Latest NewsKeralaNews

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി 3 മെഡിക്കല്‍ കോളേജുകളില്‍ നൂതന ലീനിയര്‍ ആക്‌സിലറേറ്റര്‍

തിരുവനന്തപുരം•ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വാങ്ങുന്ന ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ ത്വരിതഗതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡ് വഴി ഈ മൂന്ന് മെഡിക്കല്‍ കോളേജുകളിലും ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ വാങ്ങിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. തിരുവനന്തപുരത്തും തൃശൂരും 17 കോടി രൂപ വീതവും കോട്ടയത്ത് 12 കോടി രൂപയും വിനിയോഗിച്ചാണ് ഈ മെഷീനുകള്‍ വാങ്ങുന്നത്. ഇത് വാങ്ങാനായി തിരുവനന്തപുരത്തും തൃശൂരും അധികമായി വേണ്ടിവരുന്ന 8.6 കോടി രൂപയും കോട്ടയത്ത് അധികമായി വരുന്ന 3.87 കോടി രൂപയും അടിയന്തിരമായി നല്‍കാനും ഉത്തരവിട്ടു. ഇതനുസരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജും കോട്ടയം മെഡിക്കല്‍ കോളേജും സപ്ലൈ ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് ഉടന്‍ സപ്ലൈ ഓര്‍ഡര്‍ നല്‍കുന്നതാണ്.

ലീനിയര്‍ ആക്‌സിലറേറ്റര്‍ സ്ഥാപിക്കുന്നതിനാവശ്യമായ മുറിയൊരുക്കുകയാണ് ആദ്യഘട്ടം. റേഡിയേഷന്‍ വരാതിരിക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനാരംഭിക്കാനും ലീനിയര്‍ ആക്‌സിലറേറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഏഴെട്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കാനും തീരുമാനമായി.

ഈ ആശുപത്രികളിലെത്തുന്ന പുതിയ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ആരേയും അമ്പരപ്പിക്കുന്നതാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 3,000-ത്തോളം പേരും കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ 4,000-ത്തോളം പേരും വീതമാണ് പുതുതായി ക്യാന്‍സര്‍ ചികിത്സയ്ക്കായെത്തുന്നത്. രോഗികളുടെ എണ്ണം കാരണം പലപ്പോഴും റേഡിയേഷന്‍ ചികിത്സയ്ക്ക് കാലതാമസമെടുക്കാറുണ്ട്. നിലവില്‍ തിരുവനന്തപുരത്തും തൃശൂരും ഒരോ കൊബാള്‍ട്ട് മെഷീനും കോട്ടയത്ത് ഒരു കൊബാള്‍ട്ട്, ഒരു ബ്രാക്കി തെറാപ്പി, ഒരു ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്നീ മെഷീനുകളുമാണുള്ളത്. ഇത് ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശനുസരമാണ് ഈ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തിരമായി ലീനിയര്‍ ആക്‌സിലറേറ്റര്‍ വാങ്ങാന്‍ ഉത്തരവായത്.

നിലവിലെ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള അതിനൂതന ഉപകരണമാണ് ലീനിയര്‍ ആക്‌സിലറേറ്റര്‍. 3 ഡൈമന്‍ഷണല്‍ കണ്‍ഫോര്‍മല്‍ റേഡിയേഷന്‍ തെറാപ്പി, ഇന്റന്‍സിറ്റി മോഡുലേറ്റഡ് റേഡിയേഷന്‍ തെറാപ്പി, ഇമേജ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി, വോളിയോമെട്രിക് ആര്‍ക് തെറാപ്പി എന്നിങ്ങനെയുള്ള ചികിത്സകള്‍ ഇതിലൂടെ സാധ്യമാകും. ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കൂടാതെ സുഖപ്പെടുത്താനും സാധിക്കും. പുതിയ മെഷീന്‍ സ്ഥാപിക്കുന്നത് വഴി ക്യാന്‍സര്‍ വന്ന അവയവങ്ങള്‍ക്ക് മാത്രം റേഡിയേഷന്‍ നല്‍കാനും അതിനടുത്തുള്ള മറ്റ് അവയവങ്ങള്‍ക്ക് റേഡിയേഷന്‍ കിട്ടാതെ റേഡിയേഷന്‍ വഴിയുള്ള പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറയ്ക്കുവാനും സാധിക്കുന്നു. ആദ്യ ഘട്ടത്തില്‍ കണ്ടെത്തുന്ന ക്യാന്‍സറുകള്‍ക്ക് നൂറുശതമാനം ഫലപ്രദമായ റേഡിയേഷന്‍ ചികിത്സ നല്‍കാനാകും. ത്വക്കിനെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്ക് ഇലക്‌ട്രോണ്‍ ചികിത്സ വഴി ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങള്‍ക്ക് റേഡിയേഷന്‍ കിട്ടാതെ ഭേദമാക്കാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button