താനെ : 43 ലക്ഷം രൂപ ചിലവില്‍ നടത്തിയ ഹൃദയശസ്തക്രിയയെ തുടര്‍ന്ന് രോഗി മരണപ്പെട്ടത് ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നെന്ന് ആരോപണം. താനെ സ്വദേശിയായ മഞ്ജു ബഫ്‌ന(56) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 19 നായിരുന്നു സംഭവം.
ഹൃദയ വാല്‍വിനു സംഭവിച്ച തകരാറിനെ തുടര്‍ന്നാണ് ഹിന്ദുജ ഹോസ്പിറ്റലില്‍ മഞ്ജുവിന് 43 ലക്ഷം ചിലവില്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തകരാറിലായ ഹൃദയവാല്‍വിനു പകരം പുതിയ വാല്‍വു വച്ചുള്ള ശസ്ത്രക്രിയയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
ശസ്ത്രത്രക്രിയ പൂര്‍ണമായി സുരക്ഷിതമായിരിക്കുമെന്നും, അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗിക്കു ആശുപത്രി വിടാമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നുവെന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ശസ്ത്രക്രിയ കഴിഞ്ഞതോടെ രോഗി കോമ സ്റ്റേജിലാകുകയായിരുന്നു. ശസ്ത്രക്രിയയ്ക്കിടെ വാല്‍വ് ഹൃദയത്തിലേയ്ക്ക് വീണതോടെ കാര്യങ്ങള്‍ കൂഴഞ്ഞുമറിയുകയായിരുന്നുവെന്നാണ് വിവരം. അതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് ഭാര്യയുടെ മരണത്തിനു കാരണമായതെന്നു കാട്ടി മിതുലാല്‍ മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സിലിനു പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിനു ശേഷം ആശുപത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 12. 47 ലക്ഷം രൂപ ആശുപത്രി അധികൃതര്‍ തിരികെ നല്‍കിയിട്ടുണ്ട്. കുടുംബം ആരോപിക്കുന്നത് ശരിയല്ലെന്നും, രോഗിക്കു ഛര്‍ദിയെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിനു കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Post Your Comments