തിരുവനന്തപുരം: വിപ്ലവ ജനകീയ സമിതികള്‍ (റെവല്യൂഷണറി പീപ്പിള്‍സ് കമ്മിറ്റി- ആര്‍.പി.സി) രൂപീകരിച്ചുകൊണ്ട് കേരളത്തില്‍ മാവോയിസ്റ്റുകള്‍ വീണ്ടും തലപൊക്കുന്നു. കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനാണു ഇവരുടെ ശ്രമം. അട്ടപ്പാടിയിലെ ചില ആദിവാസിക്കോളനികളിലും വനാതിര്‍ത്തിയിലെ ചില കോളനികളിലും ആര്‍.പി.സികള്‍ രൂപീകരിച്ചുകഴിഞ്ഞു.
കരുളായി വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിനു പകരം, കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല കര്‍ണാടകയില്‍നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗമായ ബി.ജി. കൃഷ്ണമൂര്‍ത്തി ഏറ്റെടുത്തതായും സൂചനയുണ്ട്.കഴിഞ്ഞ ഓഗസ്റ്റ് 14 ന് ഇവിടെ മാവോയിസ്റ്റുകള്‍ യോഗം ചേര്‍ന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ഗറിലാ ആര്‍മിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധധാരികളായ മാവോയിസ്റ്റുകള്‍ ഈ യോഗത്തില്‍ പങ്കെടുത്തതായാണു സൂചന.
ജനകീയ സര്‍ക്കാര്‍ രൂപീകരണമെന്ന മാവോയിസ്റ്റ് ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടമാണ് ജനകീയ വിപ്ലവ സമിതി. ഒരു പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ മതിയായ സ്വാധീനമുണ്ടെന്നു വ്യക്തമാവുകയും അവരുടെ കാര്യങ്ങളിൽ ഇടപെടാനുള്ള സ്വാതന്ത്ര്യവുമുണ്ടാകുമ്പോഴാണ് ഇവർ ആ പ്രദേശത്ത് ആര്‍.പി.സികള്‍ രൂപീകരിക്കാറുള്ളത്. മാവോയിസ്റ്റ് സ്വാധീനം സംശയിക്കുന്ന പല കോളനികളിലേക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കടന്നുചെല്ലാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ആര്‍.പി.സികള്‍ക്കു പുറമെ സെല്‍ഫ് ഡിഫന്‍സ് സ്ക്വാഡ് (എസ്.ഡി.എസ്), ജന്‍ മിലിഷ്യ സ്ക്വാഡ് (പി.എം.എസ്), ഗ്രാംരക്ഷക് സ്ക്വാഡ് (ജി.ആര്‍.ഡി), ഏരിയ രക്ഷക് സ്ക്വാഡ്, പ്രജാ രക്ഷക് സ്ക്വാഡ് എന്നീ വിഭാഗങ്ങള്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതായി മാവോയിസ്റ്റ് പശ്ചിമഘട്ട സമിതിയുടെ പ്രസിദ്ധീകരണമായ ‘കമ്മ്യൂണിസ്റ്റ്’ വ്യക്തമാക്കിയിരുന്നു. കൃഷ്ണമൂര്‍ത്തി അട്ടപ്പാടി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ആഭ്യന്തരവകുപ്പ് സംശയിക്കുന്നു. വനാതിര്‍ത്തിയിലെ മറ്റു ചില കോളനികളിലും മാവോയിസ്റ്റുകള്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുന്നുണ്ട്.
Post Your Comments