Latest NewsNewsGulfWriters' CornerReader's Corner

സൗദി രാജകുമാരന്മാര്‍ വീണ്ടും അറസ്റ്റില്‍: ഇത്തവണ മറ്റൊരു കാരണത്തിന്

സൗദി അറേബ്യ: സൗദി അറേബ്യയില്‍ മുന്‍പെങ്ങും കാണാത്ത ഒരു ശുദ്ധികലശം അരങ്ങേറുകയാണ്. ധൂര്‍ത്തും, അഴിമതിയും തൊഴിലാക്കിയ രാജകുടുംബാംഗങ്ങള്‍ക്കെതിരെ വരെ നടപടി സ്വീകരിക്കപ്പെടുന്ന ഘട്ടമാണ്. ഇതിനിടെയാണ് ധൂര്‍ത്തടിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സൗദിയില്‍ രാജകുമാരന്‍മാര്‍ സമരത്തിനിറങ്ങിയത്. വെട്ടിക്കുറയ്ക്കല്‍നടപടിക്കെതിരെ റിയാദിലെ കൊട്ടാരത്തില്‍ എത്തിയ 11 രാജകുമാരന്‍മാരെയാണ് സൗദി അധികൃതര്‍ അറസ്റ്റ് ചെയ്തത്. മന്ത്രി സഭയില്‍ വന്‍ അഴിച്ച് പണിയ്ക്കുള്ള സാധ്യതയാണ് രാജകുമാരന്മാരുടെ അറസ്റ്റോടെ സൗദിയില്‍ നില നില്‍ക്കുന്നത്. രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ രാജകുമാരന്മാര്‍ ഒരു കൊട്ടാരത്തില്‍ ഒത്തുചേരുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുമാരന്‍മാര്‍ക്ക് ഇതുവരെ നിരവധി ഇളവുകള്‍ ലഭിച്ചിരുന്നു.

ഇവരുടെ ഉപഭോഗത്തിന്റെ ഭാഗമായി വരുന്ന എല്ലാ ചെലവുകളും സര്‍ക്കാരാണ് വഹിച്ചിരുന്നത്. എന്നാല്‍ ഇത് നിര്‍ത്തലാക്കി പുതിയ ഉത്തരവ് വന്നിട്ടുണ്ട്. അതാണ് രാജകുമാരന്‍മാരെ ചൊടിപ്പിച്ചത്. വെള്ളക്കരം, വൈദ്യുതി ബില്ല് തുടങ്ങിയ എല്ലാ ചെലവുകള്‍ക്കും വരുന്ന ബില്ല് ഇനി രാജകുമാരന്‍മാര്‍ സ്വന്തമായി അടയ്ക്കണം. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നിര്‍ദേശം എല്ലാ വകുപ്പുകളിലും നിലവില്‍ വന്നുകഴിഞ്ഞു. ഇതോടെയാണ് രാജാവിനും സര്‍ക്കാരിനുമെതിരേ പ്രതിഷേധിക്കാന്‍ രാജകുടുംബാംഗങ്ങള്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള കൊട്ടാരത്തില്‍ ഒത്തുചേര്‍ന്നത്. ഇവര്‍ തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും കൊട്ടാരം വിട്ടുപോകാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവരെ തടവിലാക്കിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇവര്‍ക്കെതിരായി വിചാരണ നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം തടവിലായവര്‍ ആരൊക്കെയന്നതു സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമല്ല. റിപ്പോര്‍ട്ടിനോട് രാജകുടുംബത്തിലേയോ സര്‍ക്കാരിലേയോ പ്രമുഖര്‍ പ്രതികരിച്ചിട്ടില്ല. ഇതുവരെ നല്‍കിയിരുന്ന നിരവധി സബ്സിഡികള്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. മാത്രമല്ല, മൂല്യ വര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുകയും ചെയ്തു. ശമ്പളത്തിന് പുറമെ രാജകുടുംബാംഗങ്ങള്‍ക്ക് നല്‍കിയിരുന്ന തുകയും വെട്ടിക്കുറച്ചിട്ടുണ്ട്.

അതേസമയം നേരത്തെയും സൗദിയില്‍ രാജകുമാരന്മാര്‍ അറസ്റ്റിലായിട്ടുണ്ടായിരുന്നു. അഴിമതിയാരോപണം നേരിട്ട 11 സൗദി രാജകുമാരന്മാര്‍ അറസ്റ്റില്‍. രാജകുമാരന്മാരോടൊപ്പം മന്ത്രിമാരും അഴിമതിയാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്. മൂന്ന് മന്ത്രിമാരെ തത്സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിയത്. കുറ്റം ചെയ്തവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും, അവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും കമ്മറ്റിയ്ക്ക് അധികാരമുണ്ട്. അദെല്‍ ബിന്‍ മുഹമ്മദ് ഫാക്വിഹ്, മിതെബ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ്, അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ സുല്‍ത്താന്‍ എന്നിവരാണ് മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന വിവിധ അഴിമതികളില്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിന് തുടര്‍ച്ചയാണ് രാജകുമാരന്‍മാരുടെ അറസ്റ്റ്. സമീപകാല സൗദി ചരിത്രത്തിലെ ഏറ്റവും ശക്തമായ അധികാരമുറപ്പില്‍ നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ൗദി അറേബ്യയില്‍ അധികാരം മൊഹമ്മദ് ബിന്‍ സല്‍മാനിലേക്ക് കേന്ദ്രീകരിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം എന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ സെപ്തംബറിലും അധികാരകേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനമുള്ള 32-ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരിക്കുന്നത്. പമുഖ വ്യവസായി കൂടിയായ അല്‍-വാലീദ് ബിന്‍ തലാല്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത ഗള്‍ഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്.

81 വയസ്സുള്ള സല്‍മാന്‍ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. രാജകുമാരന്റെ വരവിന് ശേഷം വന്‍തോതിലുള്ള സാമ്പത്തിക-സാമൂഹിക പരിഷ്‌കരണ നടപടികള്‍ക്കാണ് സൗദ്ദി അറേബ്യ സാക്ഷ്യം വഹിച്ചത്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുമെന്ന പ്രഖ്യാപനവും ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ആരാംകോയുടെ ഓഹരിവില്‍പനയും സല്‍മാന്‍ രാജകുമാരന്റെ വരവിന് ശേഷമാണ് സംഭവിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button