Food & Cookery

രാവിലെ കഴിക്കാം കോട്ടയം സ്‌പെഷ്യല്‍ പിടിയും കോഴിക്കറിയും

കോട്ടയം,എറണാകുളം ഭാഗങ്ങളില്‍ തയ്യാറാക്കുന്ന ഒരു പരമ്പരാഗത ഭക്ഷണവിഭവമാണ് പിടിയും കോഴിയും. കുട്ടികളടര്‍ക്കമുള്ളവര്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് കൂടിയാണ് പിടിയും കോഴിക്കറിയും. പേരുപോലെയൊന്നുമല്ല, തയാറാക്കാന്‍ വളരെ എളുപ്പമാണിത്. പിടിയും നല്ല ആവിപറക്കുന്ന കോഴിക്കറിയും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ…?

പിടി

ചേരുവകള്‍:

അരിപ്പൊടി – 1 കിലോ
തേങ്ങ – രണ്ടെണ്ണം
വെളുത്തുള്ളി- നാല് എണ്ണം
ജീരകം
ചെറിയ ഉള്ളി
ഉപ്പ്
വെള്ളം

നാടന്‍ കോഴി വറത്തരച്ചത്

ചേരുവകള്‍:

നാടന്‍ കോഴി – 4 കിലോ
സവാള – 4 എണ്ണം
വെളിച്ചെണ്ണ
കറിവേപ്പില
മഞ്ഞള്‍പ്പൊടി
മല്ലിപ്പൊടി
മുളക്‌പൊടി
ഉപ്പ്

തേങ്ങ വറക്കാന്‍

തേങ്ങ – 2 എണ്ണം
വറ്റല്‍മുളക്- 5 എണ്ണം
ചുവന്ന ഉള്ളി – 6 എണ്ണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം

പിടി

പുട്ടിന് പാകത്തിലുള്ള അരിപ്പൊടിയാണ് പിടി തയ്യാറാക്കാന്‍ എടുക്കേണ്ടത്. അരിപ്പൊടിയും ചുരണ്ടിവെച്ചിരിക്കുന്ന തേങ്ങയും മിക്‌സ് ചെയ്ത് അരമണിക്കൂര്‍ അടച്ച് വെക്കുക. അടുപ്പില്‍ ഉരുളി വെച്ച് ചൂടാക്കി അതിലേയ്ക്ക് മിക്‌സ് ചെയ്ത് വെച്ചിരിക്കുന്ന അരിപ്പൊടി – തേങ്ങ മിശ്രിതം വറത്തെടുക്കണം. ചെറിയ തീയില്‍ ഏകദേശം അരമണിക്കൂര്‍ തുടര്‍ച്ചയായി ഇളക്കി വേണം മിശ്രിതം വറത്തെടുക്കാന്‍.

വെളുത്തുള്ളി,ചെറിയ ഉള്ളി, ജീരകം എന്നിവ അരച്ചെടുത്ത് അരിപ്പൊടി വറത്തതിലേയ്ക്ക് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചൂടുവെളളത്തില്‍ കലക്കി അരിപ്പൊടിയില്‍ ഒഴിച്ച് കുഴയ്ക്കുക, കൊഴുക്കട്ടയ്ക്കുള്ള മാവിന്റെ പാകത്തില്‍ കുഴച്ചെടുത്ത ശേഷം മാവ് ഒരു ഗോലി വലുപ്പത്തിലുള്ള ഉരുളകളാക്കുക.

ഉരുളി അടുപ്പില്‍ വെച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന ഗോലി വലുപ്പത്തിലുള്ള ഉരുളകള്‍ മുങ്ങി നില്‍ക്കാന്‍ പാകത്തില്‍ വെള്ളം ഒഴിച്ച് തിളപ്പിക്കുക. കുറച്ച് ഉപ്പ് ഈ വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്. വെള്ളം തിളയ്ക്കുമ്പോള്‍ ഉരുളകള്‍ ചേര്‍ത്ത് ഏതാണ്ട് 5 – 10 മിനിറ്റോളം വേവിക്കുക. ഉരുളകള്‍ ചേര്‍ത്ത ഉടനെ ഇളക്കിയാല്‍ പൊടിഞ്ഞുപോകും എന്നതിനാല്‍ വെള്ളം തിളച്ച് ഉരുളകള്‍ വെന്തതിനു ശേഷം ഇളക്കുക.

നാടന്‍ കോഴി വറുത്തരച്ചത്

സവാള വഴറ്റുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഉരുളിയില്‍ ഒഴിച്ച് ചൂടാക്കുക. നാല് വലിയ സവാള നീളത്തില്‍ അരിഞ്ഞത് ചൂടായ എണ്ണയില്‍ ഇട്ട് വഴറ്റുക. സവാള ലൈറ്റ് ബ്രൌണ്‍ കളറാകുമ്പോള്‍ 3 ടേബിള്‍സ്പൂണ്‍ മുളക്‌പൊടി, 2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയും നാല് തണ്ട് കറിവേപ്പിലയും ആവശ്യത്തിന് ഉപ്പ് എന്നിവയും ചേര്‍ക്കുക. ബ്രോയിലര്‍ കോഴി വേവുന്നതിനേക്കാള്‍ സമയം നാടന്‍ കോഴി വേവുന്നതിന് വേണം . കോഴി വളരെ ചെറിയ കഷ്ണങ്ങള്‍ ആയി വേണം മുറിക്കാന്‍. മസാലകള്‍ ചേര്‍ത്ത ശേഷം കോഴിയിറച്ചി കഷ്ണങ്ങളും അത് വേവാന്‍ ആവശ്യമായ വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 30 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.

വറത്തരച്ച തേങ്ങ തയ്യാറാക്കുക എന്നതാണ് അടുത്ത ഘട്ടം. രണ്ട് തേങ്ങ ചുരണ്ടിയതിനോടൊപ്പം അഞ്ച് വറ്റല്‍മുളകും ചുവന്ന ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് നല്ല ബ്രൌണ്‍ കളര്‍ ആകുന്നതു വരെ വറക്കുക. വറത്തശേഷം നല്ല വണ്ണം അരച്ചെടുക്കുക. കോഴിക്കറി വെന്തതിനു ശേഷം വറത്തരച്ച മസാല ചേര്‍ത്ത് ചൂടാക്കി വാങ്ങി വെക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button