ന്യൂഡല്‍ഹി: വിവരങ്ങള്‍ കൈമാറുന്നതിലൂടെ മയക്കുമരുന്നും മറ്റ് ലഹരിപദാര്‍ഥങ്ങളും പിടികൂടാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രതിഫലം നല്‍കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ മന്ത്രാലയം പുറത്തിറക്കി. പിടികൂടാന്‍ സഹായിക്കുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരിപദാര്‍ഥത്തിന്റെയും അളവിന് അനുസരിച്ചാണ് പ്രതിഫലം ലഭിക്കുക.
240 രൂപ മുതല്‍ 2.40 ലക്ഷം രൂപ വരെയാണ് പ്രതിഫലം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ഐ എ എന്‍ എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പിടികൂടാന്‍ സഹായിച്ചാല്‍ പ്രതിഫലം ലഭിക്കുന്ന മയക്കുമരുന്നിന്റെയും മറ്റ് ലഹരിപദാര്‍ഥങ്ങളുടെയും പേരുകളും പട്ടികയായി പുറത്തിറക്കിയിട്ടുണ്ട്.
ഒരു കിലോ ഹെറോയിന്‍ കണ്ടുപിടിക്കാന്‍ സഹായിച്ചാല്‍ 1.20 ലക്ഷം രൂപയാണ് പ്രതിഫലം. ഒരു കിലോ ആംഫെറ്റമൈന്‍, മോര്‍ഫിന്‍ എന്നിവ പിടികൂടാന്‍ സഹായിച്ചാല്‍ 20000 രൂപയും ഒരു കിലോ ഹാഷിഷ് ഓയിലിന് 10000, ഒരു കിലോ കറുപ്പിന് 6000, ഒരു കിലോ ഹാഷിഷിന് 2000, ഒരു കിലോ കഞ്ചാവിന് 600, പോപ്പി സ്‌ട്രോ ഒരു കിലോയ്ക്ക് 240 രൂപ എന്നിങ്ങനെയാണ് പ്രതിഫലം ലഭിക്കുക.
വിവരം കൈമാറുന്നതിലൂടെ ലഹരി-മയക്കുമരുന്നു വസ്തുക്കള്‍ പിടികൂടുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്. ഒരു തവണ ഇത് അമ്പതിനായിരവും സര്‍വീസ് കാലയളവില്‍ ആകെ പ്രതിഫലമായി സ്വീകരിക്കാന്‍ സാധിക്കുന്നത് 20ലക്ഷം രൂപയുമാണ്. കൃത്യത, ഉല്‍പ്പെട്ടിരിക്കുന്ന അപകടസാധ്യത, വിവരം നല്‍കിയ വ്യക്തി നല്‍കിയ സഹായത്തിന്റെ രീതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം നല്‍കുക.
Post Your Comments