കൊച്ചി•നടന് ഉണ്ണിമുകുന്ദനെ പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് പരാതി. ചേരാനല്ലൂര്‍ പോലീസിനാണ് അന്വേഷണ ചുമതല. പരാതിയുടെ അടിസ്ഥാനത്തില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊച്ചിയില്‍ താമസമാക്കിയ പ്രീതിചാക്കോ, അലക്സ്, റിനോയ്, ഫെലിക്സ് എന്നിവരെ പ്രതി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെല്ലാം 25 വയസില്‍ താഴെ പ്രായമുള്ളവരാണ്.
തിരക്കഥ കേള്‍ക്കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ച പെണ്‍കുട്ടി പിന്നീട് പണം ആവശ്യപ്പെട്ടെന്നും, നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതി. ഇടപ്പള്ളിയില്‍ താമസിക്കുമ്പോളാണ് പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ എന്നേ കാണാന്‍ വന്നത്. കൈവശം സിനിമയ്ക്ക് പറ്റിയ കഥയുണ്ടെന്നും കേള്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വീട് മാറുന്ന തിരക്കിലായതിനാല്‍ ഇപ്പോള്‍ കഥ കേള്‍ക്കാന്‍ സമയമില്ലന്നും തിരക്കഥയുണ്ടെങ്കില്‍ തന്നിട്ടുപോകാനും പറഞ്ഞു.
തിരക്കഥ ആക്കിയിട്ടില്ലെന്നും ഇത് തയ്യാറാക്കി പിന്നെ വരാമെന്ന് പറഞ്ഞ് ഇവരും കൂടെ വന്നവരും തിരിച്ചുപോകാന്‍ തയ്യാറായി. സ്ഥലപരിചയമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വാഹനം തരപ്പെടുത്തി, പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. പിന്നീട് ഇവര്‍ ഫോണില്‍ വിളിച്ച് ഭീഷണി തുടങ്ങി. സിനിമയില്‍ അഭിനയിപ്പിക്കാന്‍ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. വിവാഹം കഴിക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഇതിന് രണ്ടിനും വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ പണം ആവശ്യപ്പെട്ട് വിളിയായി. വഴങ്ങാതിരുന്നതോടെ മാനഭംഗ കേസില്‍പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പിന്നീടാണ് അഭിഭാഷകനെന്ന് പറഞ്ഞ് ഒരാള്‍ വിളിക്കുന്നത്. രൂപ നല്കിയാല് പ്രശ്നം ഒത്തുതീര്‍ക്കാമെന്നായിരുന്നു ഇയാള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം. പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഫോണ്‍വിളികള്‍ക്ക് പിന്നിലുള്ളതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും താരം പരാതിയില്‍ ആവശ്യപ്പെടുന്നു.
ഒറ്റപ്പാലം പോലീസിലാണ് നടന് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സംഭവം നടന്നത് ചേരാനല്ലൂര്‍ പോലീസ് പരിധിയില്‍ ആയതിനാല്‍ കേസ് ഫയല്‍ ഇവിടേക്ക് കൈമാറുകയായിരുന്നു. പരാതിയില്‍ കൈവശമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഉണ്ണി മുകുന്ദനോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments