KeralaLatest NewsNews

പാര്‍ട്ടിയെ വെട്ടിലാക്കി ഇ.പി. ജയരാജന്റെ ആധ്യാത്മിക ചിന്ത

കണ്ണൂര്‍ : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവിവാദത്തിനു പിന്നാലെ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ “ആധ്യാത്മിക പ്രഭാഷണ”വും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നു. കാസര്‍ഗോഡ് വേങ്ങക്കോട്ട് പെരുങ്കളിയാട്ട വേദിയില്‍ പ്രസംഗിക്കവേയാണു ജയരാജന്‍ ക്ഷേത്രദര്‍ശനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് അവതരിപ്പിച്ചത്. ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നും അനുഷ്ഠാനങ്ങള്‍ക്കു ശാസ്ത്രീയവശമുണ്ടെന്നുമാണു ജയരാജന്റെ “വെളിപാട്”. ജയരാജന്റേത് തികച്ചും ഒരു പുരോഹിതന്റെ വാക്കുകളാണെന്നായിരുന്നു അദ്ദേഹത്തിനുശേഷം പ്രസംഗിച്ച മുസ്ലിം ലീഗ് എം.എല്‍.എ: എന്‍.എ. നെല്ലിക്കുന്നിന്റെ അഭിപ്രായം.

ഇതും സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായി. ഹോമങ്ങളും പൂജാദികര്‍മങ്ങളും നടത്തുന്നതിലൂടെ മനുഷ്യസമൂഹത്തിന്റെ ബോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. പൂജാദികാര്യങ്ങള്‍ മനുഷ്യനു നന്മയുണ്ടാക്കുമെന്നും ജയരാജന്‍ പറഞ്ഞു. വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സി.പി.എമ്മില്‍ വ്യക്തമായ നിര്‍ദേശങ്ങളുണ്ട്. ജാതി-മത-വിശ്വാസസംബന്ധമായ കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രോത്സാഹിപ്പിക്കരുതെന്നാണു പാര്‍ട്ടി നിലപാട്. കടകംപള്ളിക്കു താക്കീതു നല്‍കിയ നേതൃത്വം, ക്ഷേത്രവിചാരത്തിന്റെ കാര്യത്തില്‍ ജയരാജനെ ഒഴിവാക്കിയാല്‍ ചോദ്യങ്ങളുയരും.

ഗുരുവായൂര്‍ വിഷയത്തില്‍ കടകംപള്ളിയെ പരസ്യമായി പിന്തുണച്ചു ബി.ജെ.പി. രംഗത്തെത്തിയിരുന്നു. നേരത്തേ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി വഴിപാട് കഴിച്ച മന്ത്രി കടകംപള്ളിക്കെതിരേ സംസ്ഥാനസമിതിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചതു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു. വിവാദം ഒഴിവാക്കാന്‍ മന്ത്രി സ്വയം ശ്രമിക്കേണ്ടിയിരുന്നെന്നും അദ്ദേഹത്തിന്റെ നടപടി പാര്‍ട്ടിയിലും പുറത്തും വിമര്‍ശനത്തിന് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഐഷാപോറ്റിയും എം.എം. മോനായിയും എം.എല്‍.എമാരായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ വിമര്‍ശിച്ചതാകട്ടെ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button