Latest NewsNewsInternational

ജോർജ്ജ് രാജകുമാരന്റെ വിവരങ്ങൾ ഐ എസിനു ചോർത്തിക്കൊടുത്ത ആൾ പിടിയിൽ: പുറത്ത് വന്നത് മറ്റ് ഭീകരാക്രമണങ്ങളുടെ വിവരങ്ങളും

ലണ്ടന്‍: ബ്രിട്ടഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശിയായ ജോർജ് രാജകുമാരന്റെ വിവരങ്ങൾ ഐ എസിനു ചോർത്തിക്കൊടുത്ത ആൾ പിടിയിൽ. ഹുസ്നൈന്‍ റാഷിദ് എന്ന 31കാരനാണ് നാലുവയസ്സുകാരനായ പ്രിന്‍സ് ജോര്‍ജിന്റെ വിവരങ്ങള്‍ ടെലിഗ്രാം വഴി ഐ എസിനു കൈമാറിയത്. വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡ്ല്‍ടണിന്റെയും മകനായ ജോര്‍ജിന്റെ ചിത്രവും ലണ്ടനിലെ കുട്ടിയുടെ സ്കൂള്‍ വിലാസവുമാണ് റാഷിദ് രഹസ്യകേന്ദ്രത്തിലേക്ക് അയച്ചത്.

ഇയാൾക്കെതിരെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഭീകവാദ കുറ്റം ചുമത്തി. ഐഎസില്‍ ചേരുന്നതിനു വേണ്ടി ഇയാള്‍ സിറിയയിലേക്കു കടക്കാനൊരുങ്ങും മുന്‍പാണു പിടിയിലായതെന്നും റിപ്പോര്‍ട്ടുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 22നാണ് ലങ്കാഷയറില്‍ വച്ച്‌ റാഷിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്.ഭീകരര്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് റാഷിദെന്ന് അന്വേഷണവിഭാഗം പറയുന്നു.

ആക്രമണത്തിനു മുന്നോടിയായി ഭീകരര്‍ക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളുടെയും വിവരങ്ങള്‍ ഇയാൾ ഇങ്ങനെ ചോർത്തിക്കൊടുത്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. യുകെയിലെ എല്ലാ സ്റ്റേഡിയങ്ങളുടെയും വിവരങ്ങളും റാഷിദ് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. റാഷിദിനെ ഡിസംബര്‍ 20 വരെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

shortlink

Post Your Comments


Back to top button