കൊച്ചി: മകളുടെ വിവാഹച്ചെലവ് വഹിക്കാന്‍ പിതാവിനു ബാധ്യതയുണ്ടെന്ന വ്യവസ്ഥ വിവാഹേതര ബന്ധത്തിലെ മകളുടെ കാര്യത്തിലും ബാധകമാണെന്നു ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു ദത്തെടുക്കല്‍ നിയമം വിവാഹേതര ബന്ധത്തിലെ മകളുടെ കാര്യത്തിലും ബാധകമായതിനാല്‍ വിവാഹച്ചെലവിനു പിതാവ് രണ്ടു ലക്ഷം രൂപ നല്‍കണമെന്നും കോടതി വ്യക്തമാക്കി.
വിവാഹച്ചെലവിനായി പിതാവ് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ടു മകള്‍ നല്‍കിയ ഹര്‍ജിയിലാണു ഡിവിഷന്‍ ബെഞ്ചിന്റെ വിധി. നേരത്തെ ഈ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി പാലക്കാട് കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണു മകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കല്യാണച്ചെലവ് നല്‍കാന്‍ പിതാവിനു ബാധ്യതയുണ്ടെങ്കിലും ആവശ്യത്തിലേറെ പണം ചെലവഴിച്ചശേഷം തുക മുഴുവന്‍ പിതാവ് നല്‍കണമെന്നു പറയാന്‍ കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കുടുംബക്കോടതിയിലെ ഹര്‍ജിയില്‍ യുവതി മകളല്ലെന്ന വാദമാണു പിതാവ് ഉന്നയിച്ചത്. യുവതിക്കു സ്വന്തം പേരിലുള്ള രണ്ടു കെട്ടിടങ്ങളില്‍നിന്നു വാടക കിട്ടുന്നുണ്ടെന്നും വിവാഹച്ചെലവിന് ഇതു പര്യാപ്തമാണെന്നും കണ്ടെത്തിയ കുടുംബക്കോടതി ഹര്‍ജി തള്ളുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ യുവതി തന്റെ വിവാഹേതര ബന്ധത്തിലുള്ള മകളാണെന്നു പിതാവ് പറഞ്ഞു. ഡിഎന്‍എ പരിശോധനാ ഫലവും ഇതു ശരിവച്ചു.
ഒരു ലക്ഷം രൂപയുടെ തുണികളും അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും കല്യാണത്തിനു വാങ്ങിയെന്നു യുവതി വ്യക്തമാക്കി. അതേസമയം സര്‍ക്കാര്‍ സര്‍വീസില്‍നിന്നു റിട്ടയറായ തനിക്കു പ്രതിമാസം 30,000 രൂപയാണു പെന്‍ഷന്‍ ലഭിക്കുന്നതെന്നും ഹൃദ്രോഗബാധിതനായ താന്‍ ചികിത്സയിലാണെന്നും പിതാവ് ബോധിപ്പിച്ചു.
ഇവയൊക്കെ കണക്കിലെടുത്താണു രണ്ടു ലക്ഷം രൂപ നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. വിവാഹം കഴിക്കുന്നതിനു മുമ്പാണു യുവതി ചെലവിനായി ഹര്‍ജി നല്‍കിയതെന്നും വിവാഹം കഴിഞ്ഞതിനാല്‍ വിവാഹച്ചെലവ് നല്‍കേണ്ടതില്ലെന്നുമുള്ള പിതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല.
Post Your Comments