സോള്‍: കള്ളനോട്ടാണെന്നു തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം സാങ്കേതികതയുടെ സഹായത്താല്‍ തയാറാക്കുന്ന നോട്ടുകളുമായി നോര്‍ത്ത് കൊറിയ. രാജ്യാന്തര തലത്തില്‍ സാമ്പത്തിക ഉപരോധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് സൂപ്പര്‍ നോട്ടുകളുമായി നോര്‍ത്ത് കൊറിയ ഇറങ്ങിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് കൊറിയയിലെ കെ ഇ ബി ഹനാ ബാങ്കാണ് 100 ഡോളറിന്റെ സൂപ്പര്‍ നോട്ട് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തത്. സമാനമായ എത്ര സൂപ്പര്‍ നോട്ടുകള്‍ ഇറങ്ങിയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് സൗത്ത് കൊറിയയുടെ പ്രതികരണം.
മികച്ച സാങ്കേതിക വിദ്യയുടെ സഹായത്താല്‍ തയ്യാറാക്കുന്ന ഇത്തരം കള്ള നോട്ടുകള്‍ പിടിക്കപ്പെടാനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. അച്ചടിക്ക് ഉപയോഗിക്കുന്ന മഷിയുടെ നിലവാരവും, അച്ചടിയ്ക്ക് ഉപയോഗിക്കുന്ന സാങ്കേതിക മികവുമാണ് ഇത്തരം കള്ള നോട്ടുകളെ സൂപ്പര്‍ നോട്ടുകളാക്കുന്നത്. ഇതിന് മുമ്പ് കണ്ടെത്തിയ കള്ള നോട്ടുകള്‍ 2001-2003 കാലയളവില്‍ നിര്‍മിച്ചതാണെന്നും എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ നോട്ടുകള്‍ 2006ല്‍ അച്ചടിച്ചതാണെന്നാണ് വാദം. സൂപ്പര്‍ നോട്ടുകള്‍ അച്ചടിയ്ക്കാന്‍ കൂടുതല്‍ ചെലവ് വരുമെന്നും സാധാരണ കള്ളനോട്ടടിക്കുന്നവര്‍ ഇത്രയധികം തുക കള്ള നോട്ടുകള്‍ക്കായി ചെലവാക്കാന്‍ തയ്യാറാകാറില്ലെന്നുമാണ് ദക്ഷിണ കൊറിയ വാദിക്കുന്നത്.
യഥാര്‍ഥ നോട്ടു തയാറാക്കാനുള്ള പ്രിന്റിങ് രീതികളും മഷി പോലും അതേപടിയാണ് വ്യാജനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം നോട്ടുകള്‍ അച്ചടിയ്ക്കണമെങ്കില്‍ 10 കോടി ഡോളര്‍ (ഏകദേശം 650 കോടി രൂപ) ചെലവിലെങ്കിലും തയാറാക്കിയ പ്രസും മറ്റു സൗകര്യങ്ങളും വേണ്ടി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാല്‍ ഇത്രയും തുക മുടക്കി നിലവില്‍ ഒരു ക്രിമിനല്‍ സംഘവും കള്ളനോട്ട് അച്ചടിക്കാന്‍ മുന്നോട്ടുവരില്ലെന്നതും ഉത്തര കൊറിയയെ സംശയത്തിന്റെ നിഴലിലാക്കുന്നത്.
രാജ്യത്തിന്റെ തന്നെ പിന്തുണയോടെ മാത്രമേ ഇത്തരം അച്ചടി സൗകര്യങ്ങള്‍ ലഭിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേറെയുള്ള സൂപ്പര്‍ നോട്ടുകളുമായി നേരത്തേ പലയിടത്തും ഉത്തരകൊറിയന്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ പിടിയിലായിട്ടുണ്ട്. ഈ കള്ളനോട്ടുകളുമായുള്ള സാമ്യമാണ് ഇപ്പോള്‍ സംശയം ഉത്തരകൊറിയയ്ക്കു നേരെ നീളാന്‍ കാരണമായിരിക്കുന്നത്.
Post Your Comments