സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും വിവാഹത്തിനു മുമ്പുള്ള ലൈംഗികതയെക്കുറിച്ചുമൊക്കെ അമ്മയും മകളും ചർച്ച ചെയ്യുന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യാതൊരു മുൻകരുതലുമില്ലാതെ ആൺസുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പെൺകുട്ടി താൻ ഗർഭിണിയാണോ എന്നു സംശയിക്കുന്നിടത്താണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. ഗർഭിണിയാണോ എന്നുറപ്പിക്കുന്നതിനായി പ്രഗ്നൻസി ടെസ്റ്റ് നടത്തുമ്പോൾ അങ്ങോട്ടേക്ക് അമ്മ പെട്ടന്നു കടന്നു വരുകയും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സത്യം അറിഞ്ഞിട്ടും അമ്മ പതറുന്നില്ല. വൈകിട്ട് അച്ഛൻ മകൾക്കുവേണ്ടി നടത്താൻ പോകുന്ന പാർട്ടിയെക്കുറിച്ചാണ് അമ്മ സംസാരിക്കുന്നത്.വൈകിട്ട് അച്ഛൻ വരുമ്പോൾ പാർട്ടി തുടങ്ങുന്നതിനു മുമ്പ് ഈ കാര്യങ്ങൾ അച്ഛനെ അറിയിക്കണമെന്നും അമ്മ പറയുന്നു. താൻ ചെയ്തുപോയ തെറ്റിന് അമ്മ തന്നെ ശാസിക്കുമെന്നും ശിക്ഷിക്കുമെന്നും വിശ്വസിച്ച മകൾക്ക് അമ്മയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം അതിശയകരമായിരുന്നു.
തെറ്റ് ഏറ്റു പറഞ്ഞ് ക്ഷമ ചോദിച്ച മകളോട് തെറ്റുകാരി നീയല്ല ഞാനാണ് എന്നാണ് ആ അമ്മ പറഞ്ഞത്. നീ പ്രായപൂർത്തിയായ ഒരാളാണ്. പക്ഷേ അതിനർഥം നിനക്കിഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാനുള്ള അവകാശം നിനക്കുണ്ട് എന്നതല്ല മറിച്ച് നമ്മൾ ചെയ്യുന്ന എല്ലാക്കാര്യങ്ങൾക്കും നമ്മൾ ഉത്തരവാദികളാണെന്നും അമ്മ പറഞ്ഞു വെക്കുന്നു. മക്കൾ ഗുഡ്ഗേളും ഗുഡ് ബോയിയുമായി വളരണമെങ്കിൽ രക്ഷിതാക്കളും അവരോടു ചില ഉത്തരവാദിത്തങ്ങൾ കാട്ടേണ്ടതുണ്ടെന്നും ഈ അമ്മ പറയുന്നു.
Post Your Comments