ആലപ്പുഴ: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പർശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്‌കാരിക പരിപാടികളും നവോത്ഥാന ദൃശ്യസന്ധ്യയും സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കുള്ള മത്സരങ്ങളും ഡിസംബർ 19ന് ആലപ്പുഴ ടൗൺ ഹാളിൽ നടക്കും.
വൈകിട്ട് 4.30ന് ജില്ലാതല ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.എൽ.എ. നിർവഹിക്കും. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എ.മാരായ ആർ. രാജേഷ്, അഡ്വ. യു. പ്രതിഭാ ഹരി എന്നിവർ മുഖ്യാതിഥികളാകും. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ലെനിൽ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയർപേഴ്‌സണായ ജില്ലാ കളക്ടർ ടി.വി. അനുപമ സ്വാഗതം ആശംസിക്കും. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ സ്വാമി വിവേകാനന്ദ അനുസ്മരണ പ്രഭാഷണം നടത്തും. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിലും ഭരണഭാഷ ആഘോഷ മത്സരങ്ങളിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
നഗരസഭാംഗങ്ങളായ ഡി. ലക്ഷ്മണൻ, എസ്. കവിത, ആശാൻ സ്മാരക സമിതി ചെയർമാൻ രാജീവ് ആലുങ്കൽ, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി, ഏ.ആർ. സ്മാരക സമിതി ചെയർമാൻ, പ്രൊഫ. പി.ഡി. ശശിധരൻ, തകഴി സ്മാരക സമിതി വൈസ് ചെയർമാൻ പ്രൊഫ. എൻ. ഗോപിനാഥപിള്ള, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ, കെ.എസ്.എഫ്.ഡി.സി. സെക്രട്ടറി വി. പുഷ്പാംഗദൻ എന്നിവർ പങ്കെടുക്കും.
വൈകിട്ട് ആറിന് ഭാരത് ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന നവോത്ഥാന ദൃശ്യസന്ധ്യ കലാപരിപാടി അരങ്ങേറും. വിവിധ സ്ഥലങ്ങളിൽനിന്നുള്ള പ്രശസ്തരായ അറുപതോളം കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ നാടകമടക്കം അവതരിപ്പിക്കും.
സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ഇൻഫർമേഷൻ-പബ്‌ളിക് റിലേഷൻസ് വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ, സാക്ഷരത മിഷൻ, ആലപ്പുഴ പ്രസ്‌ക്ലബ്, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകൾ, സ്മാരക സമിതികൾ, എൻ.എസ്.എസ്., കോളജുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക.
Post Your Comments