അബുദാബി : സ്ത്രീകളുടെ അര്‍ദ്ധനഗ്‌ന ഫോട്ടോകള്‍ മസാജ് സെന്ററിന്റെ പരസ്യത്തിനായി ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരസ്യം കണ്ട് മയങ്ങി മസാജിനെത്തുന്നവര്‍ എത്തിപ്പെടുന്നത് വന്‍തട്ടിപ്പ് സംഘത്തിന്റെ കൈകളില്‍. തട്ടിപ്പിന് ചുക്കാന്‍ പിടിച്ചിരുന്നത് ആഫ്രിക്കന്‍ സംഘമായിരുന്നു.
ഉഴിച്ചിലും മസാജും ചെയ്ത് കൊടുക്കുന്നത് സ്ത്രീകളാണെന്ന് ധാരണയിലാണ് പലരും അബുദാബി കേന്ദ്രീകരിച്ചുള്ള മസാജ് സെന്ററില്‍ എത്തിയിരുന്നത്. എന്നാല്‍ തട്ടിപ്പില്‍ പെട്ട പലരും മാനക്കേട് ഭയന്ന് സംഭവം പുറത്ത് പറയാതിരുന്നതിനാല്‍ സംഘം തട്ടിപ്പ് തുടരുകയായിരുന്നു. മസാജിന്റെ മറവില്‍ ആളുകളെ മര്‍ദിച്ചു പണം തട്ടിയ ആഫ്രിക്കന്‍ സംഘത്തെ അബുദാബി പൊലീസ് അറസ്റ്റു ചെയ്തു.സമൂഹ മാധ്യമങ്ങളിലൂടെയും പരമ്പരാഗത പരസ്യരീതികളിലൂടെയുമാണ് പ്രതികള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.
120 ആഫ്രിക്കന്‍ വംശജരാണ് മസാജ് കേന്ദ്രങ്ങളുടെ പരസ്യം നല്‍കി ആളുകളെ കബളിപ്പിച്ചു പണം തട്ടിയ കേസില്‍ അറസ്റ്റിലായതെന്നു തലസ്ഥാന പൊലീസ് ഡയറക്ടറേറ്റ് ഡയറ്കടര്‍ ബ്രി . അഹ്മദ് സൈഫ് അല്‍ മുഹൈരി അറിയിച്ചു.
യൂറോപ്യന്‍ വനിതകളുടെ പടം പതിച്ച കാര്‍ഡുകളും പോസ്റ്ററുകളും തയാറാക്കി സോഷ്യല്‍ മീഡിയകള്‍ പ്രയോജനപ്പെടുത്തിയും അല്ലാതെയും ഉഴിച്ചിലിനു ആളുകളെ തേടുകയാണ് ഇവര്‍ ചെയ്തിരുന്നത്. പരസ്യത്തില്‍ ആകൃഷ്ടരായി ആവശ്യക്കാര്‍ ഇവരുടെ ഫ്ളാറ്റുകളില്‍ എത്തുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും പണവും കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുകയാണ് പതിവ്.
പ്രതികളുടെ പെരുപ്പവും ഇരകളുടെ പരാതിയും പരിഗണിച്ചു വ്യാജ ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ക്കെതിരെ പൊലീസ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുണ്ട്. പരസ്യങ്ങളില്‍ വഞ്ചിതരായി പണവും മാനവും നഷ്ടപ്പെടുത്തുന്നതിരെയാണ് പൊലീസ് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്. പ്രത്യേക ബ്രോഷറുകള്‍ തയാറാക്കിയയാണ് പോലീസിന്റെ സുരക്ഷാ വകുപ്പായ ‘ അമാന്‍ ‘ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് തലവച്ചു കൊടുക്കാതിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്.
ഏതെങ്കിലും വിധത്തില്‍ ഈ ക്രിമിനല്‍ വലകളില്‍ കുടുങ്ങിയിട്ടുള്ളവര്‍ പൊലീസില്‍ പരാതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളില്‍ ജാഗ്രത വേണമെന്നും തലസ്ഥാന പൊലീസ് അറിയിക്കുന്നു. ഇതുവഴി പരിചയപ്പെടുന്ന സ്ത്രീകള്‍ പണാപഹരണം നടത്താന്‍ പിന്നീടും പലവഴികലും ഇരകള്‍ക്കെതിരെ ഉപയോഗിക്കുമെന്ന മുന്നറിയിപ്പും പൊലീസ് നല്‍കുന്നുണ്ട്. 8002626 പൊലീസ് ടോള്‍ ഫ്രീ നമ്പറിലും 2828 ലേക്ക് മൊബൈല്‍ സന്ദേശം അയച്ചും പൊലീസിന്റെ സമൂഹ മാധ്യമ വിഭാഗമായ അമാന്‍ സേവനങ്ങളിലൂടെയും പരാതികള്‍ അറിയിക്കാം.
Post Your Comments