Latest NewsNewsLife Style

ഗര്‍ഭ നിരോധനത്തിന് സഹായിക്കുന്ന 11 വഴികള്‍ ഇവയാണ്

ഗര്‍ഭം ധരിക്കുമോ എന്ന പേടി കൊണ്ട് പലരും സെക്‌സിലേര്‍പ്പെടാന്‍ ഭയപ്പെടാറുണ്ട്. എന്നാല്‍ ഇനി അതിനെകുറിച്ചോര്‍ത്ത് പേടിക്കേണ്ട. സുരക്ഷിതമായ ഗര്‍ഭ നിരോധനത്തിന് സഹായിക്കുന്ന 11 വഴികളുണ്ട്. ആ പതിനൊന്ന് വഴികള്‍ ഇവയാണ്

1. അണ്ഡവിസര്‍ജന അവബോധം

പ്രകൃതി സഹജ കുടുംബാസൂത്രണം എന്ന് ഈ രീതിയെ വിളിക്കാം. സ്ത്രീക്ക് പ്രത്യുല്‍പാദനശേഷി കൂടുന്ന ദിനങ്ങളില്‍ സംഭോഗം ഒഴിവാക്കുക. ശരീരതാപനില വര്‍ധിക്കുന്നതും യോഗീസ്രവത്തിലുണ്ടാകുന്ന മാറ്റവും നോക്കി അണ്ഡവിസര്‍ജന സമയം മനസിലാക്കാം. ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടും ഈ രീതിയെ പറ്റി കൂടുതല്‍ മനസിലാക്കാം. 75% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്.

2. ലിംഗം പിന്‍വലിക്കല്‍

സ്ഖലനം നടക്കുന്നതിന് മുമ്പായി യോനിയില്‍ നിന്നും പുരുഷലിംഗം പിന്‍വലിക്കുന്ന രീതി പണ്ടുമുതലേ സ്വീകരിച്ചു വരുന്നതാണ്.

3.കോണ്ടം(ഉറ)

ഗര്‍ഭനിരോധന ഉറകള്‍ പൊതുവെ സ്വീകാര്യമായ രീതിയാണ്. ബീജങ്ങള്‍ സ്ത്രീശരീരത്തില്‍ എത്തുന്നത് കോണ്ടം തടയുന്നു. ലൈംഗികരോഗങ്ങള്‍ തടയാന്‍ കഴിയുന്നുവെന്നതും ഇതിന്റെ ഗുണമാണ്. പുരുഷന്മാരിലും സ്ത്രീകളിലും ഉപയോഗിക്കുന്ന കോണ്ടങ്ങളുണ്ടെങ്കിലും പുരുഷന്മാര്‍ക്ക് ഉപയോഗിക്കാവുന്ന കോണ്ടമാണ് കൂടുതല്‍ പ്രചാരത്തിലുള്ളതും വിജയസാധ്യത ഉള്ളതും. 84% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്. ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഗര്‍ഭിണി ആകാനുളള സാധ്യത 15% മാത്രമാണ്. ഒരു കോണ്ടം ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ചില പുരുഷന്മാര്‍ക്ക് കോണ്ടം ഉപയോഗം അസ്വസ്ഥതകള്‍ ഉണ്ടാക്കും.

4. ബീജനാശിനികള്‍

പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികള്‍(സ്‌പേര്‍മിസൈഡ്) ഗര്‍ഭനിരോധനത്തിനായി തെരഞ്ഞെടുക്കുന്ന രീതി വിദേശത്താണ് കൂടുതലായി പ്രചാരത്തിലുള്ളത്. ലേപനം, ജെല്ലി രൂപങ്ങളിലുള്ള ഇവ സ്ത്രീകളുടെ യോനിയിലാണ് പുരട്ടേണ്ടത്. ബന്ധപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. അടിക്കടിയുള്ള ഉപയോഗം അസ്വസ്ഥതകള്‍ക്കും അണുബാധയ്ക്കും ലൈംഗികരോഗങ്ങള്‍ക്കും ഇടയാക്കിയേക്കും. ഉപയോഗിക്കാന്‍ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്.

5. ഡയഫ്രം

ഗര്‍ഭാശയമുഖത്ത് ധരിക്കുന്ന ഒന്നാണ് ഡയഫ്രം. ഇതില്‍ ബീജനാശിനികള്‍ പുരട്ടുന്നത് കൂടുതല്‍ ഫലം നല്‍കും. ഉറകളേക്കാള്‍ സുരക്ഷിതമായായ രീതിയാണിത്.ലൈംഗികരോഗങ്ങളെ തടുക്കാന്‍ ഇവയ്ക്ക് ശേഷിയില്ല. ആര്‍ത്തവസമയത്ത് ഇവ ഉപയോഗിക്കാന്‍ പാടുള്ളതല്ല. 85% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്. ഡയഫ്രത്തിന് സമാനമായി സെര്‍വിക്കല്‍ ക്യാപ്പുകള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ബീജങ്ങള്‍ ഗര്‍ഭപാത്രത്തിലേക്ക് കടക്കാതെ ഇവ സംരക്ഷിക്കുന്നു. ഇതുവരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദം. 48 മണിക്കൂര്‍ വരെ സെര്‍വിക്കല്‍ ക്യാപുകള്‍ ഉപയോഗിക്കാം.എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ട് ഗര്‍ഭനിരോധന ഉപാധികളും ഡോക്ടറുടെ സഹായത്തോടെ വേണം സ്ഥാപിക്കാന്‍.

6. ഗര്‍ഭനിരോധന സ്‌പോഞ്ച്

ടുഡെ സ്‌പോഞ്ച് എന്നും അറിയപ്പെടുന്ന ഗര്‍ഭ നിരോധന സ്‌പോഞ്ച് ബീജനാശിനികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഗര്‍ഭാശയമുഖത്താണ് ഇത് സ്ഥാപിക്കുക. ഇതുവരെ ഗര്‍ഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതല്‍ ഫലപ്രദം. ഡയഫ്രത്തെയും സെര്‍വിക്കല്‍ ക്യാപിനെയും അപേക്ഷിച്ച് ഡോക്ടറുടെ സഹായം ആവശ്യമില്ലെങ്കിലും ഇവ ഗര്‍ഭാശയമുഖത്ത് സ്ഥാപിക്കുന്നത് അല്‍പം സങ്കീര്‍ണമാണ്. ലൈംഗികരോഗ പ്രതിരോധശേഷിയില്ല. മാസമുറ സമയത്ത് ഉപയോഗിക്കരുത്.

7. ഗര്‍ഭനിരോധന ഗുളികകള്‍

സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജും പ്രൊജസ്‌റ്റോസ്റ്റിറോണുമാണ് മിക്കവാറും ഗര്‍ഭനിരോധന ഗുളികകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ദിവസവും ഉപയോഗിക്കുകയാണെങ്കില്‍ ഈ രീതി 92% ഫലപ്രദമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇവ കഴിക്കാവൂ. ഹോര്‍മോണ്‍ ഗുളികള്‍ ആയതിനാല്‍ തന്നെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം.

8. ഗര്‍ഭനിരോധന പാച്ചുകള്‍

ദിവസവും ഗുളിക കഴിക്കാന്‍ മറക്കുന്നവര്‍ക്ക് വേണ്ടിയാണ് പാച്ചുകള്‍. ഓര്‍ത്തോ ഇവ്ര പാച്ചുകള്‍ എന്നറിയപ്പെടുന്ന ഇവ ശരീരത്തില്‍ ധരിക്കാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ മാറ്റി ധരിക്കേണ്ടതാണ്. ഗുളികളെ പോലെ ഹോര്‍മോണ്‍ ഉപയോഗിച്ചാണ് ഇവ ഗര്‍ഭധാരണം തടയുന്നത്. ഗുളികളുടെ അത്രതന്നെ ഫലപ്രദവുമാണ്.

9. വജൈനല്‍ റിംഗ്

യോനിയില്‍ ധരിക്കാവുന്ന പ്ലാസ്റ്റിക് റിംഗുകളാണിവ. ഗുളികയെയും പാച്ചുകളെയും പോലെ ഹോര്‍മോണ്‍ ഉപയോഗിച്ചുള്ള ഗര്‍ഭനിരോധമാര്‍ഗമാണിത്. മാസത്തില്‍ ഒരു തവണയേ മാറ്റേണ്ടതുള്ളു. യോനിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും പാര്‍ശ്വഫലങ്ങള്‍ക്കും സാധ്യതയുണ്ട്.

10. ഗര്‍ഭനിരോധന കുത്തിവെപ്പ്;

ഡിപ്പോ പ്രോവെറ എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ മൂന്നുമാസം വരെ ഗര്‍ഭധാരണം തടയും. 97% വിജയസാധ്യതയാണ് ഈ മാര്‍ഗത്തിനുള്ളത്. വര്‍ഷത്തില്‍ നാല് തവണ മാത്രമേ ഇവ ഉപയോഗിക്കാന്‍ പാടുള്ളു.

11.അടിയന്തര രീതികള്‍

ബലാത്സംഗം പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഗര്‍ഭനിരോധനത്തിനായി അടിയന്തര രീതികള്‍ അവലംബിക്കാറുണ്ട്. ഗര്‍ഭനിരോധന ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണുകളുടെ ഹൈഡോസ് നല്‍കുന്ന രീതിയാണിത്. ഹോര്‍മോണുകള്‍ ഇല്ലാത്ത ഗുളികളും ഉണ്ട്. ലൈംഗിക ബന്ധമുണ്ടായി 72 മണിക്കൂറിനകം ഉപയോഗിച്ചാലാണ് കൂടുതല്‍ വിജയ സാധ്യത. എന്നാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ഉപയോഗിച്ചാലും വിജയം കാണാറുണ്ട്. ഡോക്ടറുടെ സഹായത്തോടെ 57 ദിവസത്തിനുള്ളില്‍ കോപ്പര്‍ടി ഐയുഡി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button