Latest NewsNewsGulf

വിദേശത്ത് കദനവഴിയിലൂടെ കടന്നു പോയ മലയാളി വനിതയെ നവയുഗം സാംസ്‌കാരികവേദി നാട്ടില്‍ എത്തിച്ചു

അല്‍ ഹസ്സ: ആയുര്‍വേദ ചികിത്സകയായി ജോലി വാഗ്ദാനം ചെയ്ത് നാട്ടില്‍ നിന്നും കൊണ്ടുവന്ന്, വീട്ടുജോലിക്കാരിയാക്കിയത് മൂലം ഏറെ ദുരിതങ്ങള്‍ സഹിയ്‌ക്കേണ്ടി വന്ന മലയാളി വനിത, നവയുഗം സാംസ്‌കാരികവേദി അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മൂവാറ്റുപുഴ വാളകം സ്വദേശിനിയായ ഹീര ജോസിനാണ്, ഏജന്റിന്റെ ചതി മൂലം പ്രവാസലോകത്ത് ദുരിതങ്ങള്‍ അനുഭവിയ്‌ക്കേണ്ടി വന്നത്. പത്തു മാസങ്ങള്‍ക്കു മുന്‍പാണ് ഹീര സൗദി അറേബ്യയില്‍ ജോലിയ്ക്കായി എത്തിയത്. ദമ്മാമിലെ താമസക്കാരനായ ഒരു ഏജന്റിന്റെ ചതിയാണ് എല്ലാത്തിനും തുടക്കമായത്. കേരളത്തില്‍ എത്തിയ ഏജന്റ് ഒരു വലിയ ധനിക കുടുംബത്തില്‍ രോഗികളായ വൃദ്ധരെ ചികിത്സിയ്ക്കാന്‍ ആയുര്‍വേദചികിത്സകയെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇവരെ സമീപിച്ചത്. പാരമ്പര്യേതര ആയുര്‍വേദ ചികിത്സകയായ ഹീര, ഏജന്റിന്റെ മധുരമനോജ്ഞ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച്, ഒരു ലക്ഷത്തിലധികം രൂപ സര്‍വീസ് ചാര്‍ജ്ജ് ആയി നല്‍കിയാണ് ജോലിവാഗ്ദാനം സ്വീകരിച്ചത്. തുടര്‍ന്ന് സൗദിയില്‍ ദമ്മാം എയര്‍പോര്‍ട്ടില്‍ എത്തിയ ഹീരയെ സ്‌പോണ്‍സര്‍ വന്ന് അല്‍ഹസ്സയിലെ സല്‍മാനിയ എന്ന സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു.

ഒരു വലിയ വീട്ടില്‍ വീട്ടുജോലിക്കാരിയായിയാണ് തന്നെ കൊണ്ടുവന്നിരിയ്ക്കുന്നത് എന്ന് അവിടെ എത്തിയപ്പോഴാണ് ഹീരയ്ക്ക് മനസ്സിലായത്. വീട്ടുജോലി ചെയ്യാന്‍ തയ്യാറില്ല എന്ന നിലപാട് അവര്‍ എടുത്തപ്പോള്‍, ആ വീട്ടുകാര്‍ വഴക്കും, ശകാരവും, ശാരീരിക മര്‍ദ്ദനങ്ങളും തുടങ്ങി. ഗത്യന്തരമില്ലാതെ അവിടെ അവര്‍ വീട്ടുജോലി ചെയ്യാന്‍ തുടങ്ങി.

വീട്ടുജോലിയില്‍ പരിചയമില്ലാത്ത ഹീരയ്ക്ക് അവിടത്തെ ജീവിതം അസഹനീയമായി മാറി. ഏറെ നാളുകള്‍ക്ക് ശേഷമാണ് വീട്ടുകാരെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞത്. വിവരം അറിഞ്ഞ വീട്ടുകാര്‍ ഇന്ത്യന്‍ എംബസ്സിയ്ക്കും വിവിധഅധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ നാട്ടിലുള്ള ഒരു ബന്ധു നവയുഗം കേന്ദ്രജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. ഹീര ഉള്ള സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ച ഷാജി മതിലകം,ഈ കേസ് നവയുഗം അല്‍ഹസ്സ മേഖല ജീവകാരുണ്യവിഭാഗത്തെ ഏല്‍പ്പിച്ചു.

നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഹുസ്സൈന്‍ കുന്നിക്കോട്, അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ ഹീരയുടെ സ്പോണ്‍സറെ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് അവര്‍ സാമൂഹ്യപ്രവര്‍ത്തകന്‍ മണി മാര്‍ത്താണ്ഡത്തോടൊപ്പം സ്പോണ്‍സറുടെ വീട്ടില്‍പോയിക്കണ്ട് സംസാരിച്ചു. സ്‌പോണ്‍സര്‍ വഴങ്ങാതായപ്പോള്‍, മണി മാര്‍ത്താണ്ഡം സൗദി തൊഴില്‍വിഭാഗത്തിലെ ഉന്നതഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ അറിയിച്ചിട്ട്, അദ്ദേഹത്തെക്കൊണ്ട് സ്‌പോണ്‍സറോട് സംസാരിച്ചു. ഗദ്ദാമ വിസയിലല്ലാതെ കൊണ്ടുവന്ന ഒരു വനിതയെ ജോലിയ്ക്കു നിര്‍ത്തിയാല്‍ ഉണ്ടാകുന്ന നിയമനടപടികളെക്കുറിച്ചു ആ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് കൊടുത്തപ്പോള്‍ ഭയന്ന് പോയ സ്‌പോണ്‍സര്‍, അപ്പോള്‍ തന്നെ ഹീരയുടെ ഇക്കാമയും, പാസ്പോര്‍ട്ടും മണി മാര്‍ത്താണ്ഡത്തെ ഏല്‍പ്പിച്ചു.

തുടര്‍ന്ന് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ ഹീരയുടെ ഫൈനല്‍ എക്‌സിറ്റിനുള്ള നടപടികള്‍ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി. മണി മാര്‍ത്താണ്ഡം തന്നെ ഹീരയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. പത്തുമാസത്തെ ദുരിതങ്ങളോട് വിട പറഞ്ഞ്, സഹായിച്ചവരോട് നന്ദി പറഞ്ഞു ഹീര നാട്ടിലേയ്ക്ക് മടങ്ങി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button