കണ്ണൂര്‍: ബെംഗളൂരുവില്‍നിന്ന് പയ്യന്നൂരിലേക്കുവന്ന ടൂറിസ്റ്റ് ബസ്സില്‍ നാടകീയ സംഭവങ്ങള്‍. മദ്യപിച്ച് ലക്കുകെട്ട ഡ്രൈവറെ യാത്രക്കാര്‍ പിടിച്ചുമാറ്റി. യാത്രക്കാരിലൊരാള്‍ ഡ്രൈവറായി. ബസ് ഓടിച്ച യാത്രക്കാരന് ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പാള്‍ അദ്ദേഹം ബസ് നിര്‍ത്തി. ഇതോടെ ബാക്കി യാത്രക്കാര്‍ പോലീസിന്റെ സഹായം തേടി. പോലീസ് എത്തിച്ച മറ്റൊരു ഡ്രൈവര്‍ ബസ് പയ്യന്നൂരിലെത്തിച്ചു. ഇതിനുശേഷം ബസ്സിലെ യഥാര്‍ഥ ഡ്രൈവറെയും ബസ്സും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ പയ്യന്നൂര്‍ സ്വദേശി വിനയനെ (37) അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട കല്ലട ട്രാവല്‍സിന്റെ ബസ്സിലാണ് സംഭവം. യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാനായി വിരാജ്‌പേട്ടയ്ക്കപ്പുറം ബസ് നിര്‍ത്തിയിരുന്നു. ഇവിടെനിന്നാണ് ഡ്രൈവര്‍ വിനയന്‍ മദ്യപിച്ചത്. അമിത ലഹരിയിലായതോടെ ഇദ്ദേഹത്തിന് ബസ് ഓടിക്കാന്‍ പറ്റാത്ത സ്ഥിതിയായി. മൂന്നിടത്തുവെച്ച് അപകടമുണ്ടായി. ഇതോടെയാണ് യാത്രക്കാര്‍ പ്രശ്‌നമുണ്ടാക്കിയത്. വിരാജ്‌പേട്ടയില്‍നിന്ന് യാത്രക്കാരിലൊരാള്‍ ബസ് ഓടിക്കാന്‍ തുടങ്ങി.
വ്യാഴാഴ്ച രാവിലെ ഏഴരയോടെ ബസ് വളപട്ടണത്തെത്തി. ഇവിടെയായിരുന്നു ബസ് ഓടിച്ച യാത്രക്കാരന് ഇറങ്ങേണ്ടിയിരുന്നത്. റോഡരികില്‍ ബസ് നിര്‍ത്തി ഇദ്ദേഹം പോയി. ഇതോടെയാണ് വളപട്ടണം എസ്.ഐ.യുടെ നമ്പര്‍ തപ്പിയെടുത്ത് യാത്രക്കാര്‍ സഹായം തേടിയത്. എസ്.ഐ. ശ്രീജിത്ത് കൊടേരി ഒരു ഡ്രൈവറുമായി സ്ഥലത്തെത്തി. ഈ ഡ്രൈവര്‍ യാത്രക്കാരെ പയ്യന്നൂരിലെത്തിച്ചു. പിന്നീട് ഡ്രൈവറെയടക്കം ബസ് വളപട്ടണം സ്റ്റേഷനിലെത്തിച്ചു.
മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും പോലീസ് കേസെടുത്തു. വിനയന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കാണിച്ച് പോലീസ് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
Post Your Comments