ഹൈദരാബാദ് : തെലങ്കാനയിൽ കീഴടങ്ങിയ ജമ്പണ്ണ എന്ന നരസിംഹ റെഡ്ഡി ഇടത് ഭീകര സംഘടനയുടെ ശക്തനായ നേതാവ് . ഇടത് ഭീകരസംഘടനയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ഒരാളാണ് ജമ്പണ്ണ . നേരത്തെ ഇയാൾ നോർത്ത് തെലങ്കാന സ്പെഷ്യൽ സോണൽ കമ്മിറ്റി സെക്രട്ടറി , ഒഡിഷ സംസ്ഥാന കമ്മിറ്റി സെക്രട്ടറി തുടങ്ങിയ ചുമതകൾ വഹിച്ചിരുന്നു . തുടർച്ചയായ അസുഖവും അമ്മയുടെ അഭ്യർത്ഥനയുമാണ് ജമ്പണ്ണയെ കീഴടങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അമ്മയെ പൊലീസുകാരാണ് പരിപാലിച്ചത് . എസ് എം അലി , നന്ദിറാം തുടങ്ങിയ എസ് ഐമാരായിരുന്നു അമ്മയെ നോക്കിയിരുന്നത് . ജമ്പണ്ണയോട് കീഴടങ്ങാൻ അന്നു മുതൽ അമ്മ ആവശ്യപ്പെട്ടിരുന്നു . ഇയാളുടെ തലയ്ക്ക് വിലയായി സർക്കാർ നിശ്ചയിച്ചിരുന്ന 24 ലക്ഷം രൂപ ഗ്രാമങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ജമ്പണ്ണ നാടുവിട്ടതോടെ ശാരീരിക അവശതയിലായ അച്ഛൻ മരിക്കുകയും അമ്മ ഒറ്റയ്ക്കാവുകയും ചെയ്തു.
സർക്കാരിന്റെ മേൽനോട്ടത്തിൽ അഗതി മന്ദിരത്തിൽ കഴിയുന്ന അമ്മയും മകനോട് കീഴടങ്ങാൻ അഭ്യർത്ഥിച്ചിരുന്നു.ഒസ്മാനിയ സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദാനന്തര ബിരുദമുള്ള ഹിംഗെ രജിതയാണ് ജമ്പണ്ണയുടെ ഭാര്യ . ഇവരും കീഴടങ്ങിയിട്ടുണ്ട് . ജമ്പണ്ണയുടെ പേരിൽ കൊലപാതകം അടക്കം പതിനെട്ടോളം കേസുകളാണ് ഉള്ളത് . കീഴടങ്ങൽ അഭ്യർത്ഥന കൂട്ടാക്കാതെ ആക്രമണവുമായി മുന്നോട്ടു പോകാനായിരുന്നു ഇയാളുടെ തീരുമാനം . ഒഡിഷയിലെ കലഹന്ദിയിൽ 2014 ഡിസംബറിൽ സുരക്ഷ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ജമ്പണ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു .
ഇതിൽ നിന്ന് പൂർണമായി മുക്തനാകാൻ സാധിക്കാത്തതിനെ തുടർന്നാണ് കീഴടങ്ങലെന്ന് കരുതുന്നു. നോട്ടു അസാധുവാക്കൽ ഏറ്റവും കൂടുതൽ ബാധിച്ചത് ഇടത് ഭീകരസംഘടനകളെ ആയിരുന്നു . ഭീകര പ്രവർത്തനങ്ങൾക്കായി കരുതിവച്ചിരുന്ന ധനശേഖരം പൂർണമായി നഷ്ടമായത് ഇടത് ഭീകരർക്ക് വലിയ തിരിച്ചടിയായി . ഇതിനെ തുടർന്ന് നിരവധി ഭീകരർ കീഴടങ്ങുകയും ചെയ്തു . സുരക്ഷാ സേനയെ സംബന്ധിച്ചിടത്തോളം ജമ്പണ്ണയുടെ കീഴടങ്ങൽ വലിയ വിജയമാണെന്നാണ് നിരീക്ഷണം.
Post Your Comments