KeralaLatest NewsNews

മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം: മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ മന്ത്രിയുടെ ചേംബറില്‍ അടിയന്തിര യോഗം കൂടി. മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തിര യോഗം കൂടിയത്. പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം, ഒ.പി. നവീകരണം, ദന്തല്‍ കോളേജിന്റെ നിര്‍മ്മാണം എന്നിവ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ഈ ബ്ലോക്കിലേക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും ഇതിനാവശ്യമായ ജീവനക്കാരുടെ തസ്തിക സൃഷ്ടിക്കാനും നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്രയും വേഗം പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തുടങ്ങുവാനും ഇതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആലപ്പുഴ മെഡിക്കല്‍ കോളേജിനെ രോഗീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായുള്ള ഒ.പി. നവീകരണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാനും, ട്രോമകെയര്‍ സംവിധാനം, അമ്മയും കുഞ്ഞും ആശുപത്രി, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഗ്യാലറി മാതൃകയിലുളള ലക്ചറര്‍ ഹാള്‍, പി.ജി. വിദ്യാര്‍ത്ഥികളുടെ ക്വാട്ടേഴ്സ്, ദന്തല്‍ കോളേജ് എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതോടൊപ്പം ഒഴിവുള്ള തസ്തികളില്‍ നിയമനം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

ഒ.പി.യില്‍ എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം ഒ.പി. നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പ, ആശുപത്രി സൂപ്രണ്ട് ഡോ. രാംലാല്‍, ആലപ്പുഴ ഡി.എം.ഒ. ഡോ. വസന്തദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button