വിയന്ന : പരമ്പരാഗത ആയുധങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും കയറ്റുമതി ഇടപാടുകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര സമിതിയായ വാസെനാര്‍ കൂട്ടായ്മയില്‍ (വാസെനാര്‍ അറേഞ്ച്‌മെന്റ്) ചൈനയ്ക്കു മുന്‍പേ ഇന്ത്യയ്ക്ക് അംഗത്വം. 42-ാമത് അംഗമായാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്.
ആണവദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) ചേരാനുള്ള ഇന്ത്യയുടെ ശ്രമത്തിനു കരുത്തു പകരുന്നതാണിത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചിട്ടില്ലാത്തിനാല്‍ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം എതിര്‍ക്കുന്ന ചൈനയ്ക്ക് ഇതേവരെ വാസെനാര്‍ അംഗത്വം ലഭിച്ചിട്ടില്ല.
പരമ്പരാഗത, ജൈവ, ആണവ, രാസായുധങ്ങളുടെ കയറ്റുമതി ഇടപാടുകള്‍ നിയന്ത്രിക്കുന്ന നിര്‍ണായക രാജ്യാന്തര സമിതികളായ എന്‍എസ്ജി, എംടിസിആര്‍, ദി ഓസ്‌ട്രേലിയ, വാസെനാര്‍ കൂട്ടായ്മ എന്നിവയിലെ അംഗത്വത്തിനായി ഇന്ത്യ ശ്രമിച്ചുവരികയാണ്.
ഇതിലുള്‍പ്പെട്ട രണ്ടു സമിതികളിലാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചിരിക്കുന്നത് . കഴിഞ്ഞ ജൂണില്‍ മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനമായ എംടിസിആര്‍ (മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെഷിം) അംഗത്വം ഇന്ത്യയ്ക്കു ലഭിച്ചിരുന്നു.
നിര്‍ണായക സൈനിക സാങ്കേതിക വിദ്യകള്‍ ലഭ്യമാകുമെന്നതാണു പ്രധാന നേട്ടം. ഭീകരര്‍ക്ക് ആയുധങ്ങള്‍ ലഭിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ അംഗരാജ്യങ്ങള്‍ ബാധ്യസ്ഥമാണ്.
കഴിഞ്ഞദിവസം ചേര്‍ന്ന പ്ലീനറി സമ്മേളനത്തിലാണ് അംഗത്വ അപേക്ഷ പരിഗണിച്ചത്. യുഎസ്, റഷ്യ, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയ്ക്കു പൂര്‍ണ അംഗത്വം ലഭിക്കും.
ഹൈ ടെക് ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളും പ്രതിരോധ, ബഹിരാകാശ മേഖലകള്‍ക്കു ലഭിക്കാന്‍ സഹായകരമാണു വാസെനാര്‍ അംഗത്വമെന്ന് ഇന്ത്യന്‍ വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
Post Your Comments