേന്ദ്രം പ്രതികരിച്ചിരുന്നില്ല. അതിനര്‍ത്ഥം കേന്ദ്ര സര്‍ക്കാര്‍ മെമ്മോറാണ്ടം ഒഫ് പ്രൊസീജര്‍ അംഗീകരിച്ചു എന്നാണ്. അതിനാല്‍ മെമ്മോറാണ്ടം ഒഫ് പ്രൊസീജറുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നീരീക്ഷണങ്ങള്‍ നടത്താനോ വിഷയം അനിശ്ചിതകാലത്തേക്ക് നീട്ടിക്കൊണ്ടു പോകാനോ സാഹചര്യമില്ല.

2017 ജൂലായ് നാലിന്,​​ ഏഴംഗ സുപ്രീം കോടതി ബെഞ്ച് ജസ്റ്റിസ് സി.എസ്.കര്‍ണന്റെ കാര്യത്തില്‍ ഇത്തരമൊരു തീരുമാനം എടുത്തിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനും ഇംപീച്ച്‌മെന്റിന് പകരമായുള്ള ശിക്ഷാമാര്‍ഗം കണ്ടെത്തണമെന്നും ജഡ്ജിമാരില്‍ രണ്ടുപേര്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മോറാണ്ടം ഓഫ് പ്രൊസീജറുമായി ബന്ധപ്പെട്ട് അന്ന് ജഡ്ജിമാര്‍ ആരും തന്നെ ഒരു നിരീക്ഷണവും നടത്തിയിരുന്നില്ല.

മെമ്മോറാണ്ടം ഒഫ് പ്രൊസീജറുമായി ബന്ധപ്പെട്ട ഏത് കാര്യവും ചീഫ് ജസ്റ്റിസിന്റെ കോണ്‍ഫറന്‍സിലും ഫുള്‍ കോര്‍ട്ടിന്റെ സാന്നിദ്ധ്യത്തിലുമായിരിക്കണം ചര്‍ച്ച ചെയ്യേണ്ടത്. ഇത്തരം സുപ്രധാനമായ ഒരു കാര്യം കോടതിയുടെ ഭരണഘടനാ ബെഞ്ചല്ലാതെ മറ്റൊരു ബെഞ്ചും പരിഗണിക്കരുത്. അതിനാല്‍ തന്നെ നേരത്തെ പറഞ്ഞ കാര്യം അതിഗൗരവത്തോടെ കാണണം. ഇത്തരം കാര്യങ്ങളില്‍ മറ്റ് കോടതികളുമായും ആവശ്യമെങ്കില്‍ കൊളീജിയത്തിലെ മറ്റ് അംഗങ്ങളോടും ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ പരിഹാര നടപടികള്‍ കൈക്കൊള്ളേണ്ട ബാദ്ധ്യത ചീഫ് ജസ്റ്റിസിനുണ്ട്.

എന്ന്
ജെ.ചെലമേശ്വര്‍
രഞ്ജന്‍ ഗോഗോയ്
മദന്‍ ബി ലോകൂര്‍
കുര്യന്‍ ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button