Latest NewsNewsInternational

ഇവിടെ ഗവേഷകര്‍ മണ്ണ് കുഴിയ്ക്കുന്നത് വളരെ പേടിയോടെ : ഒരോ തവണയും കിട്ടുന്നത് മൃതദേഹങ്ങള്‍

തങ്ങളിറങ്ങിപ്പുറപ്പെട്ടത് ഒരു അതിസാഹസികതയായിപ്പോയോ എന്ന ആശയക്കുഴപ്പത്തിലാണിപ്പോള്‍ ആര്‍ക്കിയോളജിസ്റ്റുകള്‍. അത്രയേറെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും കുഴിച്ചെടുത്തു കൊണ്ടിരിക്കുന്നത്. ആരുടെ മൃതദേഹം, എന്താണവര്‍ക്കു സംഭവിച്ചത് എന്നു പോലും മനസ്സിലാകാത്ത വിധം സംശയങ്ങളും. കുഴിച്ചെടുക്കുന്ന ഓരോ കല്ലറയും ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഒരായിരം രഹസ്യങ്ങള്‍.

ഓസ്‌ട്രേലിയയുടെ പടിഞ്ഞാറു ഭാഗത്തുള്ള ദ്വീപുനിരകളിലൊന്നാണ് ബീക്കണ്‍ ഐലന്റ്. ‘മര്‍ഡര്‍ ഐലന്റ്’ എന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ. ‘ബറ്റേവീയയുടെ ശ്മശാനം’ എന്നും ചിലര്‍ വിളിക്കുന്നു. ഓസ്‌ട്രേലിയ ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിലൊന്ന് നടന്ന ദ്വീപ് എന്ന നിലയ്ക്കാണ് മര്‍ഡര്‍ ഐലന്റിന് ആ പേരു വീഴുന്നത്. 1629ല്‍, നെതര്‍ലന്‍ഡ്‌സില്‍ നിന്ന് ബറ്റേവീയയിലേക്ക് (ഇന്ന് ജക്കാര്‍ത്ത എന്നറിയപ്പെടുന്നയിടം) പോകുകയായിരുന്ന കപ്പല്‍വ്യൂഹത്തില്‍ ഒരെണ്ണം ഓസ്‌ട്രേലിയയ്ക്കു സമീപം തകര്‍ന്നതാണ് ബീക്കണ്‍ ഐലന്റിനെ മര്‍ഡര്‍ ഐലന്റാക്കി മാറ്റുന്ന നിലയിലേക്ക് കാര്യങ്ങളെ മാറ്റിയത്.

കൊടുങ്കാറ്റില്‍പ്പെട്ട് ഏഴു കപ്പലില്‍ ഒന്നു മാത്രം കൂട്ടം തെറ്റിപ്പോയി പാറക്കെട്ടിലിടിച്ചു. യാത്രികരില്‍ അറുപതോളം പേര്‍ മുങ്ങി മരിച്ചു. ശേഷിച്ച 280നടുത്ത് യാത്രക്കാര്‍ സമീപദ്വീപുകളിലേക്കു നീന്തിക്കയറി. ഇവരില്‍ കുട്ടികളും സ്ത്രീകളും വയോജനങ്ങളുമെല്ലാമുണ്ടായിരുന്നു. ഒപ്പം പട്ടാളവും പൊലീസും നാവികരും. ചിലരാകട്ടെ അക്രമമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ കപ്പലില്‍ കലാപത്തിനും ശ്രമിച്ചു. അങ്ങനെ യാത്രക്കാര്‍ പലവിഭാഗമായി പിരിഞ്ഞുണ്ടായ അക്രമമാണ് ബീക്കണ്‍ ഐലന്റിന്റെ വിധി മാറ്റിയെഴുതിയത്. സ്ത്രീകള്‍ ക്രൂരമായ മാനഭംഗത്തിനിരയായി. കുട്ടികളെ നിഷ്‌കരുണം വെട്ടിക്കൊലപ്പെടുത്തി.

ആ കലാപത്തിനു കാരണക്കാരായവരെ നാനൂറു വര്‍ഷം മുന്‍പേ ശിക്ഷിച്ചു. വിചാരണയ്‌ക്കൊടുവില്‍ ചിലരെ തൂക്കികൊന്നു, ചിലരുടെ കൈവെട്ടി. ബാക്കിയുള്ളവരെ ബറ്റേവീയ ദ്വീപിലെത്തിച്ചു വധശിക്ഷ നടപ്പാക്കി. എന്നാല്‍ എത്ര പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടു എന്നത് ഇപ്പോഴും അവ്യക്തമാണ്. അതിനാല്‍ത്തന്നെ ആര്‍ക്കിയോളജിസ്റ്റുകള്‍ അടുത്തിടെ ദ്വീപു കുഴിച്ച് ആ രഹസ്യം കണ്ടെത്താന്‍ രണ്ടും കല്‍പിച്ച് രംഗത്തിറങ്ങി. കണ്ടെത്തിയതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചകളും

കുടിവെള്ളമാണ് കലാപത്തിലേക്കു നയിച്ചതെന്ന സംശയവും ഗവേഷണത്തിനിടെ ഉയര്‍ന്നുവന്നു. ചിതറിക്കിടന്നിരുന്ന ബീക്കണ്‍ ഐലന്റില്‍ പലയിടത്തും ഉപ്പുവെള്ളമായിരുന്നു. എന്നാല്‍ ശുദ്ധജലമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു പലരെയും മറ്റു ദ്വീപുകളിലേക്ക് വഞ്ചി കയറ്റിവിട്ടു. വലിയൊരു വിഭാഗം അങ്ങനെ പല ദ്വീപുകളിലായി മരിച്ചുവീണെന്നു കരുതുന്നു. ഈ ‘കയറ്റിവിടലി’നു നേതൃത്വം നല്‍കിയത് ഒരു വ്യാപാരിയായിരുന്നു. കോര്‍ണെലിസ് എന്നു പേരുള്ള അയാളാണ് നാല്‍പതോളം പേരെ ഒപ്പം കൂട്ടി ബാക്കിയുള്ളവരെ കൊന്നൊടുക്കിയത്. രക്ഷാകപ്പലുകള്‍ എത്തും മുന്‍പ് 115ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണു കരുതുന്നത്.

എന്നാല്‍ ഇവരെല്ലാം ഒരേവിധത്തിലല്ല കൊല്ലപ്പെട്ടത്. ഏറ്റവും പുതുതായി അഞ്ചു മൃതദേഹങ്ങളടങ്ങുന്ന ശവകുടീരം കണ്ടെത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് അത്തരമൊരു സംശയമുണ്ടായത്. കൊലപ്പെടുത്തിയവരെ കുഴികുത്തി കൂട്ടത്തോടെ മണ്ണിട്ടു മൂടുന്നതായിരുന്നു അക്രമികളുടെ രീതി. അത്തരം മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചിരുന്നത്. എന്നാല്‍ പുതുതായി കണ്ടെത്തിയതില്‍ കൃത്യമായ ചടങ്ങുകള്‍ നടത്തി സംസ്‌കരിച്ച രീതിയിലായിരുന്നു മൃതശരീരങ്ങള്‍. കലാപം ആരംഭിക്കുന്നതിനു മുന്‍പ് മരിച്ചവരാകാം ഇതെന്നാണു പ്രാഥമിക നിഗമനം. ദ്വീപിലെ പല ഭാഗങ്ങളില്‍ നിന്ന് ഇതിനോടകം പത്തിലേറെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു.

ഡച്ച് ഗവേഷകരുടെ സഹായത്താല്‍ ആരെല്ലാമാണ് കപ്പലിലുണ്ടായിരുന്നെന്നു കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. മിക്കവരും ഹോളണ്ടുകാരല്ലെന്നാണ് ആദ്യഘട്ടത്തില്‍ കണ്ടെത്തിയത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കപ്പലില്‍ ജോലി തേടിയെത്തിയവര്‍ ആകാനാണു സാധ്യത. ബറ്റേവീയയിലേക്കുള്ള കപ്പലിന്റെ യാത്രയാകട്ടെ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിക്കാനായിരുന്നു. ദ്വീപിന്റെ മുക്കിലും മൂലയിലും ആധുനിക ശാസ്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ തന്നെ മര്‍ഡര്‍ ഐലന്റിലെ യഥാര്‍ഥ സത്യം ലോകത്തിനു മുന്നിലെത്തിക്കാനാകുമെന്നാണ് ഗവേഷകരുടെ വിശ്വാസം. അന്വേഷണ കണ്ടെത്തലുകളുമായി അധികം വൈകാതെ പഠനറിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കും. ’60 ന്യൂസ് ഓസ്‌ട്രേലിയ’ എന്ന ചാനല്‍ അടുത്തിടെ ഇതു സംബന്ധിച്ച ഒരു ഡോക്യുമെന്ററി തയാറാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button