വടകര: ബി.ജെ.പി. പ്രവര്‍ത്തകന്‍ പയ്യോളി മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒൻപതു പേരെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് പയ്യോളിയില്‍ ഹര്‍ത്താലാചരിക്കാന്‍ സി.പി.എം. ആഹ്വാനം ചെയ്തു. 2012 ഫെബ്രവരി 12 ന് രാത്രി 9 മണിയോടെയാണ് അയനിക്കാട്ടെ ബി.എം.എസ്. പ്രവര്‍ത്തകനായ സി.ടി മനോജിനെ വീട്ടില്‍ അതിക്രമിച്ചു കയറി ബന്ധുക്കളുടെ മുന്നിലിട്ടു വെട്ടിപ്പരുക്കേല്‍പ്പിച്ചത്. 13 ന് പുലര്‍ച്ചെ മൂന്നു മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍വച്ച് മനോജ് മരിച്ചു.
കേസ് അന്വേഷിച്ച പയ്യോളി പോലീസ് 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ഇവർ ജാമ്യത്തിലിറങ്ങിയപ്പോള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് കൃത്യം നടത്തിയത് തങ്ങളല്ലെന്നു പറഞ്ഞതോടെ സംഭവം വിവാദമായി. മനോജിന്റെ അമ്മയുടെയും ബന്ധുക്കളുടെയും അഭ്യര്‍ഥനയെത്തുടര്‍ന്ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷണം ക്രൈബ്രാഞ്ചിനു വിട്ടു. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിക്കുകയും സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് െഹെക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടർന്നാണ് സി ബി ഐ അന്വേഷണം ഏറ്റെടുത്തത്.
സി.പി.എം. പയ്യോളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി. രാമചന്ദ്രന്‍, മുന്‍ ഏരിയാ സെക്രട്ടറി പി.ചന്തു, വാര്‍ഡ് കൗണ്‍സിലര്‍ ലിഗേഷ്, ഏരിയാ കമ്മിറ്റിയംഗം സി.സുരേഷ്, ലോക്കല്‍ കമ്മിറ്റിയംഗം എന്‍.സി മുസ്തഫ, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി കുമാരന്‍, മുചുകുന്ന് സ്വദേശികളായ അനൂപ്, അരുണ്‍രാജ്, രതീഷ് എന്നിവരെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. വടകരയിലെ ക്യാമ്പ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments