Latest NewsNewsGulf

ദുബായില്‍ ജോലിസ്ഥലത്തു നിന്ന് കാണാതായ മലയാളി യുവാവിനെ ഒടുവില്‍ കണ്ടെത്തി

ദുബായ് : കഴിഞ്ഞ ഒരാഴ്ചയോളമായി ദുബായിലെ ജോലി സ്ഥലത്ത് നിന്നു കാണാതായ മലയാളി യുവാവിനെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ കണ്ടെത്തി. കാസര്‍കോട് നീലേശ്വരം സ്വദേശി രാഹുലിനെ (26)യാണ് സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് വൈകിട്ട് മൂന്നരയോടെ കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്കാണ് തൊട്ടടുത്തെ സ്വദേശി വീട്ടില്‍ ഡ്രൈവറായ പാലക്കാട് ചെര്‍പുളശ്ശേരി സ്വദേശി ഉമര്‍ ഫാറൂഖ് രാഹുലിനെ പാര്‍ക്കില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി തണുപ്പു സഹിച്ച് പാര്‍ക്കില്‍ ചെലവഴിക്കുകയായിരുന്നു യുവാവ്. മുഷിഞ്ഞ വസ്ത്രങ്ങളിലായിരുന്ന രാഹുല്‍ ഭക്ഷണം കഴിച്ചിട്ടും കുളിച്ചിട്ടും നാളുകളായിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ഉമര്‍ രാഹുലിന് ഭക്ഷണം നല്‍കുകയും പൊലീസില്‍ വിവരം ധരിപ്പിക്കുകയും ചെയ്തു.

ഇതിനിടെ യുവാവിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നത് വിവരണം സഹിതം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, പൊലീസ് എത്തും മുന്‍പേ യുവാവ് സ്ഥലം വിടുകയും ചെയ്തു. വിഡിയോ വൈറലായതോടെ രാഹുല്‍ പാര്‍ക്കില്‍ നിന്നു അപ്രത്യക്ഷനായി. തുടര്‍ന്ന് ഉമര്‍, സാമൂഹിക പ്രവര്‍ത്തകനായ സിജു പന്തളം, പാര്‍ക്കിന്റെ സുരക്ഷാ ജീവനക്കാരന്‍ ഗംഗ എന്നിവരുടെ നേതൃത്വത്തില്‍ ബര്‍ഷ മേഖലയില്‍ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ കണ്ടെത്തിയത്. ആദ്യം ഒപ്പം പോരാന്‍ വിസമ്മതിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിച്ചു.

അടുത്തിടെയാണ് രാഹുലിന്റെ പിതാവ് മരിച്ചത്. അച്ഛനുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന രാഹുലിന് ഈ സമയത്ത് നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് രാഹുല്‍ കഴിഞ്ഞ മുപ്പതിന് ജോലി സ്ഥലത്ത് നിന്നു ആരോടും പറയാതെ പോയത്. അന്നു മുതല്‍ രാഹുലിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു സുഹൃത്തുക്കള്‍. ഇന്നലെ ഉച്ച മുതല്‍ സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും രാഹുലിന് വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button